Enter your Email Address to subscribe to our newsletters

Washington , 14 ഏപ്രില് (H.S.)
യുദ്ധം അവസാനിപ്പിക്കാനായി ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകളിൽ ഇറാൻ അമേരിക്കയുടെ നിലപാടുകളോട് അനുകൂലമായി പ്രതികരിച്ചെന്നും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇനി തീരുമാനമെടുക്കേണ്ടത് ഇറാനാണെന്നും യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ്. കഴിഞ്ഞ വാരാന്ത്യത്തിൽ ഇസ്ലാമാബാദിൽ 21 മണിക്കൂർ നീണ്ടുനിന്ന ചർച്ചകളിൽ ഇറാനും അമേരിക്കയും തമ്മിൽ അന്തിമ കരാറിലെത്തുന്നതിൽ പരാജയപ്പെട്ടിരുന്നു. ആണവ ഇന്ധന സമ്പുഷ്ടീകരണത്തിനുള്ള അവകാശം വിട്ടുനൽകാൻ ഇറാൻ വിസമ്മതിച്ചതാണ് ഇതിന് കാരണമായി അമേരിക്ക ചൂണ്ടിക്കാട്ടുന്നത്.
കാര്യങ്ങൾ തെറ്റായ വഴിയിലാണെന്ന് ഞാൻ പറയില്ല. പല കാര്യങ്ങളും ശരിയായ ദിശയിലാണ് നടന്നത്. ഞങ്ങൾ ഒരുപാട് പുരോഗതി കൈവരിച്ചു, വാൻസ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. അവർ ഞങ്ങളുടെ നിലപാടുകളോട് സഹകരിച്ചു, അതുകൊണ്ടാണ് നല്ല സൂചനകൾ ഉണ്ടെന്ന് ഞങ്ങൾ പറയുന്നത്. പക്ഷേ അവർ വേണ്ടത്ര വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല, വാൻസ് കൂട്ടിച്ചേർത്തു. പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരടങ്ങുന്ന യുഎസ് പ്രതിനിധി സംഘത്തെ നയിച്ചത് വാൻസ് ആയിരുന്നു. ഇറാനു വേണ്ടി പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരാണ് ചർച്ചകളിൽ പങ്കെടുത്തത്.
ഇറാൻ്റെ ആണവ അഭിലാഷങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ കർശന വ്യവസ്ഥകൾ അംഗീകരിക്കപ്പെടുകയാണെങ്കിൽ, അത് ഇരുരാജ്യങ്ങൾക്കും വളരെ നല്ലൊരു കരാറായിരിക്കുമെന്ന് വാൻസ് ഊന്നിപ്പറഞ്ഞു. തുടർ ചർച്ചകൾ വേണോ എന്നും കരാറിൽ എത്തണോ എന്നും തീരുമാനിക്കേണ്ടത് ഇറാനാണ്. കാരണം ഞങ്ങൾ പല നിർദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. ഇനി പന്ത് ഇറാൻ്റെ കോർട്ടിലാണ്, വാൻസ് പറഞ്ഞു.
പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകളിൽ ഇറാൻ പ്രതിനിധികൾക്ക് അന്തിമ തീരുമാനമെടുക്കാൻ കഴിയാഞ്ഞതാണ് ചർച്ചകൾ അവസാനിക്കാൻ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. ടെഹ്റാനിൽ യഥാർത്ഥത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ആരാണെന്നതിനെക്കുറിച്ച് ഈ ചർച്ചകൾ ഉൾക്കാഴ്ച നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചയ്ക്കെത്തിയ സംഘത്തിന് സ്വന്തമായി ഒരു കരാറിൽ ഒപ്പിടാൻ കഴിഞ്ഞില്ലെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. ഞങ്ങൾ മുന്നോട്ടുവച്ച വ്യവസ്ഥകൾ അംഗീകരിക്കുന്നതിന് അവർക്ക് ടെഹ്റാനിൽ തിരിച്ചെത്തി പരമോന്നത നേതാവിൽ നിന്നോ മറ്റാരെങ്കിലും നിന്നോ അനുമതി വാങ്ങേണ്ടതുണ്ട്, വാൻസ് വിശദീകരിച്ചു.
