Enter your Email Address to subscribe to our newsletters

Thiruvananthapuram , 11 ഏപ്രില് (H.S.)
പ്രായപൂർത്തിയായില്ലെന്ന് കാട്ടി പോക്സോ കേസെടുത്ത കുംഭമേള വൈറൽ താരവും ഭർത്താവ് ഫർമാൻ ഖാനും ഒളിവിലെന്ന് സൂചന. മുമ്പ് ഇവരെ ബന്ധപ്പെടാനായി മാധ്യമങ്ങൾക്ക് നൽകിയിരുന്ന നമ്പർ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. നലവിൽ ഭർത്താവും പെൺകുട്ടിയും കേരളത്തിൽ തന്നെയുണ്ടെന്ന വിവരങ്ങളാണ് പൊലീസിൽ നിന്നും ലഭിക്കുന്നത്.
ഇവർ തമ്മിൽ പ്രണിയിച്ച ശേഷമായിരുന്നു കേരളത്തിൽ വച്ച് വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന ആരോപണം ഉയർന്നുവെങ്കിലും പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് അനുസരിച്ച് പ്രായപൂർത്തിയായി എന്ന് തെളിയിക്കുകയായിരുന്നു. നിലവിൽ നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് (NCST) നടത്തിയ അന്വേഷണത്തിലാണ് വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ല എന്ന വിവരം പുറത്തുവന്നത്.
ഇതിനെത്തുടർന്ന് മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ മഹേശ്വർ പൊലീസ് സ്റ്റേഷനിൽ ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിന് പുറമേ ഇയാൾക്കെതിരെ പട്ടിക വർഗ പീഡന കുറ്റവും ചുമത്തുമെന്ന് കാട്ടി എസ് ടി കമ്മിഷൻ നിയമ ഉപദേശകൻ പ്രകാശ് ഉയ്ക്കെ ഫേസ്ബുക്ക് പോസ്റ്റിട്ടു. സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് പ്രകാശ് ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് കാർമികത്വം വഹിച്ച കേരളത്തിലെ സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ കൂട്ട് നിന്നവരും പ്രതികളാകുമെന്നും വിലയിരുത്തപ്പെടുന്നു.
കുട്ടിയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം പ്രണയവിവാഹമായാണ് സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടത്. എന്നാൽ പെൺകുട്ടിയുടെ പ്രായത്തെക്കുറിച്ച് പരാതി ഉയർന്നതോടെ എൻ സി എസ് ടി കേരളത്തിലും മധ്യപ്രദേശിലുമായി വിശദമായ അന്വേഷണം നടത്തി. കുട്ടി മധ്യപ്രദേശിലെ പാർധി ഗോത്ര വിഭാഗത്തിൽപ്പെട്ടതാണെന്നും മഹേശ്വർ ഹോസ്പിറ്റൽ റെക്കോർഡുകൾ പ്രകാരം 2009 ഡിസംബർ 30നാണ് ജനിച്ചതെന്നും കണ്ടെത്തി.
2026 മാർച്ച് 11ന് കേരളത്തിൽ വിവാഹം നടക്കുമ്പോൾ 16 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നും കണ്ടെത്തലുണ്ട്. ഈ സംഭവത്തിന് പിന്നിൽ ചില സംഘടനകൾക്കോ വ്യക്തികൾക്കോ പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാരോട് ഏപ്രിൽ 22ന് ഡൽഹിയിൽ ഹാജരാകാൻ നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് നിർദേശിച്ചു. ഓരോ മൂന്ന് ദിവസത്തിലും കേസിലെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വെട്ടിലായി സിപിഎം നേതാക്കൾ; പ്രതികരിക്കുന്നില്ലെന്ന് എ എ റഹീം
അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ നടന്ന ഇവരുടെ വിവാഹത്തിൽ മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്നിവരടക്കം പങ്കെടുത്ത് ആശിർവാദം അറിയിച്ചിരുന്നു. ഇതാണ് റിയൽ കേരള സ്റ്റോറിയെന്ന് നേതാക്കൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ പോക്സോ കേസെടുത്തതോടെ സിപിഎം നേതാക്കൾ വെട്ടിലായ അവസ്ഥയിലാണ്. നിലവിൽ ഇക്കാര്യത്തിൽ ഇനി ഒരു പ്രതികരണവും നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം തിരുവനന്തപുരം ആക്ടിങ് ജില്ലാ സെക്രട്ടറി എ എ റഹീം ഇടിവി ഭാരതിനോട് പറഞ്ഞു. പറയാനുള്ളതെല്ലാം അന്നുതന്നെ പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
പരാതിക്ക് പിന്നിൽ രാഷ്ട്രീയം : ബിനോയി വിശ്വം
കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹത്തിൽ പരാതിക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് സിപിഐ വ്യക്തമാക്കുന്നത്. ആധാർ കാർഡ് ഉൾപ്പെടെ പരിശോധിച്ചായിരുന്നു വിവാഹം നടത്തിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ഇരുവരുടെയും വിവാഹം റിയൽ സ്റ്റോറി തന്നെയെന്നും ബിനോയ് വിശ്വം പറഞ്ഞു. വിവാഹത്തിന് ഇരുവരുമെത്തുമ്പോൾ രേഖകൾ കാണിച്ചെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി അജിത്ത് വിശദീകരണം നൽകിയിരുന്നു. ക്ഷേത്രത്തിലേക്ക് എത്തുന്നതിന് മുമ്പ് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ വച്ചും വെരിഫിക്കേഷൻ നടത്തിയിരുന്നുവെന്നും തെളിവെടുപ്പിനായി ക്ഷേത്രത്തിലെത്തിയ ദേശീയ പിന്നോക്ക കമ്മിഷൻ കെ ഡിസ്ക് വഴിയാണ് രേഖകൾ എടുത്തതെന്നും അജിത്ത് പറഞ്ഞു.
പ്രതികരണവുമായി ബിജെപി നേതാക്കൾ
എന്തു കിട്ടിയാലും വിഴുങ്ങി മതേതരത്വം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുകയാണെന്നും അതിന് കിട്ടിയ തിരിച്ചടിയാണിതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. 16 വയസുള്ള കുട്ടിയെ കല്യാണം കഴിപ്പിക്കൽ ആണോ ഇവരുടെ പണി. ഇതൊരു ഗൂഢാലോചന ആയിരുന്നു. ഇന്ത്യൻ ശിക്ഷ നിയമം പ്രകാരം എം വി ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എന്നിവർ ജയിലിൽ കിടക്കാൻ തക്കവണ്ണം കുറ്റം ചെയ്തവരാണ്. 16 വയസുകാരി കുട്ടി മറ്റൊരു നാട്ടിൽ വന്നാൽ കല്യാണം കഴിപ്പിക്കൽ അല്ല ഉത്തരവാദിത്വം എന്ന് ബോധമില്ലേയെന്നും 16 വയസുകാരിയെ കല്യാണം കഴിപ്പിക്കാൻ ആര് അധികാരം കൊടുത്തുവെന്നും എസ് സുരേഷ് ചോദിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR