Enter your Email Address to subscribe to our newsletters

Alappuzha , 12 ഏപ്രില് (H.S.)
കണ്ണൂർ അഞ്ചരക്കണ്ടി ദന്തല് കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തില് അന്വേഷണം ആവശ്യപ്പെട്ട് മുൻ മന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്.
വിദ്യാർത്ഥിയുടെ മരണം പുരോഗന കേരളത്തിന് നാണക്കേടാണെന്നും ആത്മഹത്യ തന്നെയാണോ മരണ കാരണം എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് സമഗ്രവും സത്വരവുമായ അന്വേഷണം നടത്തണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
തോമസ് ഐസക്കിന്റെ വാക്കുകള്
അഞ്ചരക്കണ്ടി ദന്തല് കോളേജിലെ നിതിന് രാജിന്റെ മരണം മതനിരപേക്ഷ കേരളത്തിന് ഒരു ഉണർത്ത് ആഹ്വാനമാവണം. പുരോഗമന കേരളത്തിന് നാണക്കേടാണിത്. ഡോ. എംകെ റാം, ഡോ. സംഗീത നമ്പ്യാര് എന്നീ അധ്യാപകര് തന്നെ നിരന്തരമായി അധിക്ഷേപിച്ചതിനെ കുറിച്ച് നിതിന് രാജിന്റെ തന്നെ സാക്ഷ്യമുണ്ട്. അവർക്ക് അധ്യാപകരായി തുടരുവാൻ ഇനി അർഹതയില്ല. ആത്മഹത്യ തന്നെയാണോ മരണ കാരണം എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് സമഗ്രവും സത്വരവുമായ അന്വേഷണം നടത്തി കർശനമായ സ്വീകരിക്കണം.
2019-20 ല് യുജിസി കണക്കുപ്രകാരം ജാതി വിവേചനവുമായി ബന്ധപ്പെട്ട 173 പരാതികളാണ് ഉണ്ടായത്. 2023 - 24ല് അത് 378 പരാതികളായി ഉയർന്നു. ഈ കാലയളവില് പരാതികള് 1160 ആണ്. സമീപകാലത്ത് കേരളം സർവ്വകലാശാലയിലെ സംസ്കൃത ഡിപ്പാർട്മെന്റില് PhD വിദ്യാർഥിയായിരുന്ന വിപിൻ വിജയന് ഡിപ്പാർട്മെന്റ് തലവിയില് നിന്ന് നേരിട്ട ദുരനുഭവം ഒട്ടേറെ വിവാദങ്ങള് സൃഷ്ട്ടിച്ചു. 2015 ല് മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ ദീപ പി മോഹനന് ഉണ്ടായ ദുരനുഭവവും കോളിളക്കം സൃഷ്ട്ടിച്ചു. പൊതു വിദ്യാഭ്യാസ മേഖലയില് മേല്പ്പറഞ്ഞ അനുഭവങ്ങള് ഉണ്ടാവുമ്പോള് സ്വകാര്യ സ്വാശ്രയ മേഖലയിലെ അവസ്ഥയിലേക്കാണ് അഞ്ചരക്കണ്ടി കോളേജിലെ ദുരനുഭവം വിരല് ചൂണ്ടുന്നത്.
ഇത്തരമൊരു സ്ഥിതി വിശേഷത്തിന് കുറച്ചെങ്കിലും നിയന്ത്രണം കൊണ്ടുവരാൻ ഉതകുന്നതായിരുന്നു ജനുവരി മാസം യുജിസി പുറത്തിറക്കിയ ഉന്നതവിദ്യാഭ്യാസ മേഖലയിലെ തുല്യത പ്രോത്സാഹിപ്പിക്കുവാനുള്ള റെഗുലേഷനുകള്. സിപിഐഎം ശക്തമായി ഇതിനെ പിന്താങ്ങി. ഇവ ഐഐടി പോലുള്ള സ്ഥാനങ്ങള്ക്കും ബാധകമാക്കണമെന്നുള്ള വിമർശനമാണ് ഉയർത്തിയത്. എൻഫോഴ്സ്മെന്റ് സംവിധാനം ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല് സവർണ്ണ നിക്ഷിപ്ത താല്പര്യക്കാരുടെ പ്രക്ഷോഭത്തെ തുടർന്ന് സുപ്രീം കോടതി ഇത് മരവിപ്പിച്ചിരിക്കുകയാണ്.
രോഹിത് ആക്ട് നടപ്പിലാക്കണമെന്നും ക്യാമ്പസുകളിലെ ജാതി വിവേചനത്തില് കർശന നടപടികള് സ്വീകരിക്കണമെന്ന രാജീവ്യാപകമായ ആവശ്യത്തെ അംഗീകരിക്കാൻ ബി.ജെ.പി നേതൃത്വം നല്കുന്ന കേന്ദ്ര ഗവണ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല. ഇതിനു പകരം കൊണ്ടുവന്ന യുജിസി മാർഗ്ഗ നിർദ്ദേശങ്ങളാവട്ടെ മരവിപ്പിച്ചിരിക്കുകയുമാണ്.
ഈ പശ്ചാത്തലത്തില് സംസ്ഥാനം മുൻകൈ എടുത്തുകൊണ്ട് രോഹിത് വെമുല നിയമം പോലൊന്നിന് രൂപം നല്കണം. സ്വാശ്രയ സ്ഥാപനങ്ങളും സ്വയംഭരണ കോളേജുകളും സ്വകാര്യ സർവ്വകലാശാലകളുമെല്ലാം വർധിച്ചു വരുന്ന കാലയളവില് ജാതി വിവേചനത്തിന് എതിരായി ഇത്തരമൊരു നിയമം അനിവാര്യമാണ്. കണ്ണൂരിലെ ബിഡിഎസ് കോളേജ് വിപുലമായൊരു സ്വാശ്രയ വിദ്യാഭ്യാസ സമുശ്ചയത്തിന്റെ ഭാഗമാണെന്നതും സ്മരണീയമാണ്.
എസ്എഫ്ഐ ആണ് ശക്തമായ പ്രതിക്ഷേധവുമായി വന്നിരിക്കുന്ന വിദ്യാർഥിസംഘടന. നാളെ കോളേജിലേക്ക് വിദ്യാർഥി യുവജന പ്രവർത്തകരുടെ മാർച്ചും ആഹ്വാനം ചെയ്തിട്ടുണ്ട്. മേല്പ്പറഞ്ഞ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില് ശക്തമായ പുരോഗമന വിദ്യാർഥി പ്രസ്ഥാനങ്ങളുടെ സാന്നിധ്യത്തിന്റെ ആവശ്യകതയിലേക്കുകൂടി ഈ സംഭവം വിരല് ചൂണ്ടുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR