Enter your Email Address to subscribe to our newsletters

Kannur , 14 ഏപ്രില് (H.S.)
അഞ്ചരക്കണ്ടി ഡെൻ്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ അധ്യാപകർ ഒളിവിൽ. ദലിത് വിദ്യാർഥിയായ നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതിന് എച്ച്.ഒ.ഡിക്കും മറ്റൊരു അധ്യാപികയ്ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും ആത്മഹത്യ പ്രേരണാക്കുറ്റവുമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രതികളെ പിടികൂടാൻ രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ആരോപണവിധേയരായ അധ്യാപകരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സംഭവത്തിൽ നിതിൻ്റെ സുഹൃത്തുക്കൾ, സഹപാഠികൾ, മറ്റ് അധ്യാപകർ, മാനേജ്മെൻ്റ് പ്രതിനിധികൾ എന്നിവരുടെ മൊഴികൾ പൊലീസ് വൈകാതെ രേഖപ്പെടുത്തും. നിലവിൽ വിഷു അവധിയായതിനാൽ മിക്ക വിദ്യാർഥികളും ക്യാമ്പസിലില്ല. ഇത് മൊഴിയെടുക്കുന്നതിനെ താത്കാലികമായി ബാധിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ വീട്ടിലെത്തി നിതിൻ്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. അധ്യാപകർ നിതിനെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം പൊലീസിനെ അറിയിച്ചു. നിതിൻ്റെ കുടുംബം ഡി.ജി.പിയെ നേരിൽ കണ്ട് പരാതി നൽകിയിട്ടുണ്ട്.
മാനേജ്മെൻ്റിനെതിരെ ആരോപണം
അതേസമയം ലോൺ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളാണ് വിദ്യാർഥിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് വരുത്തിത്തീർക്കാൻ കോളജ് മാനേജ്മെൻ്റ് ശ്രമിക്കുന്നതായി ആരോപണമുണ്ട്. നിതിൻ ഒരു ഓൺലൈൻ ആപ്പിൽ നിന്ന് ലോൺ എടുത്തിരുന്നെന്നും അത് തിരിച്ചടക്കാത്തതിനെ തുടർന്ന് അധ്യാപികയുടെ ഫോണിലേക്ക് നിരന്തരം കോളുകൾ വന്നിരുന്നെന്നുമാണ് മാനേജ്മെൻ്റ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അധ്യാപിക സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് ഉപയോഗിച്ച് കേസ് വഴിതിരിച്ചുവിടാനാണ് ശ്രമമെന്ന് വിദ്യാർഥികൾ ആരോപിച്ചു.
മുമ്പും പരാതികൾ
വിദ്യാർഥികളെ അധ്യാപകർ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും എം.കെ രാം എന്ന അധ്യാപകനെതിരെ മുമ്പും സമാന പരാതികൾ ഉണ്ടായിരുന്നതായും സഹപാഠികൾ വ്യക്തമാക്കി. ആൺകുട്ടികളെ മർദിക്കുക, പെൺകുട്ടികളോട് മോശമായി പെരുമാറുക തുടങ്ങിയ ആരോപണങ്ങൾ ഇദ്ദേഹത്തിനെതിരെയുണ്ട്. ഇത്തരം പരാതികളുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ നേരത്തെ സസ്പെൻഷൻ നടപടികളും ഉണ്ടായിട്ടുണ്ട്.
പൊലീസ് നടപടികൾ
പൊലീസ് അന്വേഷണം വിപുലീകരിച്ചു. അഞ്ചരക്കണ്ടി ഡെൻ്റൽ കോളജിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ അന്വേഷണ സംഘം പരിശോധിക്കും. ഇതിനുപുറമെ നിതിൻ്റെ ഫോൺ രേഖകളും പൊലീസ് കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. ലോൺ ആപ്പുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ, ഫോൺ കോളുകൾ എന്നിവയുടെ നിജസ്ഥിതി അറിയാൻ സൈബർ പൊലീസിൻ്റെ സഹായവും തേടിയിട്ടുണ്ട്.
വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴികൾ വിശദമായി രേഖപ്പെടുത്തിയ ശേഷം പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനാണ് പൊലീസിൻ്റെ നീക്കം. പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതിനാൽ എത്രയും വേഗം അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദേശം.
പ്രതിഷേധം ശക്തം
വിഷയത്തിൽ വിദ്യാർഥി സംഘടനകളുടെയും യുവജന സംഘടനകളുടെയും പ്രതിഷേധം ശക്തമാണ്. എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, എം.എസ്.എഫ്, ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, മഹിള അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകൾ ഡെൻ്റൽ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR