വിപണിയിൽ താരമായി 'വാടാത്ത' റെഡിമെയ്ഡ് കൊന്നപ്പൂക്കൾ
Kottayam , 12 ഏപ്രില് (H.S.) വിഷുപ്പക്ഷിയുടെ പാട്ടിനൊപ്പം മഞ്ഞപ്പട്ടുടുത്ത കണിക്കൊന്നകൾ പൂത്തുനിൽക്കുന്ന ആ പഴയ പറമ്പുകൾ മലയാളിക്കൊരു ഗൃഹാതുര സ്മരണയാണ്. കാലാവസ്ഥാ വ്യതിയാനവും നഗരവൽക്കരണവും കൊന്നപ്പൂക്കളുടെ ലഭ്യത കുറച്ചപ്പോൾ, ആ കുറവ് നികത്താൻ ഇത്തവണ
KANIKKONNA FLOWER


Kottayam , 12 ഏപ്രില് (H.S.)

വിഷുപ്പക്ഷിയുടെ പാട്ടിനൊപ്പം മഞ്ഞപ്പട്ടുടുത്ത കണിക്കൊന്നകൾ പൂത്തുനിൽക്കുന്ന ആ പഴയ പറമ്പുകൾ മലയാളിക്കൊരു ഗൃഹാതുര സ്മരണയാണ്. കാലാവസ്ഥാ വ്യതിയാനവും നഗരവൽക്കരണവും കൊന്നപ്പൂക്കളുടെ ലഭ്യത കുറച്ചപ്പോൾ, ആ കുറവ് നികത്താൻ ഇത്തവണ വിപണിയിൽ പുത്തൻ അതിഥികളെത്തിയിരിക്കുന്നു—ഒറിജിനലിനെ വെല്ലുന്ന 'റെഡിമെയ്ഡ്' പ്ലാസ്റ്റിക് കൊന്നപ്പൂക്കൾ. വയനാട് കല്പ്പറ്റയിൽ വിഷു അടുത്തതോടെ വിപണിയിൽ തളിരിടുന്നത് ഓർമകൾക്കൊപ്പം കൃത്രിമ കൊന്നപ്പൂക്കളുമാണ്.

ഒരുകാലത്ത് പറമ്പിലെ കൊന്നമരത്തിന് താഴെ വീണ പൂക്കൾ ഓരോന്നായി എടുത്ത് വിഷുക്കണി ഒരുക്കിയിരുന്ന ദിവസങ്ങൾ ഇന്ന് പലർക്കും ഒരു വിഷുക്കാല ഓർമയായി ചുരുങ്ങിപോയിരിക്കാം. നേരത്തെ പൂത്തുതുടങ്ങുന്ന കൊന്നപൂവ് ചിലപ്പോൾ പൊഴിഞ്ഞു തീരാറുമുണ്ടായിരിക്കാം. കാലാവസ്ഥയിലെ മാറ്റങ്ങൾ കൊണ്ട് കൊന്ന പൂക്കൾ സമയത്ത് പൂക്കാതെ വന്നതോടെ വിഷുവിന് കൊന്നപ്പൂവ് കിട്ടുമോ എന്ന ആശങ്കയും ആളുകൾക്കുണ്ടാകും. ലഭ്യത കുറവുകൊണ്ട് പേരിനൊരൽപം പൂവ് സാക്ഷാല് കൃഷ്ണനെ വരവേൽക്കാൻ കണിയിൽ വയ്ക്കുന്ന മലയാളികളും ഏറെ.

