Enter your Email Address to subscribe to our newsletters

Pathanamthitta , 15 ഏപ്രില് (H.S.)
നാടകീയമായ നീക്കങ്ങള്ക്കൊടുവില് പന്തളം വലിയ കോയിക്കല് ക്ഷേത്രത്തില് നിന്ന് കാണാതായ കാണിപ്പൊന്ന് തിരികെയെത്തി. വിഷു ദിനത്തില് പുലര്ച്ചെയാണ് കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണത്തിലെ അശ്വാരൂഢനായ അയ്യപ്പൻ്റെ രൂപമുള്ള കാണിപ്പൊന്ന് കാണാതായത്.അന്വേഷണമാരംഭിച്ച് മണിക്കൂറുകള്ക്കകം നാണയത്തിൻ്റെ വലിപ്പമുള്ള കാണിപ്പൊന്ന് കണ്ടെത്തുകയും ചെയ്തു.
സംഭവമിങ്ങനെ:
വിഷുദിനത്തിൽ ബുധനാഴ്ച രാവിലെ മുതലാണ് പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്ര വിഗ്രഹത്തിൽ ചാർത്തി വിഷുക്കണി ദർശനം ഒരുക്കിയത്. പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദർശനം നടത്തുന്നതിനിടെയാണ് കണികാണാനായി നൽകിയ കാണിപ്പൊന്ന് കാണാതായത്.പുലർച്ചെ നാലര മുതല് ദർശന സൗകര്യം ഉണ്ടായിരുന്നു. ഒട്ടേറെ പേർ ദർശനത്തിന് എത്തിയിരുന്നു. തിരുവാഭരണങ്ങൾക്കൊപ്പമുള്ള കാണിപ്പൊന്ന് ഭക്തർ ആവശ്യപ്പെട്ടാൽ അവരുടെ കയ്യിൽ കൊടുക്കുന്നത് പതിവാണ്. അത് തൊഴുതു വണങ്ങി പ്രാർഥിച്ചശേഷം ഭക്തർ തിരികെ ഏൽപ്പിക്കുകയാണ് പതിവ്.
രാവിലെ ആറുമണിയോടെ വിഷുക്കണി ദർശനത്തിനെത്തിയ ഭക്തരിൽ ഒരാൾ കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞാണ് പൂജാരിയിൽ നിന്ന് കാണിപ്പൊന്ന് തൊഴാനായി വാങ്ങിയത്. ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന കാണിപ്പൊന്ന് ദർശനത്തിന് എത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്കാണ് കണ്ണിൽ വച്ച് തൊഴാനായി പൂജാരി നൽകാറുള്ളത്. എന്നാൽ കൈനീട്ടമെന്ന് കരുതി ക്ഷേത്രത്തിലെത്തിയ ഒരാൾ ഇത് പോക്കറ്റിലിട്ട് കടന്ന് കളയുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാണിപ്പൊന്നും അത് പോക്കറ്റിലിട്ട് മടങ്ങിയ ആളെയും കണ്ടെത്തിയത്. സംഭവത്തിൽ വിഷുക്കണി ദർശനത്തിന് എത്തിയ ആള് അബദ്ധത്തില് കാണിപ്പൊന്ന് പോക്കറ്റിലിട്ട് പോകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കാണിപ്പൊന്ന് കാണാനില്ലെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ പല ആരോപണങ്ങളും ഉയർന്നു വന്നു. കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞെത്തിയ ആൾക്ക് കണ്ണില് വച്ച് തൊഴാനായി പൂജാരി കാണിപ്പൊന്ന് കൈമാറുകയായിരുന്നുവെന്നും, കാണിപ്പൊന്ന് തിരികെ നൽകാതെ ഇയാൾ ഇവിടെ നിന്നും പോകുകയായിരുന്നു എന്നുമാണ് ആദ്യം പ്രചരിച്ചത്.
അന്വേഷണം
പിന്നീട് സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചാണ് പൊലീസ് ആളെ കണ്ടെത്തിയത്. വിഷുക്കൈനീട്ടമാണെന്ന് തെറ്റിദ്ധരിച്ച് കാണിപ്പൊന്ന് പോക്കറ്റിലിട്ട് പോകുകയായിരുന്നു എന്നാണ് ഇയാള് പൊലീസിനോട് പറഞ്ഞത്.അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇയാൾ കാണിപ്പൊന്ന് തിരികെ എത്തിക്കുകയായിരുന്നു. വിഷു കൈനീട്ടമാണെന്ന് തെറ്റിദ്ധരിച്ച് കൊണ്ടുപോയതെന്നാണ് ഇയാള് പറയുന്നത്.
വിശേഷ ദിനങ്ങളിൽ പന്തളം സ്രാമ്പിക്കല് കൊട്ടാരത്തിലെ സുരക്ഷിത മുറിയില് സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങള് വലിയകോയിക്കല് ധർമ്മശാസ്താ ക്ഷേത്ര വിഗ്രഹത്തില് ചാർത്തുന്നതിനായി കൊട്ടാരം, ദേവസ്വം ബോർഡിന് കൈമാറുകയാണ് ചെയ്യുന്നത്. അശ്വാരൂഢനായ അയ്യപ്പൻ്റെ രൂപമുള്ള കാണിപ്പൊന്നിന് തൂക്കം കുറവാണെങ്കിലും തിരുവാഭരണങ്ങൾക്കൊപ്പമാണിത് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ വളരെ മൂല്യമുള്ളതാണ് കാണിപ്പൊന്ന്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR