സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ലഭിക്കാതെ കാസർകോട്ടെ 38 കുട്ടികൾ
Kasaragod , 16 ഏപ്രില് (H.S.) സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ലഭിക്കാതെ കാസർകോട്ടെ 38 കുട്ടികൾ. വിദ്യാർഥികളുടെ പത്താം ക്ലാസ് പരീക്ഷ ഫലം സിബിഎസ്ഇ തടഞ്ഞുവച്ചതയാണ് പരാതി. ഇതോടെ കാസർകോട് ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥികൾ ആശങ്കയിലായി. ഫലം തടഞ്ഞുവയ്ക
CBSE HOLD EXAM RESULTS


Kasaragod , 16 ഏപ്രില് (H.S.)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ലഭിക്കാതെ കാസർകോട്ടെ 38 കുട്ടികൾ. വിദ്യാർഥികളുടെ പത്താം ക്ലാസ് പരീക്ഷ ഫലം സിബിഎസ്ഇ തടഞ്ഞുവച്ചതയാണ് പരാതി. ഇതോടെ കാസർകോട് ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥികൾ ആശങ്കയിലായി. ഫലം തടഞ്ഞുവയ്ക്കാൻ കാരണം സ്കൂളിന് സംഭവിച്ച വീഴ്ചയെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

പത്താം ക്ലാസ് രജിസ്ട്രേഷനിൽ രണ്ടാം ഭാഷ വിഷയമായ സംസ്കൃതത്തിൻ്റെ കോഡ് മാറി നൽകിയതാണ് ഈ അവസ്ഥക്ക് കാരണമെന്ന് രക്ഷിതാവായ ഉദയൻ കാടകം പറഞ്ഞു. തിരുത്താനുള്ള സമയ പരിധിയിൽ സ്കൂൾ അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും രക്ഷിതാക്കൾ പറയുന്നു.

കുട്ടികൾ വലിയ ആശങ്കയിലാണ്. വിഷമം കാരണം മകൻ പുറത്ത് പോലും ഇറങ്ങിയില്ല. മൂന്ന് ഡിവിഷൻ ആണ് ഇവിടെ ഉള്ളത്. എ, ബി ക്ലാസ് കുട്ടികളുടെ തടഞ്ഞുവച്ച റിസൾട്ട് വന്നിരുന്നു. സി ക്ലാസിലെ കുട്ടികളുടെ റിസൾട്ട് ആണ് വരാനുള്ളത്. ഉടൻ വരുമെന്നാണ് പ്രതീക്ഷയെന്നും ഉദയൻ പറഞ്ഞു.

രാത്രി 12 മണിവരെ ഫലത്തിനായി കാത്തു നിന്നുവെന്നും വലിയ വിഷമം ആയെന്നും വിദ്യാർഥിനി അശ്വതി പറഞ്ഞു. നിരവധി തവണ ശ്രമിച്ചു നോക്കി. പിന്നീട് കൂട്ടുകാരും ഇതേ അവസ്ഥ പറഞ്ഞപ്പോൾ സ്കൂളിനെ സമീപിക്കുകയായിരുന്നു.

അതേസമയം പിഴവ് സംഭവിച്ചിരുന്നുവെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ഹൈക്കോടതിയിൽ ഹർജി നൽകി തുടർ നടപടികൾക്ക് സ്റ്റേ ലഭിച്ചിരുന്നുവെന്ന് സ്കൂൾ പ്രിൻസിപ്പാൾ സുകുമാരൻ പറഞ്ഞു. തുടർന്ന് ഹാൾ ടിക്കറ്റ് നൽകി പരീക്ഷ എഴുതിയിട്ടും ഫലം തടഞ്ഞുവച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും ആശങ്ക പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാ ഫലം പ്രഖ്യാപിച്ചത് ഇന്നലെ

ഏപ്രിൽ 15 നാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. 93.70 ശതമാനമാണ് വിജയം. ഈ വർഷം 24.83 ലക്ഷം പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. 24.71 ലക്ഷം പേർ പരീക്ഷയെഴുതി. 23.16 ലക്ഷം പേർ പാസായി. കഴിഞ്ഞ വർഷം 93.66 ശതമാനമായിരുന്നു വിജയം.

ഇത്തവണ വിജയത്തിൽ 0.04 ശതമാനത്തിൻ്റെ വർധനയുണ്ട്. വിജയശതമാനത്തിൽ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമത്. 99.79 ശതമാനം വിജയം നേടിയാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. സമാന വിജയവുമായി വിജയവാഡ രണ്ടാം സ്ഥാനത്തെത്തി. 99.58 ശതമാനം വിജയം നേടിയ ചെന്നൈ മേഖല മൂന്നാം സ്ഥാനവും നേടി 85.32 ശതമാനം വിജയം നേടിയ ഗുവാഹത്തി മേഖലയാണ് ഏറ്റവും പിന്നിൽ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News