Enter your Email Address to subscribe to our newsletters

Mumbai , 12 ഏപ്രില് (H.S.)
ലോകം ആരാധിക്കുന്ന ഇതിഹാസ ഗായിക ആശ ഭോസ്ലേ (92) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെയും തുടർന്ന് ശനിയാഴ്ച വൈകുന്നേരമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 'പിയാ തൂ അബ് തോ ആജാ', 'യേ മേരാ ദിൽ' തുടങ്ങിയ ഗാനങ്ങളിലൂടെ ഹിന്ദി സിനിമാ സംഗീതത്തിൽ പുതിയൊരു തരംഗം തന്നെ സൃഷ്ടിച്ച ഗായികയാണ് ആശ ഭോസ്ലെ.
സംഗീത ലോകത്തിന് വലിയൊരു നഷ്ടമാണ് ഇവരുടെ വിയോഗം. ഭാരതരത്ന ലഭിച്ച ലതാ മങ്കേഷ്കറുടെ സഹോദരി കൂടിയായ ആശ ഭോസ്ലേ, വൈവിധ്യമാർന്ന ആലാപന ശൈലിയിലൂടെയാണ് ലോകശ്രദ്ധ നേടിയത്. നിരവധി ഭാഷകളിലായി പന്ത്രണ്ടായിരത്തിലധികം ഗാനങ്ങൾ ആശാ ഭോസ്ലെ പാടിയിട്ടുണ്ട്. ഇന്ത്യൻ സിനിമ സംഗീതത്തിൻ്റെ ഇതിഹാസമായ ലതാ മങ്കേഷ്കറിനോടൊപ്പം എക്കാലവും ആസ്വാദകർ ചേർത്തുവച്ച പേര് തന്നെയാണ് ആശ ഭോസ്ലെ. ലതാ മങ്കേഷ്കറെക്കാൾ വൈവിധ്യമുള്ള പാട്ടുകൾ പാടാൻ ഭാഗ്യം ലഭിച്ചത് ആശ ഭോസ്ലെക്കായിരുന്നു. 80 വർഷത്തിൽ അധികം കലാമേഖലയിൽ സജീവമായിരുന്നു എന്നതും ആശയെ വ്യത്യസ്തതയാക്കുന്നു. ഹിന്ദിയിൽ 1945ൽ 'ബഡി മാ' എന്ന ചിത്രത്തിലാണ് ആശ ആദ്യമായി പാടിയതെങ്കിലും 1948ൽ റിലീസായ 'ചുനാരിയ' ആണ് ആശയുടെ ആദ്യ ചിത്രമായി അറിയപ്പെടുന്നത്.
ഗായിക എന്നുള്ള നിലയിൽ രാജ്യത്തിൻ്റെ പരമോന്നത ബഹുമതികൾ ആശ ഭോസ്ലെ നേടിയിട്ടുണ്ട്. പത്മഭൂഷൻ, ദാദ സഹേബ് പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. ഗ്രാമീ പുരസ്കാരത്തിന് നോമിനേറ്റും ചെയ്യപ്പെട്ടു. 1940 കൾ മുതൽ 2020 വരെ സജീവമായി സംഗീതരംഗത്ത് പ്രവർത്തിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങൾ ആശ ഭോസ്ലെ നേരിടുന്നു എന്ന വാർത്ത കുറച്ചു ദിവസങ്ങൾക്കു പുറത്തുവരുന്നത്. എന്നാൽ ആഴ്ചകൾക്ക് മുൻപ് വരെ സംഗീതവുമായി ബന്ധപ്പെട്ട പൊതുവേദികളിൽ സജീവ സാന്നിധ്യമായി നിലകൊണ്ടു.
അതിരുകളില്ലാത്ത സംഗീത പ്രതിഭയായിരുന്നു ആശ ഭോസ്ലെ. എല്ലാത്തരത്തിലും ഉള്ള പാട്ടുകൾ ആ നാദത്തിൽ നിന്നും ശ്രവ്യ സുന്ദരമായി പുറത്തേക്ക് വന്നു. സ്പീഡ് ട്രാക്കുകൾ ആണെങ്കിലും, ഹാസ്യ രസമുള്ള ഗാനങ്ങളാണെങ്കിലും, മെലഡി ഗാനങ്ങൾ ആണെങ്കിലും ആശ ഭോസ്ലെ കൈകാര്യം ചെയ്ത വിധം സംഗീതജ്ഞർക്ക് മാതൃകയായി മാറി. സുജാത എന്ന സിനിമയിലെ സ്വയംവര ശുഭദിനം എന്ന ഒരു ഗാനം മാത്രമാണ് മലയാളത്തിൽ ആശ ഭോസ്ലെയുടെ സംഭാവന. ബോളിവുഡിൻ്റെ ശബ്ദമെന്ന് ആർഡി ബർമൻ ഒരിക്കൽ ആശ ഭോസ്ലെയെ വിശേഷിപ്പിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR