ദേശീയപാത 66; തിരുവനന്തപുരത്ത് ജൂണിന് മുൻപ് പ്രധാന ഭാഗങ്ങള് പൂര്ത്തിയാകും
Thiruvananthapuram , 11 ഏപ്രില് (H.S.) തിരുവനന്തപുരത്തെ ദേശീയപാത 66ൻ്റെ നിർമ്മാണപ്രവർത്തനങ്ങളില് പുരോഗതി. കഴക്കൂട്ടം മുതല് കടമ്പാട്ടുകോണം വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങള് കഴിഞ്ഞ ആറ് മാസമായി മന്ദഗതിയിലായിരുന്നുവെങ്കിലും നിലവില് നിർമ്മാണപ്രവർത്തനങ്ങ
National highway 66


Thiruvananthapuram , 11 ഏപ്രില് (H.S.)

തിരുവനന്തപുരത്തെ ദേശീയപാത 66ൻ്റെ നിർമ്മാണപ്രവർത്തനങ്ങളില് പുരോഗതി. കഴക്കൂട്ടം മുതല് കടമ്പാട്ടുകോണം വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങള് കഴിഞ്ഞ ആറ് മാസമായി മന്ദഗതിയിലായിരുന്നുവെങ്കിലും നിലവില് നിർമ്മാണപ്രവർത്തനങ്ങള് വേഗത്തില് പുരോഗമിക്കുകയാണ്.

മഴക്കാലത്തിന് മുമ്പ് പ്രധാന ഭാഗങ്ങള് പൂർത്തിയാക്കാനും വർഷാവസാനത്തോടെ മുഴുവൻ ജോലികളും തീർക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള് അധികൃതരെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

കഴക്കൂട്ടത്ത് നിന്ന് തുടങ്ങി ആറ്റിങ്ങല് ബൈപ്പാസ്, മാമം പാലം, കൊല്ലമ്പുഴ, മാമം, കല്ലമ്പലം, ആയമ്കോണം എന്നിവിടങ്ങളിലൂടെയാണ് 30 കിലോമീറ്റർ പാത കടന്നുപോകുന്നത്. പുണെ ആസ്ഥാനമായുള്ള ആർകെസി ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമ്മാണ ചുമതല.

ചുവന്ന മണലിന്റെയും നിർമ്മാണ സാമഗ്രികളുടെയും ക്ഷാമമാണ് ജോലികള് മന്ദഗതിയിലാകാൻ കാരണം. എന്നാല്, നിശ്ചയിക്കപ്പെട്ട ക്വാറികളില് നിന്ന് മണ്ണ് എത്തിച്ചു തുടങ്ങിയതോടെ സ്ഥിതി മെച്ചപ്പെട്ടു. ഫില്ലിംഗ് ജോലികള് പുനരാരംഭിച്ചിട്ടുണ്ട്. തിരക്കേറിയ പാതയിലെ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി നിലവില് സർവീസ് റോഡുകളുടെ നിർമ്മാണത്തിനാണ് മുൻഗണന നല്കുന്നത്.

വെട്ടൂറോഡ്, കണിയാപുരം, പള്ളിപ്പുറം, തോപ്പുംകല്, ചെമ്പകമംഗലം, കോരാണി തുടങ്ങിയ പ്രധാന സ്ഥലങ്ങളില് സർവീസ് റോഡുകളിലൂടെ വാഹനങ്ങള് വഴിതിരിച്ചുവിടാനുള്ള സംവിധാനങ്ങള് പൂർത്തിയാക്കി വരികയാണ്. ഈ സർവീസ് റോഡുകള് പ്രവർത്തനക്ഷമമായാല്, പ്രധാന പാതയുടെ നിർമ്മാണം വേഗത്തിലാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മഴക്കാലത്തിന് മുന്നോടിയായി ആറുവരിപ്പാതയുടെ മണ്ണ് നിറയ്ക്കല് ജോലികള് യുദ്ധകാലാടിസ്ഥാനത്തില് പൂർത്തിയാക്കാൻ നാഷണല് ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (എൻഎച്ച്എഐ) ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടില് പറയുന്നു.

