തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ തീപിടിത്തം
Alappuzha , 14 ഏപ്രില് (H.S.) തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ തീപിടിത്തം. ആശുപത്രി കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ മരുന്നുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിച്ചത്. പകൽ സമയത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കെട്ടിടത്തിൽ നിന്നും വലിയ രീതിയിൽ പുക ഉ
Fire accident


Alappuzha , 14 ഏപ്രില് (H.S.)

തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ തീപിടിത്തം. ആശുപത്രി കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ മരുന്നുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിച്ചത്. പകൽ സമയത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കെട്ടിടത്തിൽ നിന്നും വലിയ രീതിയിൽ പുക ഉയർന്നത് പ്രദേശത്ത് കടുത്ത പരിഭ്രാന്തി പരത്തി. തീപിടിത്തമുണ്ടാകുമ്പോൾ നിരവധി രോഗികൾ ആശുപത്രിയിലുണ്ടായിരുന്നു.

ഇവരെയും ജീവനക്കാരെയും ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും കാര്യമായ പരിക്കില്ലെന്നാണ് ഔദ്യോഗിക വിവരം. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഏറെനേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്. തീപിടിത്തമുണ്ടാകുന്ന സമയത്ത് 11 ഡയാലിസിസ് രോഗികളും ഗർഭിണികളായ നാലുപേരും മറ്റ് 10 രോഗികളുമാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്

തീയും പുകയും ഉയർന്നതോടെ ജീവനക്കാരടക്കം എല്ലാവരെയും അതിവേഗം കെട്ടിടത്തിൽ നിന്നും പുറത്തെത്തിച്ചു. ഇവരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ പ്രസവത്തിനായി ലേബർ റൂമിലുണ്ടായിരുന്ന യുവതിയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവർ പിന്നീട് അവിടെ സുഖപ്രസവം നടത്തി. കെട്ടിടത്തിൻ്റെ മൂന്നാമത്തെയും രണ്ടാമത്തെയും നിലകളിലുള്ള ആളുകളെ ആദ്യം തന്നെ താഴത്തെ നിലയിലേക്ക് മാറ്റാൻ കഴിഞ്ഞത് വലിയ ആശ്വാസമായി.

കാരണം ഷോർട്ട് സർക്യൂട്ട്

വിവരം അറിഞ്ഞയുടൻ ചേർത്തല, ആരൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.

കുത്തിയതോട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും നാട്ടുകാരും ഒന്നടങ്കം രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു. ഗോഡൗണിലെ എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരുന്നുകൾ സൂക്ഷിച്ചിരുന്ന മുറിയായതിനാൽ തീ വളരെ വേഗം പടരുകയായിരുന്നു. വലിയ തോതിൽ പുക ഉയർന്നത് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് കനത്ത തടസം സൃഷ്ടിച്ചിരുന്നു.

ഗതാഗതം സ്തംഭിച്ചുതീപിടിത്തത്തെ തുടർന്ന് ആശുപത്രിക്ക് മുന്നിലെ ദേശീയപാതയിൽ വാഹനങ്ങളുടെ ഗതാഗത കുരുക്ക് അതിരൂക്ഷമായി. തുടർന്ന് പൊലീസെത്തിയാണ് വാഹനഗതാഗതം നിയന്ത്രിച്ചത്. തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ കത്തിനശിച്ചതായാണ് വിവരം. ഇതിൻ്റെ കൃത്യമായ കണക്കുകൾ ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. ആശുപത്രി കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

തീപിടിത്തം സംബന്ധിച്ച് ആരോഗ്യവകുപ്പും അഗ്നിരക്ഷാസേനയും സംയുക്തമായി വിശദമായ അന്വേഷണം നടത്തും. ആശുപത്രിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News