Enter your Email Address to subscribe to our newsletters

Newdelhi , 11 ഏപ്രില് (H.S.)
ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ അടുത്ത ഭരണമാറ്റത്തെക്കുറിച്ചും കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകളെക്കുറിച്ചും പ്രതികരിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം ആര് ആഗ്രഹിച്ചാലും അതിൽ തെറ്റില്ലെന്നും, ജനാധിപത്യ സ്വഭാവമുള്ള ഒരു പാർട്ടിയിൽ അത്തരം ആഗ്രഹങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫ് തരംഗം പ്രകടം
കേരളത്തിൽ ഇത്തവണ രേഖപ്പെടുത്തിയ ഉയർന്ന പോളിംഗ് ശതമാനം സംസ്ഥാനത്ത് ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിന്റെ വ്യക്തമായ സൂചനയാണെന്ന് വേണുഗോപാൽ അവകാശപ്പെട്ടു. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും നൂറോളം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സാധാരണ ലഭിക്കുന്ന വോട്ടുകൾക്ക് പുറമെ, ഇത്തവണ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുടെ വോട്ടുകൾ പോലും യു.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ജനതയെ വിഡ്ഢികളാക്കാൻ ആർക്കും സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽ.ഡി.എഫിനും ബി.ജെ.പിക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി - എൽ.ഡി.എഫ് ബന്ധം
തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയും എൽ.ഡി.എഫും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടായിരുന്നുവെന്ന് വേണുഗോപാൽ ആരോപിച്ചു. ചിറ്റൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി എൽ.ഡി.എഫിന് വേണ്ടി പരസ്യമായി വോട്ട് അഭ്യർത്ഥിച്ചത് ഇതിന് തെളിവാണ്. പല മണ്ഡലങ്ങളിലും ബി.ജെ.പി വൻതോതിൽ പണമൊഴുക്കി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കിറ്റ് വിതരണം ഉൾപ്പെടെയുള്ള നടപടികൾ നടന്നതായും അദ്ദേഹം ആരോപിച്ചു.
കള്ളവോട്ട് ആരോപണം
കണ്ണൂർ ജില്ലയിൽ വ്യാപകമായി കള്ളവോട്ട് നടന്നതായും കെ.സി. വേണുഗോപാൽ ആരോപിച്ചു. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് അവിടെ നടന്നത്. എന്നാൽ ഇത്തരം ക്രമക്കേടുകളെ അതിജീവിച്ച് ജനവിധി യു.ഡി.എഫിന് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വവും മുഖ്യമന്ത്രി പദവും
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരാകുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി ഹൈക്കമാൻഡും എം.എൽ.എമാരും ചേർന്ന് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കാം, അതിൽ അസ്വാഭാവികത ഒന്നുമില്ല. നിലവിൽ യു.ഡി.എഫ് ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഭരണമാറ്റം ആഗ്രഹിക്കുന്ന കേരള ജനത യു.ഡി.എഫിന് വലിയ പിന്തുണയാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് നാലിന് വോട്ടെണ്ണൽ നടക്കാനിരിക്കെ, വേണുഗോപാലിന്റെ ഈ പ്രസ്താവനകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തുറന്ന നിലപാട് പാർട്ടിയിലെ വിവിധ ഗ്രൂപ്പുകൾക്കിടയിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം.
---------------
Hindusthan Samachar / Roshith K