Enter your Email Address to subscribe to our newsletters

Kannur , 14 ഏപ്രില് (H.S.)
ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നിതിൻ രാജിനെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റമാണെന്നും കേരളം നിതിന്റെ കുടുംബത്തിനൊപ്പമാണ് എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ഒരു സമൂഹമെന്ന നിലയില് കേരളം ആർജിച്ച മൂല്യങ്ങള് കൈമോശം വന്നോ എന്നു പരിശോധിക്കേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അംബേദ്കർ ജയന്തി ആശംസകള് നേർന്ന് കൊണ്ട് ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
' ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകള് ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ. ജാതിവ്യവസ്ഥക്കെതിരെ അദ്ദേഹം നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്പ്പെടെ കടുത്ത ജാതീയത തലപൊക്കുന്ന ആശങ്ക ജനിപ്പിക്കുന്ന വാർത്തകള്ക്ക് നടുവിലാണ് നാമിന്നുള്ളത്. ഒരു സമൂഹമെന്ന നിലയില് കേരളം ആർജിച്ച മൂല്യങ്ങള് കൈമോശം വന്നോ എന്നു പരിശോധിക്കേണ്ട ഘട്ടമാണിത്. കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കല് കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണ്.
പുരോഗമന കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത വാർത്തകളാണ് തിരുവനന്തപുരം ഉഴമലക്കല് സ്വദേശി നിതിൻരാജിന്റെ മരണത്തെ തുടർന്ന് പുറത്തു വരുന്നത്. മിടുക്കനായ വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റമാണ് അത്. കേരളമാകെ നിതിൻ രാജിന്റെ കുടുംബത്തിനൊപ്പമാണ്.
ക്യാമ്പസ്സുകളിലെ ജാതീയ വിവേചനങ്ങള് നിയമംമൂലം അവസാനിപ്പിക്കാൻ രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന ദീർഘകാല ആവശ്യം പരിഗണിക്കാൻ കേന്ദ്രസർക്കാർ ഇനിയും തയ്യാറായിട്ടില്ല. പകരം കൊണ്ടുവന്ന യുജിസി മാർഗ നിർദ്ദേശങ്ങള് സുപ്രീം കോടതി മരവിപ്പിച്ചിരിക്കുകയുമാണ്.
ജാതിവിവേചനമുള്പ്പെടെയുള്ള വിഭജനവും വിദ്വേഷവും വളർത്തുന്ന പ്രവണതകള്ക്കെതിരെ നാം ഒരുമിച്ച് നിലകൊള്ളേണ്ട സമയം കൂടിയാണിത്. സമത്വത്തിലും സാമൂഹ്യ നീതിയിലുമധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്കായി അംബേദ്കറിന്റെ ആശയങ്ങളും ഓർമ്മകളും നമുക്ക് ശക്തി പകരട്ടെ. എല്ലാവർക്കും അംബേദ്കർ ജയന്തി ആശംസകള്''.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR