ഷോൺ ജോർജിന് മറുപടിയുമായി ഹൈബി ഈഡൻ
Kochi , 11 ഏപ്രില് (H.S.) ബിജെപിയെ കണ്ട് വിരട്ടലും വിലപേശലും ഒന്നും നടത്തേണ്ടെന്നും ബിജെപിയിൽ നിന്ന് വല്ലതും കിട്ടുമെങ്കിൽ വാങ്ങിയെടുത്താൽ മതിയെന്നും പി സി ജോർജിനും ഷോൺ ജോർജിനും കെപിസിസി വൈസ് പ്രസിഡന്റ് ഹൈബി ഈഡന്റെ മറുപടി. ക്രൈസ്തവരെയും മുസ്ലിങ്
ഹൈബി ഈഡൻ


Kochi , 11 ഏപ്രില് (H.S.)

ബിജെപിയെ കണ്ട് വിരട്ടലും വിലപേശലും ഒന്നും നടത്തേണ്ടെന്നും ബിജെപിയിൽ നിന്ന് വല്ലതും കിട്ടുമെങ്കിൽ വാങ്ങിയെടുത്താൽ മതിയെന്നും പി സി ജോർജിനും ഷോൺ ജോർജിനും കെപിസിസി വൈസ് പ്രസിഡന്റ് ഹൈബി ഈഡന്റെ മറുപടി. ക്രൈസ്തവരെയും മുസ്ലിങ്ങളെയും തമ്മിൽ തല്ലിക്കാനുള്ള ബിജെപിയുടെ ക്വട്ടേഷൻ ഏറ്റെടുത്തവരാണ് പിസിയും ഷോൺ ജോർജുമെന്ന് ഹൈബി ഈഡൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പരാജയ ഭീതിയിൽ വിറളി പൂണ്ടാണ് കത്തോലിക്കാ സഭയ്ക്കും മെത്രാന്മാർക്കുമെതിരെ ഇരുവരും നിരന്തരം അധിക്ഷേപം ചൊരിയുന്നത്. ബിജെപി ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടും ഇത് തന്നെയാണോയെന്ന് അറിയാൻ താല്പര്യമുണ്ടെന്നും ഹൈബി പറഞ്ഞു.

എഫ്സിആർ എ ഭേദഗതി ബില്ലിനെതിരെ അതിശക്തമായ പ്രതിഷേധമാണ് സഭയ്ക്ക് അകത്തും പുറത്തും കോൺഗ്രസ് നടത്തിയത്. ബിൽ മാറ്റി വെയ്ക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ബിജെപി സർക്കാർ രാജ്യത്ത് ന്യൂനപക്ഷ വേട്ട തുടരുകയാണ്. ക്രൈസ്തവർക്ക് കേരളത്തിൽ ജീവിക്കാൻ രാജീവ് ചന്ദ്രശേഖറിന്റെയോ ബിജെപിയുടെയോ ഔദാര്യം ആവശ്യമില്ല.

ക്രൈസതവ സ്ഥാപനങ്ങളെയും മാധ്യമസ്ഥാപനങ്ങളെയും ആക്രമിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ സംരക്ഷണം കൊടുക്കും, ഹൈബി പറഞ്ഞു. കേരളത്തിൽ ഒരു സീറ്റ് പോലും ഇല്ലാത്ത പാർട്ടി ദേശീയതലത്തിലെ അധികാരത്തിന്റെ ഹുങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. മുസ്ലിം - ക്രൈസ്തവ വിഭജനവും വർഗീയതയും ആളിക്കത്തിക്കാൻ ശ്രമിക്കുന്നവരാണ് പി സിയും ഷോൺ ജോർജ്ജുമെന്നും ഹൈബി ഈഡൻ ആരോപിച്ചു.

ഷോൺ ജോർജ് കുറെ നാളായി ക്രൈസ്തവ സഭകളെ പറ്റിക്കുകയാണ്. ഡൽഹിയിൽ അമിത് ഷായുടെയും മോദിയുടെയും വിരുന്നിൽ ഏതാനും മതമേലധ്യക്ഷന്മാരെ എത്തിച്ചിട്ട് അതിന്റെ ആനുകൂല്യം പറ്റുകയാണ് ഷോൺ ചെയ്യുന്നത്. മുനമ്പം വിഷയത്തിലും ക്രൈസ്തവരെ കബളിപ്പിച്ചു. നന്ദി മോദി എന്ന് പറഞ്ഞ് ബിജെപിയെ സുഖിപ്പിക്കുകയും ക്രൈസ്തവരെ കബളിപ്പിക്കുകയുമാണ് ഷോൺ അടക്കമുള്ളവർ ചെയ്തത്. ബിജെപിയുടെ കരുണയിൽ ജീവിക്കേണ്ടവരാണ് ക്രൈസ്തവരെന്ന ധാരണ പരത്താനുളള ശ്രമം കയ്യിൽ വച്ചാൽ മതി. എഫ് സി ആർ എ ദേദഗതി ബിൽ പിൻവലിക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News