ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് ജാമ്യം.
Kollam , 13 ഏപ്രില് (H.S.) ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതി
Sabarimala


Kollam , 13 ഏപ്രില് (H.S.)

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാലാണ് കോടതി നിയമപരമായ ജാമ്യം അനുവദിച്ചത്.

സ്വർണക്കൊള്ള കേസിൽ ഒടുവിൽ പുറത്തിറങ്ങുന്ന പ്രതിയാണ് ശങ്കരദാസ്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും ജയിൽ മോചിതരായി. നേരത്തെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പലതവണ ശങ്കരദാസ് ജാമ്യത്തിന് ശ്രമിച്ചിരുന്നു.

ജനുവരി 14 നാണ് എസ്ഐടി ശങ്കരദാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും പ്രതിയാണ് ശങ്കരദാസ്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ശങ്കരദാസ് പലതവണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ശബരിമലയിലെ ശ്രീകോവിൽ വാതിലുകളിലും ദ്വാരപാലക വിഗ്രഹങ്ങളിലും സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിലും ഗൂഢാലോചനയിലുമാണ് ശങ്കരദാസിനെ പ്രതിചേർത്തിരുന്നത്. സ്വർണപ്പാളികൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ശങ്കരദാസിന് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

13 പ്രതികളാണ് കേസിൽ ആകെയുള്ളത്. ഇതിൽ 12 പേരെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. കേസിലെ പ്രതിയായ എസ് ജയശ്രീക്ക് സുപ്രീം കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു. മറ്റ് ഒൻപത് പേർക്ക് റിമാൻഡ് 90 ദിവസം പൂർത്തിയായി സ്വഭാവിക ജാമ്യവും രണ്ട് പേർക്ക് റിമാൻഡ് കാലയളവിൽ തന്നെ ജാമ്യവും ലഭിച്ചിരുന്നു.

മുരാരി ബാബു, ഡി സുധീഷ് കുമാർ, കെ എസ് ബൈജു, എ പത്മകുമാർ, എൻ വാസു, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് പണ്ടാരി ഗോവർദ്ധൻ, എൻ വിജയകുമാർ, എസ് ശ്രീകുമാർ, തന്ത്രി കണ്ഠര് രാജീവര് എന്നിവരെയാണ് സ്വർണക്കൊള്ള കേസിൽ അറസ്റ്റ് ചെയ്തത്.

അതേസമയം ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി എസ്ഐടിക്ക് കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. മെയ് 18 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. സ്വർണപ്പാളികളുടെ സാമ്പിളുകൾ ജംഷഡ്പൂർ ലാബിൽ പരിശോധനക്ക് അയച്ചതിൻ്റെ ഫലം ഏപ്രിൽ അവസാനമേ ലഭിക്കൂയെന്ന് എസ്ഐടി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ചത്.

അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് വ്യക്തമാക്കിയിരുന്നു. കേസിൽ ഇതുവരെ 385 സാക്ഷികളുടെ മൊഴി 'രേഖപ്പെടുത്തിയെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. 2025 ലെ ദ്വാരപാലക സ്വർണപ്പാളി കടത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും എസ്ഐടി കോടതിയെ അറിയിച്ചു. കൊടിമര പുനഃപ്രതിഷ്ഠയിലും വിജിലൻസ് അന്വേഷണം തൃപ്തികരമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News