Enter your Email Address to subscribe to our newsletters

Bangalore , 13 ഏപ്രില് (H.S.)
വനിതാ സംവരണ ഭേദഗതി നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ നിർണായക നീക്കവുമായി കോൺഗ്രസ്. വിഷയത്തിൽ വിപുലമായ ചർച്ചകൾക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഏപ്രിൽ 15-ന് സർവകക്ഷി യോഗം വിളിച്ചു. കേന്ദ്ര സർക്കാർ എല്ലാ കക്ഷികളുമായും കൂടിയാലോചന നടത്താൻ തയാറാകാത്ത സാഹചര്യത്തിലാണ് കോൺഗ്രസിൻ്റെ ഈ നീക്കം
നിയമം പാസാക്കിയെങ്കിലും അത് നടപ്പിലാക്കുന്ന രീതിയിൽ വ്യക്തത വേണമെന്ന് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. രാജ്യത്തെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൻ്റെ പ്രത്യാഘാതങ്ങൾ ഗൗരവമായി കാണണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വനിതാ സംവരണത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് എല്ലായ്പ്പോഴും മൂന്നിലൊന്ന് സംവരണത്തെ പിന്തുണച്ചവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സോണിയ ഗാന്ധി വളരെക്കാലം മുമ്പ് ഇത് ഉന്നയിച്ചിരുന്നു. കോണ്ഗ്രസ് ഇത് പഞ്ചായത്തുകളിലും, ജില്ലാ പഞ്ചായത്തുകളിലും, കോർപ്പറേഷനുകളിലും പോലും നടപ്പിലാക്കിയിട്ടുണ്ട്. അതിനാൽ നമ്മെ പാഠങ്ങൾ പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും ഖാര്ഗെ കൂട്ടിച്ചേര്ത്തു.
എല്ലാ കക്ഷികളെയും വിളിച്ച് ചർച്ചകൾ അനുവദിച്ചാൽ, ഞങ്ങൾക്ക് പങ്കെടുക്കാനും നിർദ്ദേശങ്ങൾ നൽകാനും കഴിയും. പക്ഷേ അവർ സർവകക്ഷി യോഗം വിളിക്കാൻ തയ്യാറല്ല. അതുകൊണ്ടാണ് ഏപ്രിൽ 15 ന് ഞങ്ങൾ വീണ്ടും ഒരു സർവകക്ഷി യോഗം വിളിക്കുന്നത്. ആ സർവകക്ഷി യോഗത്തിൽ ഞങ്ങൾ എന്ത് തീരുമാനമെടുത്താലും ഞങ്ങൾ അത് അറിയിക്കുംപാർട്ടിയുടെ നടപടി ആവർത്തിച്ചുകൊണ്ട് ഖാർഗെ പറഞ്ഞു.
വനിതാ സംവരണ ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി കിരൺ റിജിജുവും പ്രധാനമന്ത്രിയും തനിക്ക് കത്തെഴുതിയെന്നും, താന് മറുപടി നല്കിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം പറയുന്നതുപോലെ ഞങ്ങള് വനിതാ സംവരണ നിയമത്തെ എതിർക്കുകയോ നിര്ദേശങ്ങള് തള്ളിക്കളയോ ചെയ്തിട്ടില്ല. ഇത് ഏകകണ്ഠമായി പാസാക്കിയ ഒരു നിയമമാണ്. എന്നാല് വനിതാ സംവരണം നടപ്പിലാക്കുന്നതിലൂടെ കേന്ദ്രം രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
വനിതാ സംവരണ ബില്ലിന് മറവില് മണ്ഡല പുനർനിർണയമെന്ന് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. നിലവിലെ മണ്ഡല പുനർനിർണയ നിർദേശം അങ്ങേയറ്റം അപകടകരവും ഭരണഘടനയ്ക്ക് മേലുള്ള കടന്നുകയറ്റവുമാണെന്നും അവർ ആരോപിച്ചു. ജാതി സെൻസസ് ഇനിയും വൈകിപ്പിക്കാനും അട്ടിമറിക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യഥാർഥ ലക്ഷ്യമെന്നും 'ദി ഹിന്ദു' പത്രത്തിൽ എഴുതിയ ലേഖനത്തിൽ സോണിയ ആരോപിച്ചു. രാഷ്ട്രീയ നേട്ടം കൊയ്യാനും പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനുമാണ് ഈ അസാധാരണ ധൃതിയെന്നും അവർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR