പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് പൊലീസിൻ്റെ പിടിയില്
Kozhikode , 11 ഏപ്രില് (H.S.) പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് പൊലീസിൻ്റെ പിടിയില്. കഴിഞ്ഞ ഡിസംബർ 29ന് കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ മുംബൈയിൽ വച്ചാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. മാസങ
Drishya Murder Case


Kozhikode , 11 ഏപ്രില് (H.S.)

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് പൊലീസിൻ്റെ പിടിയില്. കഴിഞ്ഞ ഡിസംബർ 29ന് കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ മുംബൈയിൽ വച്ചാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. മാസങ്ങളായി പൊലീസിനെ കബളിപ്പിച്ച പ്രതിയെ പിടികൂടുന്നതിന് മുംബൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മെഡിക്കൽ കോളജ് പൊലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു.

അതിനിടയിലാണ് മുബൈ പൊലീസിൻ്റെ സഹായത്തോടെ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് വിനീഷിനെ പിടികൂടുന്നത്. പിടിയിലായ പ്രതിയെ നാളെ രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തിക്കും. 2021 ലാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ സ്വദേശിനിയായ ദൃശ്യയെ വിനീഷ് വീട്ടിൽ അതിക്രമിച്ച് കയറി കുത്തി കൊലപ്പെടുത്തിയത്

ആഴത്തിലുള്ള ഇരുപത്തിരണ്ട് മുറിവുകളാണ് ദൃശ്യയുടെ ശരീരത്തിൽ ഉണ്ടായിരുന്നതെന്ന് അന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. ഈ ക്രൂര കൊലപാതകത്തെ തുടർന്ന് പ്രതിയെ പൊലീസ് പിടികൂടി. തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. അതിനുശേഷം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ പിന്നീട് കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. 2022ൽ ഇവിടെ നിന്നും രക്ഷപ്പെട്ട് കർണാടകയിലേക്ക് കടന്ന വിനീഷിനെ അവിടെനിന്നും പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.

അതിനുശേഷമാണ് വീണ്ടും കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച വിനീഷ് ഡിസംബറിൽ സെല്ലിനകത്തെ ശുചിമുറിയുടെ ചുമർ തുരന്ന് രക്ഷപ്പെട്ടത്. ആദ്യതവണ രക്ഷപ്പെട്ടപ്പോൾ പ്രതിയെ കർണാടകയിൽ നിന്നും പിടികൂടിയ സാഹചര്യത്തിൽ വീണ്ടും പൊലീസ് കർണാടക കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. എന്നാൽ പ്രതിയെ കുറിച്ചുള്ള യാതൊരു തുമ്പും അവിടെ നിന്നും പൊലീസിന് ലഭ്യമായിരുന്നില്ല.

പ്രതിയെ പിടികൂടാൻ പറ്റാത്ത സാഹചര്യം വന്നതോടെ മെഡിക്കൽ കോളജ് പൊലീസിന് ഏറെ പഴി കേൾക്കേണ്ട അവസ്ഥയും വന്നു. ഒരുതവണ രക്ഷപ്പെട്ട പ്രതിയെ വീണ്ടും കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പാർപ്പിക്കുമ്പോൾ കർശന നിരീക്ഷണം ഏർപ്പെടുത്താതിരുന്നതാണ് ഇയാൾക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയതെന്ന ആരോപണമാണ് ഉയർന്നിരുന്നത്. എന്നാൽ നാല് ഭാഷകളിൽ മെഡിക്കൽ കോളജ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം മറ്റ്സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. അതിനിടയിലാണ് ഇപ്പോൾ മുംബൈയിൽ നിന്നും വിനീഷിനെ പിടികൂടിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News