നിതിൻ രാജിന്റെ മരണം: പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പോലീസിന്; ദുരൂഹതയേറുന്നു
Kannur, 14 ഏപ്രില് (H.S.) കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജ് അധികൃതരെയും അധ്യാപകരെയും പ്രതിക്കൂട്ടിലാക്കുന്ന പുതിയ തെളിവുകൾ പുറത്ത്. മരണത്തിന് തൊട്ടുമുമ്പ് പ്രിൻസിപ
നിതിൻ രാജിന്റെ മരണം: പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പോലീസിന്; ദുരൂഹതയേറുന്നു


Kannur, 14 ഏപ്രില് (H.S.)

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജ് അധികൃതരെയും അധ്യാപകരെയും പ്രതിക്കൂട്ടിലാക്കുന്ന പുതിയ തെളിവുകൾ പുറത്ത്. മരണത്തിന് തൊട്ടുമുമ്പ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് നിതിൻ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നിർണായകമായ ഈ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.

നിതിൻ രാജിന്റെ മരണത്തിൽ മാനേജ്മെന്റിനും അധ്യാപകർക്കും പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തലുകൾ. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിതിൻ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു.

ജാതീയ അധിക്ഷേപവും മാനസിക പീഡനവും

നിതിന്റെ മരണത്തിന് പിന്നിൽ അധ്യാപകരുടെ ക്രൂരമായ മാനസിക പീഡനമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ദന്തൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം. കെ. റാം, അധ്യാപിക കെ. ടി. സംഗീത നമ്പ്യാർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജാതീയമായ അധിക്ഷേപങ്ങൾ നിതിൻ നേരിട്ടിരുന്നതായി സഹപാഠികളും വെളിപ്പെടുത്തുന്നു. നിറത്തിന്റെ പേരിലും കുടുംബ പശ്ചാത്തലത്തിന്റെ പേരിലും നിതിനെ അധ്യാപകർ പരസ്യമായി അവഹേളിച്ചിരുന്നു. പുഴുത്ത പട്ടി എന്ന് പോലും അധ്യാപകൻ വിളിച്ചിരുന്നതായും പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നിതിൻ സുഹൃത്തുക്കൾക്ക് അയച്ച ശബ്ദസന്ദേശങ്ങളിൽ പറയുന്നുണ്ട്.

അന്വേഷണം ഊർജിതം

സംഭവത്തിൽ ചക്കരക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. നിലവിൽ ആരോപണവിധേയരായ രണ്ട് അധ്യാപകരെയും കോളേജ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു.

വിദ്യാർത്ഥികൾക്ക് പരാതികൾ പറയാൻ കൃത്യമായ സംവിധാനങ്ങൾ കോളേജിലില്ലെന്ന് നിതിന്റെ പിതാവ് രാജൻ ആരോപിച്ചു. മറ്റു വിദ്യാർത്ഥികൾക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഭയം കാരണം ആരും പുറത്തുപറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകന്റെ ജീവൻ നഷ്ടമായത് അധ്യാപകരുടെ പകപോക്കൽ മൂലമാണെന്നും ഇതിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും യുവജന കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. നിതിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനും സഹപാഠികളുടെ വിശദമായ മൊഴിയെടുക്കാനുമാണ് പോലീസിന്റെ തീരുമാനം.

---------------

Hindusthan Samachar / Roshith K


Latest News