Enter your Email Address to subscribe to our newsletters

Pathanamthitta , 15 ഏപ്രില് (H.S.)
വിഷുദിനത്തിൽ ശബരിമലയിൽ ദർശന പുണ്യം നേടി ആയിരങ്ങൾ. പുലർച്ചെ നാലു മണിക്കാണ് വിഷുക്കണി ദർശനത്തിനായി ശബരിമല നട തുറന്നത്. ആദ്യം തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് എന്നിവർ ചേർന്ന് ഭഗവാന് വിഷുക്കണി ഒരുക്കി. ശേഷം 4.05 ന് ഭക്തർക്ക് വിഷുകണി ദർശനത്തിനായി നടതുറന്നു. തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷു കൈനീട്ടം നൽകി.ശബരി മലയിലെ മേട മാസ പൂജകള് ശനിയാഴ്ച വരെ നീണ്ടു നില്ക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ, സംസ്ഥാന പൊലീസ് മേധാവി റബാടാ ചന്ദ്രശേഖർ ഐപിഎസ്, ദേവസ്വം ബോർഡ് സെക്രട്ടറി പി എൻ ഗണേശൻ പോറ്റി എന്നിവരും വിഷുക്കണി ദർശനത്തിനായി എത്തിയിരുന്നു. ഭഗവാൻ അയ്യപ്പന് മുന്നിൽ വിഷുക്കണി കാണാൻ രാവിലെ 7:00 വരെ അവസരം ഉണ്ടായിരുന്നു. ഏഴു മണിമുതൽ അഭിഷേകവും ഉഷ പൂജയും നടന്നു.
വിഷുദിനത്തിൽ രാവിലെ എട്ടുമണി മുതൽ രാത്രി11 മണി വരെ ധര്മ്മ ശാസ്താവിന് നെയ്യ് അഭിഷേകം നടന്നു. മേടമാസ പൂജയുടെ ഭാഗമായി ഏപ്രിൽ 17ന് സഹസ്ര കലശ പൂജയും ഏപ്രിൽ 18ന് സഹസ്രകലശാഭിഷേകവും നടക്കും. മേട മാസ പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി 10 മണിക്ക് ശബരിമല നടയടക്കും.
ശബരിമല ഫെസ്റ്റിവൽ ഓഫീസ് പമ്പയിൽ പ്രവർത്തനം ആരംഭിച്ചു
ശബരിമല ഫെസ്റ്റിവൽ ഓഫീസ് പമ്പയിൽ പ്രവർത്തനം ആരംഭിച്ചു. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായാണ് ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ഫെസ്റ്റിവൽ ഓഫീസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേർന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ, അംഗം അഡ്വ. കെ. രാജു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ബോർഡ് യോഗം ചേരുന്നതിനുള്ള ഹാൾ, കോൺഫറൻസ് ഹാൾ, പ്രസിഡൻ്റിനും ബോർഡ് അംഗങ്ങൾക്കുമുള്ള മുറികൾ, ചീഫ് എൻജിനീയർ, ദേവസ്വം കമ്മീഷണർ, ദേവസ്വം സെക്രട്ടറി എന്നിവർക്കുള്ള ക്യാബിനുകൾ, ഫ്രണ്ട് ഓഫീസ് എന്നിവ ഫെസ്റ്റിവൽ കൺട്രോൾ ഓഫീസിൽ ഒരുക്കിയിട്ടുണ്ട്.
ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന ബോർഡ് യോഗങ്ങളും മറ്റ് സർക്കാർ വകുപ്പുകളുമായുള്ള ഏകോപന യോഗങ്ങളും ഇനി ഫെസ്റ്റിവൽ ഓഫീസിലാകും ചേരുക. പമ്പ ത്രിവേണിയിൽ ബി.എസ്.എൻ.എൽ ഓഫീസിന് എതിർവശത്ത് അമൃത ബിൽഡിങ്ങിലാണ് ശബരിമല ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR