ബ്ലൂ ലൈൻ ട്രെയിനുകളുടെ നവീകരണം ആരംഭിച്ച് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ
Newdelhi , 12 ഏപ്രില് (H.S.) യാത്രക്കാരുടെ സുരക്ഷയും യാത്രാനുഭവവും മെച്ചപ്പെടുത്തുന്നതിനായി ബ്ലൂ ലൈൻ ട്രെയിനുകളുടെ നവീകരണം ആരംഭിച്ചതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ. 2002 നും 2007 നും ഇടയിലുള്ള ബ്ലൂ ലൈൻ മെട്രോകളാണ് ഈ ഘട്ടത്തിൽ നവീകരിക്കുന്നതെന്ന്
Blue line train


Newdelhi , 12 ഏപ്രില് (H.S.)

യാത്രക്കാരുടെ സുരക്ഷയും യാത്രാനുഭവവും മെച്ചപ്പെടുത്തുന്നതിനായി ബ്ലൂ ലൈൻ ട്രെയിനുകളുടെ നവീകരണം ആരംഭിച്ചതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ. 2002 നും 2007 നും ഇടയിലുള്ള ബ്ലൂ ലൈൻ മെട്രോകളാണ് ഈ ഘട്ടത്തിൽ നവീകരിക്കുന്നതെന്ന് ഡിഎംആർസി പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി മെട്രോയെ നവീകരിക്കാനാണ് ഡിഎംആർസി ലക്ഷ്യമിടുന്നത്.

ബ്ലൂ, റെഡ് ലൈനുകളിൽ സർവീസ് നടത്തുന്ന 70 ഓളം ട്രെയിനുകളാണ് ഘട്ടം ഘട്ടമായി നവീകരിക്കുക. ആദ്യ ഘട്ടത്തിൽ 12 ട്രെയിനുകളും രണ്ടാം ഘട്ടത്തിൽ 18 ട്രെയിനുകളും ഡിഎംആർസി ഇതിനോടകം നവീകരിച്ച് കഴിഞ്ഞു. മറ്റ് ട്രെയിനുകളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഡിഎംആർസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മൂന്നാം ഘട്ടത്തിൽ 2027 നവംബറോടെ 22 ബ്ലൂ ലൈൻ ട്രെയിനുകൾ നവീകരിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നുണ്ട്. മൂന്നാം ഘട്ടത്തിൽ നവീകരിച്ച ആദ്യ ട്രെയിൻ പാസഞ്ചർ സർവീസിലേക്ക് പുനഃസ്ഥാപിക്കുന്നതിന് മുമ്പ് ഡിഎംആർസിയുടെ മാനേജിങ് ഡയറക്ടർ വികാസ് കുമാർ പരിശോധന നടത്തിയിരുന്നു.

ഇൻ്റീരിയറുകളിലും നിർണായക സംവിധാനങ്ങളിലുമുള്ള മാറ്റം, കോച്ചുകളും ഡ്രൈവർ ക്യാബിനുകളും പുതുതായി പെയിൻ്റ് ചെയ്തു, ഇലക്ട്രിക്കൽ പാനലുകളുടെ നവീകരണം എന്നിവയാണ് ബ്ലൂ ലൈൻ മെട്രോകളിൽ പുതുതായി വരുത്തിയ മാറ്റങ്ങൾ. മെട്രോ റൂട്ടുകൾ, ലൈവ് അപ്ഡേഷൻ, മറ്റ് യാത്രാ വിവരങ്ങൾ എന്നിവയെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നതിനായി ഐപി അധിഷ്ഠിത പാസഞ്ചർ അനൗൺസ്മെൻ്റ്, ഇൻഫർമേഷൻ സിസ്റ്റങ്ങൾ, സിസിടിവി ക്യാമറകൾ, എൽസിഡി അധിഷ്ഠിത ഡൈനാമിക് റൂട്ട് മാപ്പുകൾ എന്നിവ പോലുള്ള സംവിധാനങ്ങളും പുതുതായി സ്ഥാപിച്ചിട്ടുണ്ട്.

പുക, ചൂട് എന്നിവ അറിയാൻ അഗ്നിശമന സെൻസറുകൾ സ്ഥാപിച്ച് സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. കൂടാതെ സുഗമവും സുരക്ഷിതവുമായ പ്രവർത്തനങ്ങൾക്ക് പഴയ റിലേകളും മിനിയേച്ചർ സർക്യൂട്ട് ബ്രേക്കറുകളും നൂതന യൂണിറ്റുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

നവീകരിച്ച ട്രെയിനുകളുടെ എല്ലാ കോച്ചുകളിലും മൊബൈൽ, ലാപ്ടോപ്പ് ചാർജിങ് പോയിൻ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഭാവിയിലെ അപ്ഗ്രേഡുകളെ പിന്തുണക്കുന്നതിനായി പുതിയ കണക്ടറുകളും കേബിളുകളും ഘടിപ്പിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.

2002 ഡിസംബർ 24 നാണ് ഡെൽഹി മെട്രോ ആരംഭിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ ഭൂഗർഭ റെയിൽവേ ഗതാഗത മാർഗമാണിത്. ആദ്യത്തെ ഭൂഗർഭ റെയിൽവേ ഗതാഗതമായ കൊൽക്കത്ത മെട്രോയെക്കാളും ഭൂമിക്കടിയിലൂടെയും ഉപരിതലത്തിലൂടെയും ഗതാഗത സംവിധാനം ഉണ്ട് എന്നുള്ളതാണ് ഡൽഹി മെട്രോയുടെ പ്രത്യേകത.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News