ഇറാൻ ഒരിക്കലും ആണവായുധം കൈവശം വെക്കരുത് എന്ന പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിലപാടിനോട് താൻ നൂറു ശതമാനം യോജിക്കുന്നുവെന്ന് വാൻസ് വ്യക്തമാക്കി. ഇറാൻ ഒരു ആണവായുധം നിർമ്മിക്കാൻ പാടില്ലെന്ന കാര്യത്തിൽ ഞാൻ പ്രസിഡൻ്റിനൊപ്പമാണ്. ആണവ ബോംബ് കൂടി ഇറാൻ്റെ കൈവശമെത്തിയാൽ ലോകത്തിന് മേൽ അവർക്ക് എത്രത്തോളം സ്വാധീനം ചെലുത്താനാകുമെന്ന് ചിന്തിച്ചു നോക്കൂ, അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിൽ ഇത്രയും ഉയർന്ന തലത്തിൽ ചർച്ച നടത്തുന്നത് ഇതാദ്യമാണെന്നും അതൊരു പോസിറ്റീവ് ആയ കാര്യമാണെന്നും ചർച്ചകളിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വർധിച്ചുവരുന്ന ഊർജ്ജ വില (ഇന്ധന വില) ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും എന്നാൽ ഇത് ശാശ്വതമായിരിക്കില്ലെന്നും വാൻസ് പറഞ്ഞു. അമേരിക്കൻ ജനത അനുഭവിക്കുന്ന ബുദ്ധിമുട്ട് ഞങ്ങൾക്കറിയാം. അതുകൊണ്ടാണ് ഇന്ധന വില കുറയ്ക്കുന്നതിനായി ഞങ്ങൾ ഇത്രയും ശക്തമായി ചർച്ചകൾ നടത്തുന്നത്. അതിനായുള്ള ശ്രമങ്ങൾ തുടരും, അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ പ്രകോപനപരമായ നടപടികൾ ആഗോള സമാധാനത്തിന് ഭീഷണി: ഇറാൻ വിദേശകാര്യ മന്ത്രി
അതേസമയം, അമേരിക്കയ്ക്കെതിരെ രൂക്ഷ വിമര്ശനവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. അമേരിക്കയുടെ പ്രകോപനപരമായ നടപടികൾ ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഈ ആശങ്ക പങ്കുവെച്ചത്.
ഇസ്ലാമാബാദിൽ ഏപ്രിൽ 11, 12 തീയതികളിൽ നടന്ന ഇറാൻ-യുഎസ് ചർച്ചകൾക്കും വെടിനിർത്തൽ പ്രഖ്യാപനത്തിനും ശേഷമുള്ള പ്രാദേശിക സാഹചര്യങ്ങൾ ഇരുനേതാക്കളും വിലയിരുത്തി. പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും അമേരിക്ക നടത്തുന്ന പ്രകോപനങ്ങൾ മേഖലയുടെ സുരക്ഷയെ ദോഷകരമായി ബാധിക്കുമെന്ന് അരാഗ്ചി ചൂണ്ടിക്കാട്ടി.
രണ്ടാഴ്ചത്തെ വെടിനിർത്തലിനെ സ്വാഗതം ചെയ്ത റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, ഈ കരാറുകൾ ലെബനനിലേക്കും വ്യാപിപ്പിക്കണമെന്നാണ് റഷ്യ വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കി. ഇറാനെതിരെയുള്ള അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിൻ്റെ പ്രത്യാഘാതങ്ങൾ മറികടക്കാൻ പരിഹാരങ്ങൾ കണ്ടെത്താൻ റഷ്യ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. സായുധ സംഘട്ടനങ്ങൾ ആവർത്തിക്കാതിരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പ്രതിസന്ധി പരിഹരിക്കാനുള്ള റഷ്യയുടെ സന്നദ്ധതയെക്കുറിച്ചും ലാവ്റോവ് ഊന്നിപ്പറഞ്ഞു.
അതേസമയം, മിഡിൽ ഈസ്റ്റ് മേഖലയിൽ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെ 15 യുദ്ധക്കപ്പലുകൾ അമേരിക്ക വിന്യസിച്ചിട്ടുണ്ട്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഉത്തരവിനെത്തുടർന്ന് ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കാൻ ഇവ ഉപയോഗിച്ചേക്കാം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇറാൻ ഉദ്യോഗസ്ഥരുമായി നേരിട്ടുള്ള മറ്റൊരു കൂടിക്കാഴ്ച നടത്താനുള്ള ആലോചനയിലാണ് അമേരിക്കൻ ഉദ്യോഗസ്ഥർ. ഇതിനുള്ള സമയവും സ്ഥലവും തീരുമാനിക്കുന്ന കാര്യത്തിൽ ചർച്ചകൾ നടന്നുവരികയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR