Enter your Email Address to subscribe to our newsletters

Karnataka , 10 ഏപ്രില് (H.S.)
കർണാടകയിലെ ചിക്കമംഗളൂരുവില് വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നല്കി.
രാത്രി വൈകിയാലും നടപടികള് പൂർത്തിയാക്കി മൃതദേഹം വിട്ടുനല്കാൻ ചിക്കമംഗളൂരു ജില്ലാ ആശുപത്രിയിലെ ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നല്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം കഴിഞ്ഞാലുടൻ മൃതദേഹം രാത്രിയോടെ തന്നെ പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം.
അന്വേഷണം ഊർജ്ജിതം
മരണത്തില് ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ ആരോപണം തള്ളിക്കളയില്ലെന്നും എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി. നിലവില് ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തില് ഫോറൻസിക് സംഘം മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വിശദമായ പരിശോധന നടത്തിവരികയാണ്. കുട്ടി എങ്ങനെയാണ് അത്രയും താഴ്ചയുള്ള കൊക്കയിലേക്ക് വീണതെന്ന കാര്യത്തില് വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
കുടുംബത്തിന്റെ പരാതി
മകളെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം മാതാപിതാക്കള് ചിക്കമംഗളൂരു നോർത്ത് പോലീസിനോട് നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 5.20 വരെ കൂടെയുണ്ടായിരുന്ന പെണ്കുട്ടിയെ പെട്ടെന്നാണ് കാണാതായത്. പാലക്കാട് നിന്നുള്ള 40 അംഗ സംഘത്തിനൊപ്പമാണ് ശ്രീനന്ദ ഇവിടെയെത്തിയത്. ആ സമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് സന്ദർശകരെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങള് പോലീസ് പരിശോധിക്കുന്നുണ്ട്.
നാല് ദിവസത്തെ വിപുലമായ തിരച്ചിലിനൊടുവില് മാണിക്യധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപം 1500 അടി താഴ്ചയില് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തെർമല് ഡ്രോണുകള് ഉപയോഗിച്ചുള്ള തിരച്ചിലിലാണ് മൃതദേഹത്തിന്റെ ദൃശ്യം ആദ്യം പതിഞ്ഞത്. 100 പേരടങ്ങുന്ന പോലീസ്-റെസ്ക്യൂ സംഘമാണ് താഴ്വരയില് നിന്ന് മുകളിലേക്ക് നടത്തിയ തിരച്ചിലില് മൃതദേഹം വീണ്ടെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണകാരണത്തെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് പുറത്തുവരും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR