Enter your Email Address to subscribe to our newsletters

Pune , 13 ഏപ്രില് (H.S.)
തനിമയിലൂന്നിയ രാഷ്ട്രത്തെ കെട്ടിപ്പടുക്കുക എന്നത് പൗരന്റെ കര്ത്തവ്യമാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന് ജെ.നന്ദകുമാർ..തനിമ മറക്കുന്ന രാഷ്ട്രം നാശത്തിലേക്ക് കൂപ്പുകുത്തും. ഇന്നും വിട്ടുമാറാത്ത കൊളോണിയല് മാനസികാവസ്ഥ കാരണം നമ്മുടെ സ്വാശ്രയത്വമാണ് നഷ്ടമാകുന്നത്. വികസിതഭാരതം യാഥാര്ത്ഥ്യമാകണമെങ്കില് സ്വത്വത്തില് അധിഷ്ഠിതമായിരിക്കണം നമ്മുടെ സമാജജീവിതമെന്ന് അദ്ദേഹം പറഞ്ഞു. കോഥ്റൂഡിലെ മയൂര് കോളനിയില് ഭാരതീയ സംസ്കൃതി സംഘം പ്രഭാഷണ പരമ്പരയില് പങ്കെടുക്കുകയായിരുന്നു നന്ദകുമാര്.
ഓരോ രാഷ്ട്രത്തിനും അതിന്റേതായ തനിമയുണ്ട്. ലോകക്ഷേമം നമ്മുടെ സ്വഭാവവും കര്ത്തവ്യവുമാണ്. ഭാരതീയ നാഗരികത പുരാതനവും സനാതനവും നൂതനവുമാണ്. സ്വാതന്ത്ര്യസമരകാലത്ത് നമ്മള് എല്ലാ മേഖലകളിലും സ്വാശ്രയാധിഷ്ഠിത സമീപനം പുലര്ത്തിയിരുന്നു. എന്നാല് നിര്ഭാഗ്യവശാല്, സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം അതില് ശ്രദ്ധയൂന്നിയില്ല. അതുകൊണ്ടാണ് നമ്മുക്ക് ഇത്രകാലമായിട്ടും എത്തേണ്ടിടത്ത് എത്താന് കഴിയാതിരുന്നതെന്ന് നന്ദകുമാര് പറഞ്ഞു
ഭാരതം കേവലം മനുഷ്യരുടെയല്ല, ലോകത്തിന്റെയാകെ ക്ഷേമമാണ് ആഗ്രഹിക്കുന്നത്. സര്വേ സന്തു നിരാമയ എന്നത് നമ്മുടെ വികാരമാണ്. ദേശീയത എന്നത് സനാതന ധര്മ്മമാണ്., അതുതന്നെയാണ് നമ്മുടെ ദേശീയ ചേതനയും. ഒരു ഭാഗത്ത് ചിലര് രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള് നടത്തുമ്പോള്, തനിമയുടെയും ആത്മാഭിമാനത്തിന്റെയും മൂല്യം സംരക്ഷിക്കേണ്ടത് നമ്മുടെ കര്ത്തവ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന് ആദായനികുതി കമ്മീഷണര് ഡോ. സുഹാസ് കുല്ക്കര്ണി, ആര്എസ്എസ് പൂനെ മഹാനഗര് സംഘചാലക് രവീന്ദ്ര വഞ്ജര്വാദ്കര് എന്നിവര് വേദിയില് സന്നിഹിതരായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR