നിതിൻ രാജിന്റെ മരണം: പ്രിൻസിപ്പൽ പറയുന്നത് കള്ളം; വീണിടത്ത് രക്തമുണ്ടായിരുന്നില്ല; ഗുരുതര ആരോപണങ്ങളുമായി സഹോദരി
Kannur, 15 ഏപ്രില് (H.S.) കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ കോളജ് പ്രിൻസിപ്പലിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സഹോദരി രാഖി രംഗത്ത്. പ്രിൻസിപ്പൽ ഡോ. വിനോദ് മോനി പറയുന്നത് പൂർണ്ണമായും കള്ളമാണെന്നും, നിതിന്റെ മരണത
നിതിൻ രാജിന്റെ മരണം: പ്രിൻസിപ്പൽ പറയുന്നത് കള്ളം; വീണിടത്ത് രക്തമുണ്ടായിരുന്നില്ല; ഗുരുതര ആരോപണങ്ങളുമായി സഹോദരി


Kannur, 15 ഏപ്രില് (H.S.)

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ കോളജ് പ്രിൻസിപ്പലിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സഹോദരി രാഖി രംഗത്ത്. പ്രിൻസിപ്പൽ ഡോ. വിനോദ് മോനി പറയുന്നത് പൂർണ്ണമായും കള്ളമാണെന്നും, നിതിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും രാഖി ആരോപിച്ചു. മരണത്തിന് മുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ എന്താണ് നടന്നതെന്ന് പുറത്തുകൊണ്ടുവരണമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

മരണത്തിൽ ദുരൂഹത: സഹോദരിയുടെ വെളിപ്പെടുത്തൽ

നിതിൻ ഒരിക്കലും സ്വയം ജീവനൊടുക്കില്ലെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു. നിതിൻ കെട്ടിടത്തിന് മുകളിൽ നിന്ന് വീണുവെന്നാണ് പറയുന്നത്. എന്നാൽ അവൻ വീണുകിടന്നിടത്ത് ഒരിറ്റു രക്തം പോലും ഉണ്ടായിരുന്നില്ല. അവന്റെ കാലിന് മാത്രമാണ് പരിക്കുണ്ടായിരുന്നത്. വീഴ്ചയിൽ മരണം സംഭവിച്ച ഒരാളുടെ ശരീരത്തിൽ ഇത്രയും കുറഞ്ഞ പരിക്കുകൾ മാത്രമേ ഉണ്ടാകൂ എന്നത് വിശ്വസിക്കാനാവില്ല, രാഖി പറഞ്ഞു.

പ്രിൻസിപ്പൽ നിതിന്റെ ഫോൺ പിടിച്ചുവെച്ചതും ചോദ്യം ചെയ്തതും അവനെ മാനസികമായി തകർത്തുവെന്ന് കുടുംബം ആരോപിക്കുന്നു. ലോൺ ആപ്പ് വിഷയം ചർച്ച ചെയ്യാനാണ് വിളിച്ചതെന്ന് പ്രിൻസിപ്പൽ പറയുമ്പോഴും, വിദ്യാർത്ഥിയെ അനാവശ്യമായി സമ്മർദ്ദത്തിലാക്കി അപമാനിക്കുകയായിരുന്നുവെന്നാണ് രാഖിയുടെ പക്ഷം. പ്രതികളായ അധ്യാപകരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അവർ കുറ്റപ്പെടുത്തി.

വിവാദ അധ്യാപകൻ ഡോ. എം.കെ. റാമിനെ പുറത്താക്കാൻ തീരുമാനം

നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ കോളജിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാർത്ഥികളെ നിരന്തരം ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്ന ദന്തൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ കോളജിൽ നിന്ന് പുറത്താക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. വെളുത്ത നിറമുള്ളവരെ 'വെള്ളപ്പാറ്റ' എന്നും കറുത്ത നിറമുള്ളവരെ 'കറുത്ത പശു' എന്നും വിളിക്കുന്ന റാം, വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്ന് സഹപാഠികൾ വെളിപ്പെടുത്തി. റാമിന്റെ അധിക്ഷേപം സഹിക്കവയ്യാതെ ഒരു വിദ്യാർത്ഥിനി ക്ലാസിൽ പൊട്ടിക്കരഞ്ഞ സംഭവവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

കൂടുതൽ അധ്യാപകർക്കെതിരെ വിദ്യാർത്ഥികളുടെ വോട്ടെടുപ്പ്

റാമിന് പുറമെ മറ്റ് ഏഴ് അധ്യാപകർക്കെതിരെ കൂടി മാനേജ്മെന്റിന് പരാതി നൽകാൻ വിദ്യാർത്ഥികൾ ഒരുങ്ങുകയാണ്. ഇതിനായി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വിദ്യാർത്ഥികൾ വോട്ടെടുപ്പ് നടത്തി. ഒരു പ്രത്യേക അധ്യാപകനെതിരെ മാത്രം മുന്നൂറിലധികം വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പിഴ ഈടാക്കിയും ഭീഷണിപ്പെടുത്തിയും വിദ്യാർത്ഥികളെ പീഡിപ്പിക്കുന്ന അധ്യാപകർക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം.

നാളെ കോളജിലെത്തുന്ന നിതിന്റെ സഹപാഠികളുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തും. ലോൺ ആപ്പ് വിഷയത്തിന് പുറമെ കോളജിലെ ജാതീയ വിവേചനവും അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്ന് പോലീസ് വ്യക്തമാക്കി. തങ്ങൾക്കെതിരെ കോളജ് അധികൃതർ പ്രതികാര നടപടി സ്വീകരിക്കുമോ എന്ന ഭയത്തിലാണ് മൊഴി നൽകാൻ തയ്യാറെടുക്കുന്ന പല വിദ്യാർത്ഥികളും. നിതിൻ അവസാനമായി അയച്ച ശബ്ദസന്ദേശങ്ങളിൽ താൻ ഡോക്ടറായി മാത്രമേ പുറത്തുവരൂ എന്ന് ഉറപ്പിച്ചു പറയുന്നുണ്ട്. അത്തരമൊരു കുട്ടി ഇത്രപെട്ടെന്ന് ആത്മഹത്യ ചെയ്യില്ലെന്നതാണ് സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ഉറച്ച വിശ്വാസം.

---------------

Hindusthan Samachar / Roshith K


Latest News