ആർകെസി അധികൃതരുടെ കണക്കനുസരിച്ച് പദ്ധതിയുടെ മൊത്തത്തിലുള്ള നിർമ്മാണ പുരോഗതി നിലവില് ഏകദേശം 60% കടന്നു. 12 കിലോമീറ്റർ ദൈർഘ്യമുള്ള ആറ്റിങ്ങല് ബൈപ്പാസില് ഏകദേശം 8 കിലോമീറ്റർ നിർമ്മാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. പാലംകോണം, തോപ്പിക്കന്ത, കൊല്ലമ്പുഴ, രാമച്ചംവിള, കാട്ടമ്പുറം ഉള്പ്പെടെയുള്ള വിവിധ ഭാഗങ്ങളില് അനുബന്ധ റോഡുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.

കല്ലമ്പലം-കടമ്പാട്ടുകോണം റീച്ചില്, കടമ്പാട്ടുകോണം, 28-ാം മൈല്, നാവായിക്കുളം, തട്ടൂപ്പാലം, കല്ലമ്പലം എന്നിവിടങ്ങളില് കാര്യമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ സർവീസ് റോഡുകളുടെയും ഹൈവേയുമായുള്ള പ്രവേശന റോഡുകളുടെയും നിർമ്മാണ പ്രവർത്തനങ്ങള് ഒരേസമയം നടക്കുന്നുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി, റീഇൻഫോഴ്സ്ഡ് എർത്ത് (RE) മതിലുകളുടെ ഉയരം പരമാവധി ഒമ്പത് മീറ്ററായി എൻഎച്ച്എഐ പരിമിതപ്പെടുത്തിയിട്ടുണ്ട്. കോട്ടയം, മലപ്പുറം ഉള്പ്പെടെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില് റിപ്പോർട്ട് ചെയ്യപ്പെട്ട അപകടങ്ങളെ തുടർന്നാണ് ഈ തീരുമാനം..

കൂടാതെ, എട്ട് മീറ്ററില് കൂടുതല് ഉയരമുള്ള ഭിത്തികളുള്ള പ്രദേശങ്ങളില് മണ്ണ് ഘടന പരിശോധിക്കുന്നതിനായി വിദഗ്ദ്ധ സമിതിയേയും നിയോഗിച്ചിട്ടുണ്ട്. പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്, ദീർഘകാല സുരക്ഷയും ഈടുനില്പ്പും ഉറപ്പാക്കാൻ അത്തരം ഭാഗങ്ങളില് ഫ്ലൈഓവറുകള് ആവശ്യമാണോ എന്ന കാര്യത്തില് അന്തിമ തീരുമാനം എടുക്കും. ജലവിതരണ ലൈനുകള്, വൈദ്യുതി ലൈനുകള്, മറ്റ് അടിസ്ഥാന സൗകര്യങ്ങള് എന്നിവയുമായി ബന്ധപ്പെട്ട ജോലികളും ഹൈവേ നിർമ്മാണത്തോടൊപ്പം സമാന്തരമായി നടക്കുന്നുണ്ട്.

പുതുക്കിയ സമയപരിധിക്കുള്ളില് ഹൈവേ നവീകരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഇപ്പോള് അധികൃതരുടെ പ്രതീക്ഷ. പണികള് പൂർത്തിയാകുന്നതോടെ യാത്രയുടെ സമയം ഗണ്യമായി കുറയ്ക്കാനാകും. അതേസമയം, ദേശീയപാത 66 നിർമ്മാണ സൈറ്റുകളില് മോഷണം വ്യാപകമായിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികള് നഷ്ടപ്പെട്ടതായി പരാതി ഉയർന്നിരിക്കുകയാണ്.

കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിലെ നാവായിക്കുളം, 28-ാം മൈല്, മാമം; കടക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പാലംകോണം, ആറ്റിങ്ങല് പോലീസ് സ്റ്റേഷൻ പരിധിയിലെ കൊല്ലമ്പുഴ, മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പകമംഗലം, പള്ളിപ്പുറം എന്നിവിടങ്ങളിലെ സാമഗ്രി സംഭരണശാലകള് ലക്ഷ്യമിട്ടാണ് മോഷണം നടക്കുന്നത്. ഷട്ടറിംഗിനായുള്ള ഇരുമ്പ് ഷീറ്റുകള്, ലോഹക്കമ്പികള്, മറ്റ് ഉപകരണങ്ങള് എന്നിവയുള്പ്പെടെ വിലകൂടിയ നിർമ്മാണ സാമഗ്രികള് ഈ യാർഡുകളില് നിന്ന് പതിവായി മോഷണം പോകുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News