അമേരിക്കയിൽ നടക്കുന്ന ലെബനൻ-ഇസ്രയേൽ നേരിട്ടുള്ള ചർച്ചകളിൽ ഉണ്ടാകുന്ന ഒരു കരാറും തങ്ങൾ അംഗീകരിക്കില്ലെന്ന് ലെബനൻ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള
Beirut, 14 ഏപ്രില് (H.S.) അമേരിക്കയിൽ നടക്കുന്ന ലെബനൻ-ഇസ്രയേൽ നേരിട്ടുള്ള ചർച്ചകളിൽ ഉണ്ടാകുന്ന ഒരു കരാറും തങ്ങൾ അംഗീകരിക്കില്ലെന്ന് ലെബനൻ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള. ഈ ചർച്ചകളെ തങ്ങൾ ശക്തമായി എതിർക്കുന്നുവെന്ന് മുതിർന്ന ഹിസ്ബുള്ള ഉദ്യോഗസ്ഥൻ വഫീഖ് സ
HEZBOLLAH REJECTION


Beirut, 14 ഏപ്രില് (H.S.)

അമേരിക്കയിൽ നടക്കുന്ന ലെബനൻ-ഇസ്രയേൽ നേരിട്ടുള്ള ചർച്ചകളിൽ ഉണ്ടാകുന്ന ഒരു കരാറും തങ്ങൾ അംഗീകരിക്കില്ലെന്ന് ലെബനൻ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള. ഈ ചർച്ചകളെ തങ്ങൾ ശക്തമായി എതിർക്കുന്നുവെന്ന് മുതിർന്ന ഹിസ്ബുള്ള ഉദ്യോഗസ്ഥൻ വഫീഖ് സഫ തിങ്കളാഴ്ച അറിയിച്ചു. വാഷിങ്ടണിൽ ലെബനൻ, ഇസ്രയേൽ അംബാസഡർമാർ തമ്മിൽ നടക്കാനിരിക്കുന്ന നിർണായക ചർച്ചകൾക്ക് മുന്നോടിയായാണ് ഹിസ്ബുള്ളയുടെ പൊളിറ്റിക്കൽ കൗൺസിലിലെ ഉയർന്ന ഉദ്യോഗസ്ഥനായ വഫീഖ് ഇക്കാര്യം അറിയിച്ചത്.

നയതന്ത്രബന്ധമില്ലാത്ത ലെബനനും ഇസ്രയേലും പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് നേരിട്ട് ചർച്ച നടത്തുന്നത്. ലെബനനും ഇസ്രയേൽ എന്ന ഞങ്ങളുടെ ശത്രു രാജ്യവും തമ്മിലുള്ള ഈ ചർച്ചകളുടെ ഫലങ്ങളിൽ ഞങ്ങൾക്ക് താൽപ്പര്യമോ ആശങ്കയോ ഇല്ല. അവർ എന്ത് ധാരണയിലെത്തിയാലും അത് ഞങ്ങളെ ബാധിക്കില്ല, അത് ഞങ്ങള് അംഗീകരിക്കാൻ പോകുന്നില്ല അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സഫ പറഞ്ഞു.

ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധത്തിൽ വെടിനിർത്തൽ ഉറപ്പാക്കാനാണ് ലെബനൻ ഭരണകൂടം ഈ യുഎസ് ചർച്ചകളിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ഹിസ്ബുള്ളയെ നിരായുധരാക്കുക, ലെബനനുമായി സമാധാന കരാർ ഉണ്ടാക്കുക എന്നിവയാണ് ലക്ഷ്യമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹിസ്ബുള്ളയുമായി വെടിനിർത്തൽ ഉണ്ടാകില്ലെന്ന് നെതന്യാഹുവിന്റെ വക്താവ് വ്യക്തമാക്കി.

യുഎസ്-ഇറാൻ ചർച്ചകളിൽ ലെബനനെ ഉൾപ്പെടുത്താൻ ഇറാൻ ശ്രമിച്ചെങ്കിലും ഇസ്രയേലും യുഎസും അത് നിരസിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷം ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണങ്ങൾ നിർത്തിയെങ്കിലും തെക്കൻ ലെബനനിൽ ശക്തമായ ആക്രമണം തുടരുകയാണ്. മാർച്ച് 2-ന് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ യുദ്ധം തുടങ്ങിയതിന് പിന്നാലെയാണ് ഹിസ്ബുള്ള പോരാട്ടത്തിലേക്ക് കടന്നത്. ഈ യുദ്ധം ലെബനനിൽ 10 ലക്ഷത്തിലധികം ആളുകളെ കുടിയൊഴിപ്പിക്കുകയും 2000-ത്തിലധികം പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. ഹിസ്ബുള്ളയെ നശിപ്പിക്കാനുള്ള ഇസ്രയേൽ നീക്കത്തെ തടയാനുള്ള മുൻകൂർ പ്രതിരോധമായിരുന്നു തങ്ങളുടെ നീക്കമെന്ന് സഫ അവകാശപ്പെട്ടു.

കഴിഞ്ഞ ബുധനാഴ്ച നടത്തിയ ആക്രമണത്തിൽ 250 ഹിസ്ബുള്ള പോരാളികളെ കൊലപ്പെടുത്തിയെന്ന ഇസ്രയേൽ അവകാശവാദം സഫ തള്ളി. ബെയ്റൂട്ടിൽ കൊല്ലപ്പെട്ടവർ 100 ശതമാനവും സാധാരണക്കാരാണെന്നും ഹിസ്ബുള്ളയുടെ ഒരു ഉദ്യോഗസ്ഥനും അവിടെ മരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിസ്ബുള്ള തലവൻ നയീം ഖാസമിൻ്റെ സെക്രട്ടറി കൊല്ലപ്പെട്ടെന്ന വാർത്തയും അദ്ദേഹം നിഷേധിച്ചു.

അതേസമയം, ലെബനൻ സർക്കാരും ഹിസ്ബുള്ളയും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ഹിസ്ബുള്ളയുടെ സായുധ വിഭാഗത്തെ സർക്കാർ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ സൈന്യം പിന്മാറുകയും വെടിനിർത്തൽ ഉണ്ടാവുകയും ചെയ്താൽ ആയുധങ്ങൾ കൈമാറുന്നതിനെക്കുറിച്ച് സർക്കാരുമായി ചർച്ച ചെയ്യാൻ തയ്യാറാണെന്നും എന്നാൽ ഇത് രാജ്യത്തിൻ്റെ ആഭ്യന്തര കാര്യമാണെന്നും സഫ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News