Enter your Email Address to subscribe to our newsletters

Kochi, 14 ഏപ്രില്‍ (H.S.)
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒരു ബിഡിഎസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ അതീവ ദുഃഖകരവും ഗൗരവമുള്ളതുമാണ്. ഒരു യുവജീവിതം നഷ്ടപ്പെട്ടത് സമൂഹത്തിനും ആരോഗ്യരംഗത്തിനും വലിയ നഷ്ടവുമാണ്.
വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ അധ്യാപകര്‍ മാതാപിതാക്കളെപ്പോലെ കരുതലും മാര്‍ഗ്ഗനിര്‍ദേശവും നല്‍കേണ്ടവരാണ്. അക്കാദമിക് വളര്‍ച്ചയ്ക്കൊപ്പം അവരുടെ മാനസികാരോഗ്യവും ആത്മവിശ്വാസവും സംരക്ഷിക്കുക എന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്വമാണ്. വിദ്യാര്‍ത്ഥികളോട് ഏതുതരത്തിലുള്ള മാനസിക പീഡനമോ അപമാനകരമായ പെരുമാറ്റമോ ഉണ്ടായാലും അത് ഒരിക്കലും അംഗീകരിക്കാനാവില്ല.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും മാനസികാരോഗ്യ സ്‌ക്രീനിംഗും കാലാനുസൃതമായ കൗണ്‍സിലിംഗും നടപ്പാക്കണം. ഓരോ സ്ഥാപനത്തിലും സ്വതന്ത്രവും വിശ്വാസ്യതയുള്ളതുമായ വിദ്യാര്‍ത്ഥി പരാതി പരിഹാര സമിതികളും ആന്റി-ഹരാസ്‌മെന്റ് സെല്ലുകളും സജീവമായി പ്രവര്‍ത്തിക്കണം. അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ള മാനസിക സമീപനവും ആശയവിനിമയ രീതികളും മെച്ചപ്പെടുത്തുന്നതിനായി സ്ഥിരമായ സെന്‍സിറ്റൈസേഷന്‍ പരിശീലനങ്ങള്‍ നല്‍കേണ്ടതാണ്. അനാമധേയമായി പരാതികള്‍ നല്‍കാനുള്ള സംവിധാനവും അതിന് വേഗത്തിലുള്ള പ്രതികരണവും ഉറപ്പാക്കണം. കൂടാതെ, ഓരോ വിദ്യാര്‍ത്ഥിക്കും ഒരു മെന്റര്‍ സംവിധാനം ഏര്‍പ്പെടുത്തി അവരുടെ അക്കാദമിക്-മാനസിക പ്രശ്‌നങ്ങള്‍ നേരത്തെ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യണം. രക്ഷിതാക്കളുമായി സമയബന്ധിതമായ ആശയവിനിമയം ഉറപ്പാക്കുകയും, ഗുരുതര സാഹചര്യങ്ങളില്‍ ത്വരിത ഇടപെടലിനുള്ള ക്രൈസിസ് മാനേജ്‌മെന്റ് പ്രോട്ടോക്കോളുകളും എല്ലാ സ്ഥാപനങ്ങളിലും നടപ്പിലാക്കേണ്ടതാണ്.
ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. മേനോനും, സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആര്‍. ചന്ദ്രനും ആവശ്യപ്പെടുന്നു.
അതോടൊപ്പം, ഈ സംഭവത്തില്‍ പൊലീസ് അന്വേഷണം അതിവേഗം നിര്‍വഹിക്കപ്പെടുകയും സത്യാവസ്ഥ പുറത്തുകൊണ്ടുവരുകയും വേണം.
ഈ ദുഃഖകരമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥിയുടെ കുടുംബത്തോടും സഹപാഠികളോടും ഐ.എം.എ. കേരള സംസ്ഥാന ഘടകം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.
---------------
Hindusthan Samachar / Sreejith S