Enter your Email Address to subscribe to our newsletters

Pala , 11 ഏപ്രില് (H.S.)
വിവാദ പ്രസ്താവനക്ക് പിന്നാലെ പാലാ ബിഷപ്പ് ഹൗസ് സന്ദർശിച്ച് പി സി ജോർജ്. നൂറാം ജന്മദിനം ആഘോഷിക്കുന്ന മാർ പള്ളിക്കാപ്പറമ്പിൽ ബിഷപ്പിനെ കാണാനാണ് പി സി ജോർജ് എത്തിയത് . ബിഷപ്പുമാർക്കും ദീപകയ്ക്കും എതിരായ അധിക്ഷേപ പരാമർശങ്ങൾക്ക് പിന്നാലെയാണ് പി സി ജോർജിൻ്റെ സന്ദർശനം.
നൂറാം ജന്മദിനം ആഘോഷിക്കുന്ന മാർ പള്ളിക്കാപ്പറമ്പിൽ ബിഷപ്പിനെ കാണാൻ വേണ്ടിയാണ് ഇവിടെ വന്നത്. നൂറ് വയസ് തികഞ്ഞ അദ്ദേഹത്തിന് ആശംസ അർപ്പിക്കാനാണ് വന്നത്. അദ്ദേഹത്തെ കണ്ടു, അദ്ദേഹം ഒരു സമ്മാനം എനിക്ക് തന്നു. ഐശ്വര്യമായി എന്നെ അനുഗ്രഹിച്ചു. ആ അനുഗ്രഹവും വാങ്ങി ഞാൻ തിരികെ വീട്ടിലേക്ക് പോവുകയാണ്, പി സി ജോർജ് പറഞ്ഞു.
താൻ സഭയ്ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ഒരു ബിഷപ്പിന് എതിരായാണ് പ്രസ്താവന നടത്തിയതെന്നും പി സി ജോർജ് പറഞ്ഞു. ബിഷപ്പുമാർ തെറ്റ് കാണിച്ചാൽ തെറ്റാണെന്ന് പറയുന്ന പാരമ്പര്യമാണ് തനിക്ക് ഉള്ളത്. അതാണ് താൻ ചെയ്തതെന്നും പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു
ദീപികാ പത്രത്തിനും സഭയ്ക്കും തമ്മിൽ എന്താണ് ബന്ധമെന്നും പി സി ജോർജ് ചോദിച്ചു. ക്രിസ്ത്യാനികൾക്ക് ദീപിക പത്രവുമായി ഒരു ബന്ധമില്ലെന്നും അവർ എന്ത് പറഞ്ഞാലും താൻ കാര്യമാക്കില്ലെന്നും തനിക്ക് അതിൻ്റെ ആവശ്യമില്ലെന്നും പി സി ജോർജ് പറഞ്ഞു.
ദീപിക ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തെ പറ്റി ചോദിച്ചപ്പോൾ ഫാരിസ് അബൂബക്കർ അവൻ്റെ വാപ്പയെ കുറിച്ച് എഴുതിയതാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. സഭയായി എനിക്ക് ഒരു പ്രശ്നമില്ലെന്നും സഭയിലെ പിതാക്കൻമാരോട് തനിക്ക് വളരെ അധികം ബഹുമാനമാണെന്നും പി സി ജോർജ് പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് എറ്റവും കൂടുതൽ ഉപയോഗം ചെയ്തിട്ടുള്ള ഒരു പൊതു പ്രവർത്തകനാണ് ഞാൻ. ആ എനിക്ക് എതിരായിട്ട് മഠത്തിലേക്ക് വിളിച്ച് പറഞ്ഞാൽ വോട്ട് കിട്ടുവോ. പിതാവ് നാണം കെടുകയാണ് ചെയ്യുക. പിതാവ് എന്തിനാണ് ഈ നാണക്കേട് കാണിക്കാൻ പോയത്, പി സി ജോർജ് ചോദിച്ചു.
തന്നെ അനുകൂലിച്ച് മെത്രാൻമാർ സംസാരിക്കണം എന്ന് താൻ പറയില്ല. പിതാക്കൻമാർ എപ്പോഴും സഭയുമായി ബന്ധപ്പെട്ട് പോകേണ്ടവരാണ്. ആ സഭയിൽ എല്ലാ രാഷ്ട്രീയക്കാരുമുണ്ടാവും. സഭ എന്തിനാണ് രാഷ്ട്രീയത്തിൽ ഇടപ്പെടുന്നതെന്നും ജോർജ് ചോദിച്ചു.
അതേസമയം ശൈലി മാറുമോ എന്ന ചോദ്യത്തിന് മാധ്യമ പ്രവർത്തകന് നേരെ പി സി ജോർജ് തട്ടിക്കയറി. താനും ഷോൺ ജോർജും കേരള നിയമസഭയിൽ കാണുമെന്നും ബാക്കി അപ്പോൾ പറയാമെന്നും പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR