'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ
Thiruvananthapuram , 14 ഏപ്രില് (H.S.) നിയമസഭാ തിരഞ്ഞെടുപ്പില് ഇത്തവണ നിർണായക മണ്ഡലങ്ങളായ നേമത്തും മഞ്ചേശ്വരത്തും പിന്തുണ ആർക്കെന്ന കാര്യത്തില് വെളിപ്പെടുത്തലുമായി എസ്ഡിപിഐ നേതൃത്വം. കൂടാതെ കേരളത്തില് മൊത്തത്തില് സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെ കു
Assembly election


Thiruvananthapuram , 14 ഏപ്രില് (H.S.)

നിയമസഭാ തിരഞ്ഞെടുപ്പില് ഇത്തവണ നിർണായക മണ്ഡലങ്ങളായ നേമത്തും മഞ്ചേശ്വരത്തും പിന്തുണ ആർക്കെന്ന കാര്യത്തില് വെളിപ്പെടുത്തലുമായി എസ്ഡിപിഐ നേതൃത്വം.

കൂടാതെ കേരളത്തില് മൊത്തത്തില് സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെ കുറിച്ചും ബിജെപിയെ നേരിട്ട രീതിയെ കുറിച്ചും പാർട്ടി നിലപാട് വ്യക്തമാക്കി. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫാണ് തുറന്നുപറച്ചില് നടത്തിയത്.

ആർക്ക് വോട്ട് ചെയ്തു എന്നത് എസ്ഡിപിഐ പ്രവർത്തകർക്ക് മാത്രം അറിയുന്ന കാര്യമാണെന്നും ആരെ പിന്തുണച്ചു എന്നത് പരസ്യമാക്കില്ലെന്നും സിപിഎ ലത്തീഫ് പറഞ്ഞെങ്കിലും ചില മണ്ഡലങ്ങളിലെ നീക്കുപോക്കുകളെ കുറിച്ച് ചില സൂചനകള് നല്കി. സംസ്ഥാനത്ത് യുഡിഎഫ് തരംഗമില്ലെന്നും തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണെന്നും അദ്ദേഹം പറയുന്നു.

എസ്ഡിപിഐ 36 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. മികച്ച മത്സരം കാഴ്ചവെച്ചു. നല്ല വോട്ട് ഷെയർ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റുള്ള മണ്ഡലങ്ങളില്, ഒരു മുന്നണിയ്ക്ക് വോട്ട് ചെയ്യാനാണ് പ്രവർത്തകരോട് ആവശ്യപ്പെട്ടതെന്ന് ലത്തീഫ് പറഞ്ഞു. അത് ഏത് മുന്നണിയാണെന്ന് ലത്തീഫ് വ്യക്തമാക്കിയില്ല. കേരളത്തില് ഒരിടത്തും ബിജെപി ജയിക്കാൻ പോവുന്നില്ലെന്നാണ് എസ്ഡിപിഐ പറഞ്ഞത്.

മഞ്ചേശ്വരത്ത് എസ്ഡിപിഐ വോട്ട് സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായ എകെഎം അഷ്റഫ് പറഞ്ഞിരുന്നു. എസ്ഡിപിഐ മതേതര പാർട്ടിയാണെന്നും അഷ്റഫ് പറഞ്ഞു. മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാനുള്ള നിലപാട് സ്വീകരിച്ചിരുന്നു. മഞ്ചേശ്വരത്തിന് പ്രത്യേക മുൻഗണന കൊടുത്തിട്ടുണ്ട്; ലത്തീഫ് പറയുന്നു.

നേമത്ത് വി ശിവൻകുട്ടിക്ക് തന്നെയാണ് പിന്തുണ നല്കിയത്. നേമത്ത് പ്രത്യേക പശ്ചാത്തലം ഉള്ളതുകൊണ്ട് അങ്ങനെ തീരുമാനിച്ചതായിരുന്നു. ശക്തമായ മത്സരമാണ് നടന്നിരിക്കുന്നത്. സംസ്ഥാനത്ത് തൂക്ക് മന്ത്രി സഭ ആയാലും അത്ഭുതപ്പെടാനില്ല; യുഡിഎഫ് 100 സീറ്റുകള് നേടുമെന്ന അവകാശവാദം ആവർത്തിക്കുന്നതിന് ഇടയില് ലത്തീഫ് പറഞ്ഞു.

അതേസമയം, നേരത്തെ എസ്ഡിപിഐ വോട്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില് ഇരു മുന്നണികളും വിട്ടുപറയാൻ കൂട്ടാക്കിയിരുന്നില്ല. ബിജെപി ഇക്കാര്യത്തില് ഇരു മുന്നണികളെയും ഒരുപോലെ വിമർശിക്കുന്ന ഘട്ടത്തിലായിരുന്നു ഈ നിലപാട്. എന്നാല് നിർണായക മണ്ഡലങ്ങളില് ഉള്പ്പെടെ ഇരു മുന്നണികള്ക്കും ഒരുപോലെ എസ്ഡിപിഐ പിന്തുണ ലഭിച്ചുവെന്നതാണ് ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുന്നത്.

മഞ്ചേശ്വരം സീറ്റില് കഴിഞ്ഞ തവണ നേരിയ വോട്ടുകള്ക്കാണ് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ കടുത്ത മത്സരമാണ് ഇവിടെ നടന്നത്. അത് കൂടി കണക്കിലെടുത്തുള്ള നിലപാടാണ് എസ്ഡിപിഐ സ്വീകരിച്ചതെന്നാണ് അവർ വ്യക്തമാക്കുന്നത്. കൂടാതെ നേമത്ത് മുൻപ് ബിജെപി വിജയിച്ച ചരിത്രം ഉള്ളതിനാല് അവിടെ ശിവൻകുട്ടിക്കാണ് പാർട്ടി പിന്തുണ നല്കിയിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News