കഞ്ഞിക്കുഴി കർഷകർക്ക് പച്ചക്കറികളുടെ വിപണനകാലം
Alappuzha , 14 ഏപ്രില് (H.S.) കഞ്ഞിക്കുഴിയിലെ കർഷകർക്ക് വിഷുക്കാലം പച്ചക്കറികളുടെ മികച്ച വിപണനകാലമായി മാറി. ജനുവരി മുതൽ ആരംഭിച്ച കൃഷിയിൽ കണിവെള്ളരി, കണിമത്തൻ എന്നിവയുടെ വിളവെടുപ്പ് പൂർത്തിയായി. മുൻകൂർ ബുക്കിങ്ങിലൂടെയാണ് ഭൂരിഭാഗം കർഷകരും തങ്ങളുടെ ഉ
Vegetable Harvesting


Alappuzha , 14 ഏപ്രില് (H.S.)

കഞ്ഞിക്കുഴിയിലെ കർഷകർക്ക് വിഷുക്കാലം പച്ചക്കറികളുടെ മികച്ച വിപണനകാലമായി മാറി. ജനുവരി മുതൽ ആരംഭിച്ച കൃഷിയിൽ കണിവെള്ളരി, കണിമത്തൻ എന്നിവയുടെ വിളവെടുപ്പ് പൂർത്തിയായി. മുൻകൂർ ബുക്കിങ്ങിലൂടെയാണ് ഭൂരിഭാഗം കർഷകരും തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിച്ചത്. വിഷരഹിത പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറിയതോടെ കർഷകർക്ക് മികച്ച വരുമാനവും ലഭിക്കുന്നുണ്ട്.

സംസ്ഥാന കർഷക അവാർഡ് ജേതാക്കളായ ശുഭകേശൻ, സാനു, സുനിൽ, സുജിത്ത്, രേഷ്മ, ആഷ എന്നിവർ വൻതോതിൽ കണിവെള്ളരിയും അസിളി മത്തനും ഇതിനകം വിറ്റുതീർത്തു. ശുഭകേശൻ തൻ്റെ കൃഷിയിടത്തിൽത്തന്നെയാണ് പച്ചക്കറി വിപണനം ഒരുക്കിയത്. ഇതിനാൽ കൃഷിയിടം സന്ദർശിക്കാനും ഗുണനിലവാരമുള്ള പച്ചക്കറികൾ നേരിട്ട് വാങ്ങാനുമായി നിരവധിയാളുകൾ എത്തുന്നുണ്ട്.

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. എം സന്തോഷ്കുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ലജിത തിലകൻ, പഞ്ചായത്തംഗം സജിത ബൈജു, കർമസേന കൺവീനർ ജി ഉദയപ്പൻ, ഫാം ഇൻഫർമേഷൻ ഉദ്യോഗസ്ഥൻ സുമേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇവരെക്കൂടാതെ പയർ, പടവലം, പാവൽ, പീച്ചിൽ, മത്തൻ, ഇളവൻ, വെണ്ട തുടങ്ങി ഒട്ടേറെ പച്ചക്കറികളും കർഷകർ പാടശേഖരങ്ങളിലും പറമ്പുകളിലുമായി കൃഷിചെയ്തിട്ടുണ്ട്.

വിഷരഹിത വിഷുക്കണി

കർഷകനായ സാനു പാപ്പറമ്പിൽ ഇത്തവണ തികച്ചും പരമ്പരാഗത രീതിയിലാണ് പാവൽ കൃഷിയിറക്കിയത്. പ്രിയങ്ക, മായ എന്നീ മികച്ച ഇനത്തിലുള്ള പാവലാണ് അദ്ദേഹം കൃഷി ചെയ്തത്. ഇതിനൊപ്പം വിഷരഹിത പച്ചക്കറികൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക വിഷുക്കണി കിറ്റും ഇത്തവണ വിപണിയിലിറക്കുന്നുണ്ട്. കാട്ടുകട എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ 450 രൂപ നിരക്കിലാണ് വിഷുക്കണിക്കാവശ്യമായ പച്ചക്കറികൾ, പഴവർഗങ്ങൾ, കൊന്നപ്പൂവ് എന്നിവ ജനങ്ങൾക്ക് ലഭ്യമാക്കുന്നത്.

ഇടയ്ക്കിടെ പെയ്ത മഴ വിഷുക്കാലം ലക്ഷ്യമിട്ട് ആരംഭിച്ച കൃഷിയെ ബാധിച്ചെങ്കിലും മികച്ച വിളവുണ്ടാക്കാൻ ശുഭകേശൻ ഉൾപ്പെടെയുള്ള കർഷകർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. വിഷരഹിത പച്ചക്കറികളാൽ സമ്പന്നമായ വിഷുക്കണി ഒരുക്കാൻ ഇത്തവണ മലയാളികൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പട്ടത്താനം സജി, പ്രതാപൻ, പി കെ ശശി, ഹരിദാസ് പുത്തൻവെളി, സാം ബശിവൻ പുത്തൻവെളി, ശശികല പുഴാരത്ത്, പുഷ്പജൻ ഉത്തരപ്പള്ളി, സാബു, പ്രസാദ്, സതീഷ്, പ്രദീപ് അറക്കൽ, ചന്ദ്രബാബു കരിമറ്റത്തിൽ, ഹരിദാസ് കൂലവടി, അനീഷ് കിഴക്കേവെളി, കുഞ്ഞുമോൻ സായി, ആനന്ദൻ അഞ്ചാതറ തുടങ്ങിയ കർഷകർക്കെല്ലാം വിഷുക്കാല കൃഷിയിൽ മികച്ച വിളവാണ് ലഭിച്ചത്.

അതേസമയം ദേശീയപാത നിർമാണം കാരണം ചെറിയ പാതയോര വിപണന കേന്ദ്രങ്ങൾ പൊളിച്ചു മാറ്റേണ്ടിവന്നത് കർഷകരുടെ നേരിട്ടുള്ള വിപണനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തും കൃഷിഭവനും വിഷുക്കാല പച്ചക്കറി കൃഷിക്കാവശ്യമായ നടീൽവസ്തുക്കൾ കൃത്യമായി നൽകി കർഷകരെ സഹായിച്ചിരുന്നു. ഇതിന് പുറമെ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ സംഘകൃഷിയും ഇത്തവണ സജീവമായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News