Enter your Email Address to subscribe to our newsletters

Thiruvananthapuram, 14 ഏപ്രില്‍ (H.S.)
പെരുമാറ്റ ചട്ടം നിലനിൽക്കെ പുതിയ സർക്കാർ അധികാരത്തിൽ വരുന്നതിനുമുമ്പ് തിരക്കിട്ട് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് നിയമനം നടത്താൻ സർക്കാർ തലത്തിൽ നീക്കം.
മാർച്ച് മാസത്തിലാണ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി അധ്യക്ഷനായുള്ള കൗൺസിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റിനെ നിയമിക്കുന്നത് സർക്കാരാണ്.
സംസ്ഥാനത്തെ സർവ്വകലാശാലകളിലും കോളേജുകളിലും ശാസ്ത്ര സാങ്കേതിക ഗവേഷണത്തിന് കേന്ദ്രസർക്കാർ അനുവദിക്കുന്ന കോടി കണക്കിന് രൂപയുടെ പ്രൊജക്ടുകൾ ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ ചുമതലയിലാണ് നടക്കുന്നത്.
തിരുവനന്തപുരം പാലോട് ബൊട്ടാണിക്ക ഗാർഡൻ,വാട്ടർ റിസോഴ്സസ് സെൻറർ, വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്,നാറ്റ്പാക്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ
തലവനാണ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്..
ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണ പരിചയവും ഭരണ പരിചയവും കണക്കിലെടുത്താണ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. നാല്പതോളം പേർ അപേക്ഷകരായുണ്ട്. ഏപ്രിൽ മാസം 25-ആം തീയതിയാണ് ഇൻറർവ്യൂ നിശ്ചയിച്ചിരിക്കുന്നത്.അഞ്ചു വർഷ കാലാവധിയിലാണ് നിയമനം.
സമാന രീതിയിൽ സർക്കാർ ശുപാർശ ചെയ്ത പിഎസ്‌സി അംഗങ്ങളുടെയും, ഇൻഫർമേഷൻ കമ്മീഷണറുടെയും പഞ്ചായത്ത് ഓംബുഡ്സ്മാന്റെയും നിയമനങ്ങൾ ഗവർണർ തടഞ്ഞു വച്ചിരിക്കുമ്പോഴാണ് സർക്കാർ ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് നിയമനം നടത്തുവാൻ തിരക്കുകൂട്ടുന്നത്.
സംസ്ഥാന ആസൂത്രണ ബോർഡിൻറെ ചെയർമാൻ വി.കെ. രാമചന്ദ്രനെയാണ് സേർച്ച് കമ്മിറ്റിയുടെ അധ്യക്ഷനായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. സർക്കാരിന്റെ താൽപര്യം സംരക്ഷിക്കുന്നതിന് വിസി നിയമനങ്ങൾക്കുള്ള സേർച്ച് കമ്മിറ്റിയിൽ സ്ഥിരമായി പ്രതിനിധീകരിക്കുന്ന വ്യക്തിയെ തന്നെ വിവാദ ഇൻറർവ്യൂ ബോർഡിന്റെ അധ്യക്ഷനായി നിയോഗിച്ചത് ആസൂത്രിതമായാണെന്ന് ആക്ഷേപമുണ്ട്.
ശാസ്ത്രജ്ഞരല്ലാത്ത പ്ലാനിങ് ബോർഡ് ചെയർമാനും, ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി ഡോ സജി ഗോപിനാഥും, മെഡിക്കൽ ഡോക്ടറായ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും ചേർന്നുള്ള സമിതിയെ സയൻസ് ആൻഡ് ടെക്നോളജി കൗൺസിലിന്റെ തലവനായ ഒരു ശാസ്ത്രജ്ഞനെ തെരഞ്ഞെടുക്കുവാനുള്ള ഇൻറർവ്യൂ ബോർഡിലേയ്ക്ക് നിയോഗിച്ചതിൽ അനൗചിത്യമുണ്ട്.
വിസി പദവിയ്ക്ക് സർക്കാർ ഗവർണറോട് ശുപാർശ ചെയ്തിരുന്ന വ്യക്തിയെ നിയമിക്കുന്നതിനു വേണ്ടിയാണ് സർക്കാർ തിരക്കിട്ട് ഇന്റർവ്യൂ നിശ്ചയിച്ചതെന്ന് ആരോപണമുണ്ട്.
പെരുമാറ്റ ചട്ടം നിലനിൽക്കുന്നതു കൊണ്ട് ഏപ്രിൽ 25 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഇൻറർവ്യൂ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
---------------
Hindusthan Samachar / Sreejith S