Enter your Email Address to subscribe to our newsletters

Ernakulam , 10 ഏപ്രില് (H.S.)
കശുവണ്ടി അഴിമതി കേസിൽ കോടതിയലക്ഷ്യക്കുറ്റം നിലനില്ക്കുമെന്ന് ഹൈക്കോടതി. കശുവണ്ടി അഴിമതി കേസിൽ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിൽ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ് നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സർക്കാർ ഉത്തരവ് റദ്ദാക്കിയാണ് സിംഗിള് ബെഞ്ച് നടപടി.
ഐഎന്ടിയുസി നേതാവ് കടകംപള്ളി മനോജ് നല്കിയ കോടതിയലക്ഷ്യ ഹര്ജിയിലാണ് ഹൈക്കോടതി ഇടപെടൽ. ഐഎന്ടിയുസി നേതാവ് ആര് ചന്ദ്രശേഖരനും കോര്പ്പറേഷന് എംഡി കെഎ രതീഷുമാണ് കശുവണ്ടി അഴിമതിക്കേസിലെ പ്രതികൾ. വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതില് 500 കോടി രൂപയുടെ അഴിമതി നടത്തിയതാണ് കേസ്. കശുവണ്ടി വികസന കോര്പറേഷനില് 2006 മുതല് 2015 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഈ കേസില് സിബിഐ സമര്പ്പിച്ച കുറ്റപത്രത്തിലെ പ്രതികളെ വിചാരണ ചെയ്യാന് പ്രോസിക്യൂഷന് അനുമതി സർക്കാർ പലതവണ നിഷേധിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകാൻ വിസമ്മതിച്ചു. അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ഉത്തരവിൽ രേഖപ്പെടുത്തേണ്ടതായിവരുമെന്നും നേരത്തെ ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. നിയമത്തെ അംഗീകരിക്കുന്ന നിലപാടാണ് സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും സിബിഐ കുറ്റകാരെന്ന് കണ്ടെത്തിയിട്ടും സർക്കാരിന് മാത്രം ബോധ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.
ചട്ടങ്ങള് ലംഘിച്ചുള്ള ഇറക്കുമതി: സ്റ്റോര് പര്ച്ചേസ് മാനുവല് ഉള്പ്പെടെയുള്ള സര്ക്കാര് മാനദണ്ഡങ്ങള് പാലിക്കാതെ ടാന്സാനിയ ഉള്പ്പെടെയുള്ള വിദേശ രാജ്യങ്ങളില് നിന്ന് ഗുണനിലവാരമില്ലാത്ത കശുവണ്ടി ഇറക്കുമതി ചെയ്തു. അന്താരാഷ്ട്ര വിപണിയിലെ അന്നത്തെ നിരക്കിനേക്കാള് ഉയര്ന്ന വിലയ്ക്ക് കശുവണ്ടി വാങ്ങിയത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി.
ടെന്ഡര് അട്ടിമറി: ടെന്ഡര് നടപടികളില് സുതാര്യത കുറവാണെന്നും സ്വകാര്യ ഏജന്സികളുമായി ഗൂഢാലോചന നടത്തി വഴിവിട്ട ലാഭം അവര്ക്ക് ഉറപ്പാക്കിയെന്നും സിബിഐ കണ്ടെത്തി. സിബിഐ കുറ്റപത്രം സമര്പ്പിച്ചെങ്കിലും പ്രതികളെ വിചാരണ ചെയ്യാന് സര്ക്കാര് മൂന്ന് തവണ അനുമതി നിഷേധിക്കുകയായിരുന്നു. പ്രതികള് അഴിമതി നടത്തിയതിന് വ്യക്തമായ തെളിവുകളില്ലെന്നും മുന് സര്ക്കാര് ഉത്തരവുകള് യുക്തിസഹമായി നടപ്പാക്കുക മാത്രമാണ് പ്രതികൾ ചെയ്തതെന്നുമായിരുന്നു വ്യവസായ വകുപ്പിൻ്റെ നിലപാട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR