കൊളാവിപ്പാലം കടലാമ സംരക്ഷണ കേന്ദ്രത്തിൽനിന്ന് വീണ്ടും കുഞ്ഞനാമകളെ കടലിലേക്ക് വിട്ടു.
Kozhikode , 13 ഏപ്രില് (H.S.) കൊളാവിപ്പാലം കടലാമ സംരക്ഷണ കേന്ദ്രത്തിൽനിന്ന് വീണ്ടും കുഞ്ഞനാമകളെ കടലിലേക്ക് വിട്ടു. ഒലിവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട 91 ആമക്കുഞ്ഞുങ്ങളെയാണ് സുരക്ഷിതമായി കടലിലേക്ക് യാത്രയാക്കിയത്. തീരം സംരക്ഷണ സമിതി അധികൃതരും വനംവകുപ്പ
Baby turtles


Kozhikode , 13 ഏപ്രില് (H.S.)

കൊളാവിപ്പാലം കടലാമ സംരക്ഷണ കേന്ദ്രത്തിൽനിന്ന് വീണ്ടും കുഞ്ഞനാമകളെ കടലിലേക്ക് വിട്ടു. ഒലിവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട 91 ആമക്കുഞ്ഞുങ്ങളെയാണ് സുരക്ഷിതമായി കടലിലേക്ക് യാത്രയാക്കിയത്. തീരം സംരക്ഷണ സമിതി അധികൃതരും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് ഇവയെ കടലിലേക്ക് തുറന്നുവിട്ടത്. 2026 ഫെബ്രുവരി 21നാണ് പയ്യോളി കടപ്പുറത്തുനിന്ന് 116 കടലാമ മുട്ടകൾ ലഭിച്ചത്. തീരം സംരക്ഷണ സമിതി പ്രവർത്തകർ ഇവ ഏറ്റെടുത്ത് സുരക്ഷിതമായി ഹാച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

കടലാമ മുട്ടകൾകൊണ്ട് സജീവമായിരുന്ന തീരം ഇപ്പോൾ അതിനായി കാത്തിരിക്കുകയാണെന്ന് തീരം സംരക്ഷണ സമിതി പ്രവർത്തകനായ സി സതീശൻ പറഞ്ഞു. എണ്ണം കുറവാണെങ്കിലും തങ്ങൾക്ക് ഇതൊരു ആഘോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണയായി ഓഗസ്റ്റ് മുതലാണ് ആമകൾ മുട്ടയിടാൻ എത്തുന്ന സീസൺ ആരംഭിക്കുന്നത്. എന്നാൽ ഇത്തവണ ഏറെ വൈകിയാണ് മുട്ടകൾ ലഭിച്ചത്.

തീരം നശിച്ചതോടെ ആമകൾ കൊളാവിപ്പാലം പ്രദേശത്തേക്ക് വരുന്നത് വളരെ വിരളമായിരിക്കുകയാണ്. കഴിഞ്ഞതവണ 254 മുട്ടകളാണ് ഇവിടെനിന്ന് ലഭിച്ചിരുന്നത്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ കടലാമ സംരക്ഷണത്തിന് പ്രത്യേക ഫണ്ട് നീക്കിവച്ചിരുന്നു. അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് തീരം സംരക്ഷണ സമിതി പ്രവർത്തകർ.

തീരം പ്രകൃതി സംരക്ഷണ സമിതി

കടൽ താണ്ടി കൊളാവിതീരത്ത് ആമകൾ നിക്ഷേപിക്കുന്ന മുട്ടകൾ ഒരുകാലത്ത് മനുഷ്യരും മറ്റു ജീവികളും ഭക്ഷിക്കലായിരുന്നു പതിവ്. എന്നാൽ ഇതിൻ്റെ ഗൗരവം മനസ്സിലാക്കിയ ഏതാനും മത്സ്യത്തൊഴിലാളികൾ ചേർന്ന് 1992ലാണ് കടലാമ സംരക്ഷണത്തിനായി ഒരു സമിതി രൂപീകരിച്ചത്. ഈ കൂട്ടായ്മയ്ക്ക് തീരം പ്രകൃതി സംരക്ഷണ സമിതി എന്ന് പേരും നൽകി. ഇവരുടെ പ്രവർത്തനങ്ങൾ ശ്രദ്ധയാകർഷിച്ചതോടെ 1998ൽ വനംവകുപ്പ് സഹായവുമായെത്തി. തീരം പ്രവർത്തകർക്ക് ദിവസവേതനം നൽകാൻ ഫണ്ട് നീക്കിവച്ചു. അക്കാലത്ത് സീസണിൽ 65 ആമകൾ വരെ ഇവിടെ മുട്ടയിടാൻ എത്തിയിരുന്നു. എന്നാൽ അനിയന്ത്രിതമായ മണലെടുപ്പും തുടർന്നുണ്ടായ കടലാക്രമണവും തീരത്തെ മാറ്റിമറിച്ചു. കടൽഭിത്തി കൂടി വന്നതോടെ തീരം ഇല്ലാതായി.

അതോടെ ആമകളുടെ വരവ് കുറഞ്ഞു. തീരം പ്രവർത്തകർക്ക് നൽകിയിരുന്ന ദിവസവേതനവും നിലച്ചതോടെ കടലാമ സംരക്ഷണ കേന്ദ്രം അടച്ചുപൂട്ടി. സർക്കാർ ഫണ്ട് അനുവദിച്ചാൽ ഈ കേന്ദ്രത്തെ പൂർവസ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് തീരം പ്രവർത്തകർ നിരന്തരം പറഞ്ഞതിന് പിന്നാലെ ഈ പദ്ധതിക്ക് വീണ്ടും ജീവൻവച്ചു. എന്നാൽ ആമകളുടെ വരവ് നിലച്ചതോടെ പ്രവർത്തകരുടെ ഉണർവും ഉന്മേഷവും കുറഞ്ഞു. അപ്പോഴാണ് കേന്ദ്ര ബജറ്റിൽ കടലാമ സംരക്ഷണം ഉൾപ്പെട്ടത്.

ഒലിവ് റിഡ്ലിഓഗസ്റ്റ് മുതൽ മാർച്ച് വരെയാണ് ആമകൾ മുട്ടയിടാൻ കടൽ താണ്ടി ഇവിടെയെത്തുന്നത്. ലോകത്തുള്ള എട്ടുതരം കടലാമകളിൽ ഏറ്റവും ചെറുതായ ഒലിവ് റിഡ്ലി വിഭാഗത്തിൽപെട്ട ആമകളാണ് പതിവായി ഇവിടെ എത്തിയിരുന്നത്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞിന് 50 ഗ്രാം ഭാരവും അഞ്ച് സെൻ്റീമീറ്റർ നീളവുമുണ്ടാകും. പ്രായപൂർത്തിയാകുന്നതോടെ ഒരു മീറ്റർ നീളവും 80 കിലോ ഭാരവുമാകും.

മുട്ടകൾ വിരിയിക്കുന്നതിന് പുറമെ അപകടത്തിൽപെടുന്ന കടലാമകളുടെ സംരക്ഷണ കേന്ദ്രം കൂടിയാണിത്. ബോട്ടിൻ്റെ പ്രൊപ്പല്ലർ തട്ടിയും മത്സ്യബന്ധന വലയിൽപെട്ടും ആമകൾ ഇവിടെ എത്താറുണ്ട്. ഇതുപോലെ പല തരത്തിലുള്ള അപകടങ്ങളിൽപെടുന്ന ആമകൾ ഈ കേന്ദ്രത്തിൽ എത്താറുണ്ട്. ആവശ്യമായ ഭക്ഷണവും ശുശ്രൂഷയും നൽകി ആരോഗ്യം വീണ്ടെടുക്കുന്നതോടെ ആമകളെ തീര സംരക്ഷകർ കടലിലേക്ക് തന്നെ തുറന്നുവിടുകയാണ് പതിവ്.

ആമക്കുഞ്ഞുങ്ങളെ കടലിലേക്ക് വിടുന്ന ചടങ്ങിൽ പയ്യോളി നഗരസഭാധ്യക്ഷ എൻ സാഹിറ, ഡിവിഷൻ കൗൺസിലർ ടി എൻ നിഷാ ഗിരീഷ്, തീരം പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി സി ദിനേശ് ബാബു, ഹരിത സംരക്ഷണ സമിതി പ്രസിഡൻ്റ് സി പി സതീശൻ, സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ സയൻ്റിസ്റ്റ് വൈശാഖ്, വടകര സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ അഖിൽ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News