എന്നാൽ വിഷുക്കണിയൊരുക്കാന് തണ്ടുനിറയെ ഇലകളും പൂക്കളുമായി പ്ലാസ്റ്റിക് കൊന്നപൂക്കള് വിപണിയില് വന്നതോടെ അത്തരം ആശങ്കകൾക്ക് ഫുൾസ്റ്റോപ്പിടാം. ഒറിജിനലിനെ വെല്ലുന്ന പൂക്കൾ ഇതിനകം വിപണിയിൽ സജീവമായി കഴിഞ്ഞു. ആശങ്കകൾക്ക് വിരാമം ഇട്ട് കടകളിൽ നിരത്തിയിരിക്കുന്നത് റെഡിമെയ്ഡ് കൊന്നപ്പൂക്കളാണ്. പ്ലാസ്റ്റിക്കിലും തുണിയിലും തീര്ത്ത നിറം മങ്ങാതെ വര്ഷങ്ങളോളം സൂക്ഷിക്കാൻ പറ്റുന്ന കണികൊന്നപ്പൂക്കളാണിവയെന്ന് വയനാട് സ്വദേശി സുരേഷ് പറയുന്നു. കൂടാതെ ഇവ കഴുകിയെടുത്ത് വർഷങ്ങളോളം സൂക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഈ കൃത്രിമ പൂക്കൾ വാങ്ങാൻ നിരവധിപേർ ഇതിനോടകം വാങ്ങിയതായി കച്ചവടക്കാർ പറയുന്നു. കൃത്രിമ കണി കൊന്നപൂക്കൾ പൂർണമായും പ്ലാസ്റ്റിക്കിലല്ല നിർമാണം. അതിനാൽ ഇത്തരം പൂക്കൾക്ക് വിൽപനയ്ക്ക് യാതൊരു നിരോധനവുമില്ല, കോട്ടയത്തെ വ്യാപാരി സുകുമാരൻ പറഞ്ഞു. ഒറ്റനോട്ടത്തിൽ യഥാർഥം പോലെ തോന്നിക്കുന്ന ഒരു പൂങ്കുലയ്ക്ക് 25 രൂപ മുതലാണ് വില. എന്നാൽ കോട്ടയം ഭാഗങ്ങളിലാകാട്ടെ 30, 40 രൂപയാണ്.

പൂക്കൾ വിപണിയിൽ എത്തിച്ചുതുടങ്ങിയപ്പോൾ തന്നെ ആവശ്യക്കാരേറെയായെന്ന് കോട്ടയത്തെ വ്യാപാരി ബിന്ദു പറഞ്ഞു. വിഷു അടുത്തതോടെ ക്രിത്രിമ പൂക്കൾ വാങ്ങാൻ ആവശ്യക്കാരേറെ. നല്ല ഡിമാൻഡാണ് ഇത്തരം പൂക്കൾക്ക്. അതിനാൽ വളരെ വേഗം വിറ്റുപോകുന്നുണ്ട്. കൂടുതലും സ്ഥാപനങ്ങൾ അലങ്കരിക്കാനാണ് ആളുകൾ വാങ്ങികൊണ്ടുപോകുന്നത്, അവർ പറഞ്ഞു. വിഷുവിൻ്റെ തലേന്ന് കൊന്ന പൂക്കൾ വിപണിയില് ലഭിക്കുമെങ്കിലും വിലകൂടുതലയാിരിക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്.

ഇത്തവണ ചൂടുകൂടിയതിനെ തുടർന്ന് കണികൊന്നകൾ ധാരാളം പൂത്തിട്ടുണ്ട്. എന്നാൽ പകുതിയിലധികവും വാടിക്കൊഴിഞ്ഞു. പൂക്കളും മൊട്ടുകളും നിറഞ്ഞ് ഒറിജിനലിനെ വെല്ലുന്ന ഈ പൂക്കൾ വാടി കൊഴിയില്ലെന്നതിനാലും കണിയൊരുക്കിയശേഷം വീടിന് അലങ്കാരമായി സൂക്ഷിക്കാമെന്നതിനാലും പ്ലാസ്റ്റിക് കൊന്നപ്പൂക്കൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് വ്യാപാരി സുമിത പറഞ്ഞു. വാടാത്തതും കൊഴിഞ്ഞുപോകാത്തതുമായ ഈ പൂക്കൾ ഇന്ന് വിഷുക്കണിയിൽ ഇടം പിടിക്കുമ്പോൾ മറുവശത്ത്, പ്രകൃതിയുടെ ഒരു ചെറിയ നഷ്ടം അല്ലെങ്കിൽ പ്രകൃതിയുമായുള്ള ഒരു അകൽച്ചയാണ് നിഴലിക്കുന്നത്.

പൂക്കൾക്ക് പുറമെ കൃഷ്ണ വിഗ്രഹങ്ങളും കണിയൊരുക്കാനുള്ള ആറൻമുള കണ്ണാടിയും മറ്റു വസ്തുക്കളും വിപണിയിൽ എത്തിച്ച് വിഷുവിനെ വരവേൽക്കുകയാണ് കച്ചവടക്കാർ. കാലം മാറുമ്പോൾ വിഷുവും മാറുന്നു. എങ്കിലും, മഞ്ഞ നിറത്തിലുള്ള ആ കൊന്നപ്പൂവിനൊപ്പം ചേർന്ന ഓർമകൾ ഇന്നും ഓരോ മലയാളിയുടെയും മനസിൽ അതേ പോലെ പൂത്തുലയുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News