ഇസ്രായേൽ 'അർബുദം'; പാക് മന്ത്രിയുടെ വിവാദ പരാമർശത്തിൽ തിരിച്ചടിച്ച് നെതന്യാഹു; സമാധാന ചർച്ചകൾക്ക് തിരിച്ചടിയെന്ന് വിമർശനം
Tel aviv, 10 ഏപ്രില് (H.S.) ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാൻ ഒരുങ്ങുന്നതിനിടെ, ഇസ്രായേലിനെതിരെ രൂക്ഷമായ ഭാഷയിൽ വിവാദ പരാമർശവുമായി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഇസ്രായേലിനെ
ഇസ്രായേൽ 'അർബുദം'; പാക് മന്ത്രിയുടെ വിവാദ പരാമർശത്തിൽ തിരിച്ചടിച്ച് നെതന്യാഹു; സമാധാന ചർച്ചകൾക്ക് തിരിച്ചടിയെന്ന് വിമർശനം


Tel aviv, 10 ഏപ്രില് (H.S.)

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാൻ ഒരുങ്ങുന്നതിനിടെ, ഇസ്രായേലിനെതിരെ രൂക്ഷമായ ഭാഷയിൽ വിവാദ പരാമർശവുമായി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഇസ്രായേലിനെ തിന്മ എന്നും മനുഷ്യരാശിയുടെ ശാപം എന്നും വിശേഷിപ്പിച്ച അദ്ദേഹം, ഇസ്രായേൽ ഒരു അർബുദ രാഷ്ട്രമാണെന്നും (Cancerous State) സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ (X) ആഞ്ഞടിച്ചു. പാക് മന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി.

വിവാദ പരാമർശം ഇങ്ങനെ

ഇസ്ലാമാബാദിൽ യുഎസ്-ഇറാൻ പ്രതിനിധികൾ തമ്മിലുള്ള ചർച്ചകൾ നടക്കാനിരിക്കെയാണ് ഖവാജ ആസിഫിന്റെ വിവാദ പോസ്റ്റ് വന്നത്. ഇസ്രായേൽ തിന്മയാണ്, മനുഷ്യരാശിക്ക് തന്നെ അതൊരു ശാപമാണ്. സമാധാന ചർച്ചകൾ ഇസ്ലാമാബാദിൽ നടക്കുമ്പോഴും ലബനനിൽ വംശഹത്യ തുടരുകയാണ്. ഇസ്രായേൽ നിരപരാധികളെ കൊന്നൊടുക്കുന്നു—ആദ്യം ഗാസയിൽ, പിന്നീട് ഇറാനിൽ, ഇപ്പോൾ ലബനനിൽ. യൂറോപ്യൻ ജൂതന്മാരെ ഒഴിവാക്കാൻ ഫലസ്തീൻ മണ്ണിൽ ഈ അർബുദ രാഷ്ട്രം നിർമ്മിച്ചവർ നരകത്തിൽ കത്തട്ടെ

എന്നായിരുന്നു മന്ത്രിയുടെ കുറിപ്പ്.

നെതന്യാഹുവിന്റെ തിരിച്ചടി

മന്ത്രിയുടെ പരാമർശം അങ്ങേയറ്റം പ്രകോപനപരമാണെന്നും ഒരു രാജ്യത്തിന്റേയും സർക്കാരിൽ നിന്ന് ഇത്തരം വാക്കുകൾ അംഗീകരിക്കാനാവില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണ്. ഒരു നിഷ്പക്ഷ മധ്യസ്ഥനായി സ്വയം അവകാശപ്പെടുന്ന ഒരു രാജ്യത്ത് നിന്ന് ഇത്തരം ഭാഷ വരുന്നത് അംഗീകരിക്കാനാവില്ല. ഇസ്രായേലിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതും വംശഹത്യയെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഈ വാക്കുകൾ, നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാറും പാകിസ്ഥാനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. സമാധാനത്തിന്റെ മധ്യസ്ഥൻ ചമയുന്നവർ ജൂതവിരുദ്ധത പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മധ്യസ്ഥ റോൾ പ്രതിസന്ധിയിൽ

അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ട് ആഴ്ചത്തെ വെടിനിർത്തലിന് കളമൊരുക്കിയതിൽ പാകിസ്ഥാന് വലിയ പങ്കുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായുള്ള ചർച്ചകൾ ഇസ്ലാമാബാദിൽ നടക്കാനിരിക്കെയാണ് മന്ത്രിയുടെ ഈ പ്രസ്താവന വന്നത്. വിവാദം കനത്തതോടെ ഖവാജ ആസിഫ് തന്റെ പോസ്റ്റ് എക്സിൽ നിന്നും നീക്കം ചെയ്തെങ്കിലും, ഇത് പാകിസ്ഥാന്റെ നിഷ്പക്ഷതയെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്. സമാധാന ചർച്ചകൾക്കായി ഇറാനിയൻ പ്രതിനിധി സംഘം പാകിസ്ഥാനിൽ എത്തുന്ന സമയത്ത് തന്നെ ഇത്തരമൊരു നയതന്ത്ര ഉരസൽ ഉണ്ടായത് നയതന്ത്ര ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.

നിലവിൽ ലബനനിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങളും സാധാരണക്കാരുടെ മരണവും അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. എന്നാൽ ഒരു മധ്യസ്ഥ രാജ്യത്തിന്റെ മന്ത്രി തന്നെ പരസ്യമായി ഇസ്രായേലിന്റെ അന്ത്യം ആഗ്രഹിക്കുന്ന തരത്തിൽ സംസാരിച്ചത് വരും ദിവസങ്ങളിൽ പാകിസ്ഥാന് വലിയ നയതന്ത്ര വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

---------------

Hindusthan Samachar / Roshith K


Latest News