Enter your Email Address to subscribe to our newsletters

Alappuzha , 12 ഏപ്രില് (H.S.)
റോഡപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഏപ്രിൽ നാലിന് പുലര്ച്ചെ കായംകുളത്താണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തെ തുടർന്ന് യുവതി നൽകിയ പരാതിയിൽ കായംകുളത്തെ വ്യാപാരിയായ സിനിൽ സവാദിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യുവതിയും കൂടുംബവും തീർത്ഥാടനത്തിന് പോയി മടങ്ങവെ ആണ് അപകടം സംഭവിക്കുന്നത്. പുലർച്ചെ 12.45 ഓടെ ഇവര് സഞ്ചരിച്ച വാഹനം കെപിസി ജങ്ഷനിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആ കൂട്ടത്തിൽ പ്രതിയായ സിനിൽ സവാദും ഉണ്ടായിരുന്നു.
യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വാഹനത്തിൽ സിനില് സവാദും കയറി. യാത്രയ്ക്കിടെ പ്രതി യുവതിയോട് മോശമായി പെരുമാറുകയും ശരീരത്തിൻ്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
സ്വകാര്യ ആശുപത്രിയിലെത്തിയ യുവതി ഉടന്തന്നെ സംഭവത്തെക്കുറിച്ച് ഡോക്ടർമാരെ അറിയിച്ചു. തുടർന്ന് ആശുപത്രി അധികൃതർ വിവരം കായംകുളം പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില് കേസ് രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം കേസ് രജിസ്റ്റര് ചെയ്തെങ്കിലും അന്വേഷണത്തിൽ പൊലീസിൻ്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പരാതിക്കാരി ആരോപിച്ചു. സംഭവം നടന്ന് ദിവസങ്ങള് കഴിഞ്ഞിട്ടും പൊലീസ് തൻ്റെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ലൈംഗികാതിക്രമം നടന്ന പരാതികളില് അനിവാര്യമായ വൈദ്യപരിശോധന നടത്തിയിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞു. പ്രതിയെ സ്റ്റേഷനില് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
അതേസമയം ആരോപണങ്ങള് നിഷേധിച്ച കായംകുളം പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ദൃക്സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്താനുണ്ടെന്നും മറ്റ് തെളിവുകള് ശേഖരിക്കുകയാണെന്നും കായംകുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഡിജിപി റിപ്പോര്ട്ട് തേടി
സംഭവം വിവാദമായതോടെ സംസ്ഥാന പൊലീസ് മേധാവി റവാദ എ ചന്ദ്രശേഖർ വിഷയത്തില് ഇടപെടുകയും ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാന പൊലീസ് മേധാവിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR