Enter your Email Address to subscribe to our newsletters

Kasaragod , 13 ഏപ്രില് (H.S.)
ഇത്തവണ കാലവർഷം (മൺസൂൺ) ദുർബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ മുഴുവൻ മൺസൂൺ കാലത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രാഥമിക നിഗമനം. 'എൽ നിനോ'- പ്രതിഭാസവും നില നിൽക്കുന്നുണ്ട്. ഇതും ഒരു കാരണമാണ്. കാലവർഷത്തിൽ മഴ കുറയുന്നത് കൃഷിയേയും അടുത്ത വേനൽക്കാലത്തേയും സാരമായി ബാധിച്ചേക്കാം.
2025ലെ കാലവർഷം മഴകൊണ്ട് സമൃദ്ധമായിരുന്നു. മെയ് പകുതിയോടെ എത്തിയ കാലാവർഷം സെപ്റ്റംബർ വരെ തുടർന്നു. ഈ കാലയളലിൽ നല്ല മഴ ലഭിച്ചിരുന്നു. ഇത് കാരണം ഈ വേനലിൽ ഭീകരമായ കുടിവെള്ള ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇടയ്ക്കിടെ ഉണ്ടായ ന്യൂനമർദങ്ങളും മൺസൂണിനെ മികച്ചതാക്കി മാറ്റി. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയാണ് കേരളത്തിൽ തെക്ക്-പടിഞ്ഞാറൻ മൺസൂൺ ആയി കണക്കാക്കുന്നത്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ കണക്ക് പ്രകാരം ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ ലഭിച്ചത് 1752.7മില്ലി മീറ്റർ മഴയാണ്. സാധാരണ ലഭിക്കേണ്ടതിനേക്കാൾ 13% മഴ കുറഞ്ഞു. 2018.6 മില്ലി മീറ്റർ മഴ ലഭിച്ചിരുന്ന സ്ഥലത്ത് 1752.7മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. എന്നാൽ കാലാവർഷം ഇത്തവണ മെയ് 24 ന് തന്നെ കേരളത്തിൽ എത്തിയിരുന്നു.
മെയ് 24 മുതൽ മെയ് 31 വരെയുള്ള ദിവസങ്ങളിൽ 440.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കണക്കു പ്രകാരം ഇത് വേനൽമഴയായിട്ടാണ് രേഖപ്പെടുത്തുന്നത്. ഈ മഴ കൂടി ഉൾപ്പെടുത്തിയാൽ കേരളത്തിൽ റെക്കോഡ് മഴയാണ് ലഭിച്ചത്. അതായത് കണക്കിൽ മഴ കുറഞ്ഞെങ്കിലും ജല ലഭ്യത കൂടി.
2025 കാലാവർഷം ആരംഭിച്ചത് മെയ് 24 മുതൽ
ജൂൺ 1 മുതലാണ് മൺസൂൺ കേരളത്തിൽ എത്താറുള്ളതെങ്കിലും മൺസൂൺ കാറ്റിൻ്റെ വേഗതയും മറ്റു അനുകൂല ഘടകങ്ങളും കാരണം പലപ്പോഴും മെയ് മാസം തന്നെ കേരളത്തിൽ കാലവർഷം എത്താറുണ്ട്. എന്നാൽ 2025 ൽ 7 ദിവസം മുന്നേ ആണ് കാലവർഷം കേരള തീരം തൊട്ടത്.
തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബർ ദ്വീപ്, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മേയ് 13 ന് കാലവർഷം എത്തിച്ചേർന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. പിന്നാലെ കേരള തീരത്തും മേഘ രൂപീകരണം തുടങ്ങി. കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴയ്ക്ക് മുന്നോടിയായുള്ള മുന്നറിയിപ്പുകളും നൽകി.
മെയ് 24 മുതൽ തുടങ്ങിയ മഴ മെയ് 31 നാണ് അല്പമൊന്നു ശമിച്ചത്. ഈ സമയത്ത് 440.5 മില്ലിമീറ്റർ മഴ ലഭിച്ചു. തുടർന്ന് ജൂൺ 5 മുതൽ വീണ്ടും മഴയെത്തി. പതിവുപോലെ വടക്കൻ കേരളത്തിൽ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ ഒഴിച്ച് ബാക്കി എല്ലാ ദിവസവും മഴ ലഭിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതും വടക്കൻ കേരളത്തിലാണ്.
കൂടുതൽ മഴ കണ്ണൂരിൽ
ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ ആണ്. 14% അധിക മഴ ലഭിച്ചു. 2623 മഴ ലഭിക്കേണ്ടിടത്ത് 2987.8 മില്ലി മീറ്റർ മഴ ലഭിച്ചു. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിൽ ആണ്. സാധാരണ ലഭിക്കേണ്ടതിനേക്കാൾ 36% മഴ കുറഞ്ഞു. 2464.7 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1569.6 മില്ലി മീറ്റർമഴയാണ് ലഭിച്ചത്.
മറ്റു ജില്ലകളിൽ മഴ ലഭിച്ചത് (മില്ലി മീറ്ററ്ററിൽ ) ഇങ്ങനെ ആണ്. ആലപ്പുഴ -1542.3, എറണാകുളം -1899.4, ഇടുക്കി -1674.5, കാസർകോട് -2781.2, കൊല്ലം -1152.6, കോട്ടയം -1633.6, കോഴിക്കോട് -2071.1, മലപ്പുറം -1420.4, പാലക്കാട് -1400.6, പത്തനംതിട്ട -1654.5, തിരുവനന്തപുരം -8495, തൃശൂർ -2067.3, മാഹി -2490.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR