Enter your Email Address to subscribe to our newsletters

Thiruvananthapuram, 14 ഏപ്രില്‍ (H.S.) തിരുവനന്തപുരം∙ ‘‘വളരെ ദയനീയമായ അവസ്ഥയാണ് അവരുടേത്, ആരെങ്കിലുമൊക്കെ ആശ്വസിപ്പിക്കാന്‍ വേണ്ടേ, ഒപ്പം ആരെങ്കിലുമൊക്കെ ഉണ്ടെന്ന് അവര്‍ക്കൊരു ധൈര്യം ഉണ്ടാകേണ്ടെ. അതു ചിന്തിച്ചിട്ടു പോയതാണ്. ഈ അവസ്ഥയിലൂടെ ഞാനും കടന്നുപോയതാണ്’’ - രണ്ടു വര്‍ഷം മുന്‍പ് മകന്‍ നഷ്ടമായതിന്റെ തീരാവേദനകള്‍ക്കിടയിലും മകന്‍ നഷ്ടമായ മറ്റൊരമ്മയെ ആശ്വസിപ്പിക്കാന്‍ എത്തിയ സിദ്ധാര്‍ഥിന്റെ അമ്മ ഷീബ ഇത്രയും പറയുമ്പോള്‍ തന്നെ വാക്കുകള്‍ ഇടമുറിഞ്ഞു.
കണ്ണൂര്‍ ഡെന്റല്‍ കോളജില്‍ അധ്യാപകരുടെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ നിതിന്‍ രാജിന്റെ നെടുമങ്ങാട് ഉഴമലയ്ക്കലെ വീട്ടില്‍ സാക്ഷ്യം വഹിക്കേണ്ടി വന്നത് വേദനയോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന തന്റെ ഭൂതകാലം തന്നെയാണെന്ന് ഷീബ മനോരമ ഓണ്‍ലൈനോടു പറഞ്ഞു. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥനെ (20) 2024 ഫെബ്രുവരി 18നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ റാഗിങ്ങിനു പിന്നാലെ സിദ്ധാര്‍ഥന്‍ ജീവനൊടുക്കുകയായിരുന്നു എന്നാണു നിഗമനം. ക്യാംപസിലെ എസ്എഫ്‌ഐ നേതാക്കളടക്കം 19 പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ പീഡനവും അധ്യാപകരുടെ മൗനാനുവാദവും നിസംഗതയുമാണു മകന്റെ ജീവനെടുത്തതെന്നു ചൂണ്ടിക്കാട്ടി നിയമപോരാട്ടത്തിലാണ് സിദ്ധാര്‍ഥിന്റെ മാതാപിതാക്കള്‍.
ഇത്തരം കാര്യങ്ങളൊക്കെ ഓരോ വീടുകളിലും വ്യക്തികളിലും ഉണ്ടാക്കുന്ന മുറിവുകള്‍ എത്രത്തോളമാണെന്ന് ആര്‍ക്കും അറിയില്ലെന്ന് ഷീബ പറഞ്ഞു. ‘‘എന്റെ ഇളയമകന്റെ പത്താം ക്ലാസിലെ പരീക്ഷയ്ക്കു തൊട്ടു മുന്‍പാണ് സിദ്ധാര്‍ഥന്‍ മരിക്കുന്നത്. അതോടെ അവന്‍ പരീക്ഷ എഴുതുന്നില്ലെന്നു പറഞ്ഞു. പിന്നെ അധ്യാപകരൊക്കെ ഏറെ സംസാരിച്ചും ആശ്വസിപ്പിച്ചുമാണ് അവനെക്കൊണ്ടു പരീക്ഷ എഴുതിച്ചത്. ചേട്ടനും അനുജനും തമ്മില്‍ വലിയ അടുപ്പമായിരുന്നു. ചേട്ടന്‍ കോളജില്‍നിന്നു വരാന്‍ വേണ്ടി അവന്‍ കാത്തിരിക്കുകയായിരുന്നു. പിന്നെ പുറത്തുപോയി ഭക്ഷണമൊക്കെ കഴിച്ച് സന്തോഷമായാണു വീട്ടില്‍ വന്നിരുന്നത്. അതൊക്കെയാണ് ഒരു ദിവസം ഒറ്റയടിക്ക് ഇല്ലാതായത്. ഇപ്പോഴും ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ അവനു പേടിയാണ്. എങ്ങനെ ഈ കോളജുകളില്‍ ഒക്കെ പോയി പഠിക്കുമെന്നാണ് അവന്‍ ചോദിക്കുന്നത്. എന്നുവച്ചു പഠിപ്പിക്കാതിരിക്കാന്‍ പറ്റുമോ’’ - ഷീബ ചോദിച്ചു.
‘ഇനിയൊരു വീട്ടിലും ഇങ്ങനെയൊന്നും സംഭവിക്കരുതേ എന്ന് ഈ രണ്ടു വര്‍ഷം ഞങ്ങള്‍ പ്രാര്‍ഥിച്ചുവോ അതു തന്നെയാണ് വീണ്ടും നടന്നിരിക്കുന്നത്. മാതൃകാപരമായ കടുത്ത ശിക്ഷ ഇല്ലാത്തതും അതുകൊണ്ടു ആര്‍ക്കും യാതൊരു പേടിയില്ലാത്തതുമാണു കൂടുതല്‍ കുടുംബങ്ങളെ തീരാദുഖത്തിലാക്കുന്നതും അകാലത്തില്‍ കുരുന്നുകള്‍ വേര്‍പിരിഞ്ഞുപോകുന്നതിനും കാരണം. നമ്മള്‍ ഇപ്പോഴും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത് അത്രത്തോളം വേദനാജനകമായ നിമിഷങ്ങളിലൂടെയാണ്. ഇനിയും ഒരു കുടുംബവും ഇത്തരത്തില്‍ വിഷമിക്കരുതേ എന്നാണ് ദിവസവും പ്രാര്‍ഥിക്കുന്നത്. അതിനു വേണ്ടിയാണ് ഞങ്ങള്‍ നിയമപരമായി പോരാടുന്നത്. ഞങ്ങളുടെ കുഞ്ഞു പോയി. ഞങ്ങള്‍ക്ക് ഒതുങ്ങി പോകാമായിരുന്നു. പക്ഷേ, മേലില്‍ അങ്ങനെ ഉണ്ടാകാതിരിക്കാനാണ് ഞങ്ങള്‍ പ്രയത്‌നിച്ചിരുന്നത്. വീണ്ടും അങ്ങനെ തന്നെ ഉണ്ടാകുമ്പോള്‍ വലിയ വിഷമമാണ് തോന്നിയത്. അതുകൊണ്ടാണ് നിതിന്റെ വീട്ടില്‍ പോയത്. ഇനിയും അവിടെ പോയി ആശ്വസിപ്പിക്കണമെന്നുണ്ട്. വേറെ ഒന്നും നമുക്ക് ചെയ്യാന്‍ കഴിയില്ലല്ലോ’’ - ഷീബ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S