Enter your Email Address to subscribe to our newsletters

Thiruvananthapuram , 11 ഏപ്രില് (H.S.)
സംസ്ഥാനത്ത് സ്വര്ണ വിലയില് വീണ്ടും ഉയര്ച്ച. ഗ്രാമിന് 45 രൂപയാണ് ഇന്ന് ഉയര്ന്നത്. ഇതോടെ ഒരു ഗ്രാമിന് 14,010 രൂപയും ഒരു പവന് 1,12, 080 രൂപയുമായി. 22 കാരറ്റിനൊപ്പം 18, 14, 9 കാരറ്റുകളിലെ വിലയിലും മാറ്റങ്ങളുണ്ടായി. 18 കാരറ്റ് സ്വര്ണത്തിന്റെ വില ഗ്രാമിന് 40 രൂപയാണ് വര്ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 11,515 രൂപയും ഒരു പവന് 92,120 രൂപയുമായി വര്ധിച്ചു. അതേസമയം 30 രൂപ വര്ധിച്ച് 14 കാരറ്റിന്റെ ഒരു ഗ്രാമിന് 8965 രൂപയും പവന് 71720 രൂപയുമായി. 9 കാരറ്റിനാകട്ടെ ഗ്രാമിന് 15 രൂപയാണ് വര്ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 5780 രൂപയായും പവന് 46,240 രൂപയായും വര്ധിച്ചു.
സ്വര്ണ വിലയില് തുടരുന്ന ഏറ്റക്കുറച്ചിലുകള്ക്കൊപ്പം വെള്ളി വിലയിലും ചാഞ്ചാട്ടം തുടരുകയാണ്. ഒരു ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2600 രൂപയുമാണ് ഇന്നത്തെ വെള്ളിയുടെ നിരക്ക്.
മാസങ്ങളായി സ്വര്ണ വിലയില് വലിയ മാറ്റങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. നേരത്തെ ഓരോ ദിവസവും കുത്തനെയാണ് വില കൂടിക്കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ നേരത്തെ പവന് വില രണ്ട് ലക്ഷത്തോളം എത്തുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ അടക്കം അഭിപ്രായം. എന്നാല് പിന്നീട് വിലയില് കുറവുണ്ടായെങ്കിലും ഏറ്റക്കുറച്ചിലുകളാണ് കാണാനായത്. പശ്ചിമേഷ്യന് സംഘര്ഷം ആരംഭിച്ചതോടെ വില ഇനിയും കത്തിക്കയറുമെന്നായിരുന്നു വിലയിരുത്തല്. എന്നാല് സ്വര്ണ വിലയില് അത്തരമൊരു കുത്തിച്ചുച്ചാട്ടം ഉണ്ടായില്ല.
ആഭരണം വാങ്ങാന് നല്കേണ്ടത് വന് തുക:
നിലവില് ഒന്നേകാല് ലക്ഷത്തോളമാണ് ഒരു പവന്റെ വില. സ്വര്ണാഭരണത്തിന്റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും ഹോള് മാര്ക്ക് നിരക്കും കൂടി ചേരുമ്പോള് വലിയൊരു തുക നല്കേണ്ടിവരും. ഏറ്റവും കുറഞ്ഞ പണിക്കൂലിയാകട്ടെ അഞ്ച് ശതമാനം മുതലാണ്. ആഭരണങ്ങളുടെ ഡിസൈനും മോഡലും അനുസരിച്ച് പണിക്കൂലിയിലും മാറ്റങ്ങള് ഉണ്ടാകും.
വിലയേറ്റുന്ന ഘടകങ്ങള് ഏതെല്ലാം: രാജ്യാന്തര വിപണിയിലുണ്ടാകുന്ന വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്ണ വിലയിലും പ്രതിഫലിക്കുന്നത്. ഡോളര് ദുര്ബലമാകുന്നത് സ്വര്ണ നിരക്ക് ഉയരാന് കാരണമാകും. പണപ്പെരുപ്പം, ആഗോള സാമ്പത്തിക അനിശ്ചിതത്വം, വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്കിലെ മാറ്റങ്ങള് എന്നിവയെല്ലാം സ്വര്ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇത് മാത്രമല്ല അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും രാജ്യാന്തര തലത്തിൽ സ്വർണ വിലയിൽ പ്രതിഫലിക്കാറുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR