Enter your Email Address to subscribe to our newsletters

Thiruvananthapuram , 12 ഏപ്രില് (H.S.)
നിതിന് രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ
നിയമത്തിന് മുന്നില് കൊണ്ടുവരണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
കണ്ണൂര് ഡെന്റല് കോളേജിലെ ഒന്നാം വര്ഷ ബിഡിഎസ് വിദ്യാര്ത്ഥി ആര്.എല് നിതിന് രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില് കൊണ്ടുവരണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
കോളേജ് അധ്യാപകരില് നിന്നും ജാതിയ അധിക്ഷേപത്തിനും കടുത്ത മാനസിക സമ്മര്ദ്ദത്തിനും നിതിന് വിധേയനായെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇത് അന്വേഷിക്കേണ്ടതും കുറ്റക്കാര്ക്കെതിരെ കര്ശന നിയമ നടപടി സ്വീകരിക്കേണ്ടതുമാണ്. പരിഷ്കൃത സമൂഹത്തിന് ഒരിക്കലും ഉള്ക്കൊള്ളാന് കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. രണ്ട് അധ്യാപകരെ സസ്പെന്ഡ് ചെയതത് കൊണ്ട് നടപടികള് പൂര്ത്തിയാകില്ല. ഇത്തരം സംഭവങ്ങള് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഇനിയും ആവര്ത്തിക്കാതിരിക്കാനുള്ള നടപടികളാണ് പോലീസ് സ്വീകരിക്കേണ്ടത്. നിതിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന് കോണ്ഗ്രസ് ഒപ്പം ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ജാതിയാധിപത്യത്തിനും മാനസിക പീഡനത്തിനും ഇരയായ നിതിൻ രാജിന്റെ ആത്മഹത്യ: കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന്കൊ ടിക്കുന്നിൽ സുരേഷ് എംപിയും ആവശ്യപ്പെട്ടു
കണ്ണൂർ അഞ്ചരക്കണ്ടിയിലെ സർക്കാർ മെഡിക്കൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ ദാരുണമായ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ അതീവ ഖേദകരവും ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എം.പിയുമായ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ഒരു ദളിത് വിദ്യാർത്ഥിക്കെതിരെ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ തന്നെ ജാതി അധിക്ഷേപവും മാനസിക പീഡനവും നടന്നുവെന്ന ഗുരുതരമായ ആരോപണങ്ങൾ കേരള സമൂഹത്തിന് തന്നെ വലിയ നാണക്കേടാണ്. ‘വേർമി ഡോഗ്’ പോലുള്ള അപമാനകരമായ വാക്കുകൾ ഉപയോഗിച്ച് വിദ്യാർത്ഥിയെ അധിക്ഷേപിച്ചെന്ന വിവരം അതീവ ഗുരുതരവും മനുഷ്യാവകാശങ്ങളുടെ തുറന്ന ലംഘനവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമത്വവും മാനവികതയും പ്രചരിപ്പിക്കേണ്ട ഇടങ്ങളാണ്. എന്നാൽ ഇവിടെ സംഭവിച്ചതായി ആരോപിക്കപ്പെടുന്ന സംഭവങ്ങൾ നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന സമത്വാവകാശത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ജാതിവിവേചനത്തിനും അധിക്ഷേപത്തിനും എതിരായി സമൂഹം ഒറ്റക്കെട്ടായി ശക്തമായി നിലകൊള്ളേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ കുറ്റക്കാരായവർ ആരായാലും വിട്ടുവീഴ്ചയില്ലാതെ കർശനമായ നിയമനടപടി സ്വീകരിക്കണം. ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം. കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിതിൻ രാജിന് നീതി ലഭ്യമാക്കുന്നത് നമ്മുടെ സാമൂഹിക ഉത്തരവാദിത്വമാണ്. ഇത്തരത്തിലുള്ള അനീതികൾ ഇനി ആവർത്തിക്കാതിരിക്കാനായി സംസ്ഥാന സർക്കാർ അടിയന്തരവും ശക്തവുമായ ഇടപെടൽ നടത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു.
കൊടിക്കുന്നിൽ സുരേഷ് എംപി തിരുവനന്തപുരത്ത് നിതിന്റെ വീട്ടിൽ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും, എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR