വനമേഖലയോട് ചേർന്ന് കിടക്കുന്ന കക്കാടംപൊയിലിലെ തോട്ടപ്പള്ളി പ്രദേശത്തെ യാത്രാദുരിതത്തിന് നാട്ടുകാരുടെ കൂട്ടായ്മയിൽ പരിഹാരം.
Kozhikode , 16 ഏപ്രില് (H.S.) വനമേഖലയോട് ചേർന്ന് കിടക്കുന്ന കക്കാടംപൊയിലിലെ തോട്ടപ്പള്ളി പ്രദേശത്തെ യാത്രാദുരിതത്തിന് നാട്ടുകാരുടെ കൂട്ടായ്മയിൽ പരിഹാരം. സർക്കാരിൻ്റെയോ ജനപ്രതിനിധികളുടെയോ സഹായമില്ലാതെ നാട്ടുകാർ സ്വന്തമായി പിരിച്ചെടുത്തത് രണ്ട് കോടി
LOCAL ROAD KAKKADAMPOYIL


Kozhikode , 16 ഏപ്രില് (H.S.)

വനമേഖലയോട് ചേർന്ന് കിടക്കുന്ന കക്കാടംപൊയിലിലെ തോട്ടപ്പള്ളി പ്രദേശത്തെ യാത്രാദുരിതത്തിന് നാട്ടുകാരുടെ കൂട്ടായ്മയിൽ പരിഹാരം. സർക്കാരിൻ്റെയോ ജനപ്രതിനിധികളുടെയോ സഹായമില്ലാതെ നാട്ടുകാർ സ്വന്തമായി പിരിച്ചെടുത്തത് രണ്ട് കോടിയോളം രൂപ. മൂന്ന് വർഷത്തെ പരിശ്രമത്തിനൊടുവിൽ അഞ്ച് കിലോമീറ്റർ കോൺക്രീറ്റ് റോഡ് ഇവിടെ യാഥാർഥ്യമായി.

ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെ ധാരാളം സാധാരണക്കാരായ കുടുംബങ്ങളാണ് ഇവിടെ വസിച്ചിരുന്നത്. സഞ്ചാരയോഗ്യമായ റോഡില്ലാത്തതായിരുന്നു ഇവർ നേരിട്ടിരുന്ന പ്രധാന പ്രശ്നം. പുറംലോകവുമായി ബന്ധപ്പെടാൻ മാർഗങ്ങളില്ലാതായതോടെ പലരും സ്ഥലം ഉപേക്ഷിച്ച് മറ്റ് സൗകര്യപ്രദമായ ഇടങ്ങൾ തേടിപ്പോയി.

റോഡിനായി പ്രദേശത്തെ രാഷ്ട്രീയക്കാരെയും ജനപ്രതിനിധികളെയും സമീപിച്ചെങ്കിലും ആരും റോഡ് നിർമാണത്തിന് മുന്നിട്ടിറങ്ങിയില്ല. എന്നിട്ടും മണ്ണിനോട് മല്ലടിച്ച് കാർഷികവിളകൾ ഉത്പാദിപ്പിക്കുന്ന കർഷകർ വെല്ലുവിളികളെ നേരിടാൻ ഉറച്ചു. കാർഷികവിളകൾ ഉൾപ്പെടെയുള്ളവ പുറംലോകത്തേക്ക് എത്തിക്കാൻ അവർക്കൊരു റോഡ് ആവശ്യമായിരുന്നു.

മൂന്നുവർഷം മുൻപാണ് പ്രദേശത്തെ പള്ളി വികാരിയായ ഫാദർ സജി വളവിലിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് നിർമിക്കാൻ തീരുമാനമെടുത്തത്. അഞ്ച് കിലോമീറ്റർ ദൂരത്തിൽ കോൺക്രീറ്റ് റോഡ് നിർമിക്കാൻ രണ്ട് കോടിയോളം രൂപ ചെലവ് വരുമായിരുന്നു. ഇത്രയും വലിയ തുക കണ്ടെത്തുക എന്നത് വലിയ പ്രതിബന്ധമായിരുന്നെങ്കിലും നാട്ടുകാരുടെ നിശ്ചയദാർഢ്യത്തിന് മുൻപിൽ തടസങ്ങൾ നീങ്ങി. എല്ലാവരും ഒറ്റക്കെട്ടായി നീങ്ങിയതോടെ രണ്ട് കോടി രൂപയോളം പിരിച്ചു കിട്ടി.

സ്വന്തം നാടുപേക്ഷിച്ച് കുടിയിറങ്ങിയവർ

തോട്ടപ്പള്ളിയിൽ ജനിച്ച് വളർന്നവർക്ക് പോലും റോഡ് സൗകര്യമില്ലാത്തതിനാൽ കുടിയിറങ്ങേണ്ടി വന്നുവെന്ന് നാട്ടുകാരനായ തങ്കച്ചൻ പറയുന്നു. തുടർന്നാണ് ഏതുവിധേനയും സഞ്ചാരയോഗ്യമായ റോഡ് വേണമെന്ന് പ്രദേശവാസികൾ ഒറ്റക്കെട്ടായി തീരുമാനിച്ചത്. റോഡിനായി ചെറുതും വലുതുമായ തുകകൾ നൽകി പ്രദേശവാസികൾ സഹായിച്ചു. അൻപത് വർഷമായി ശോചനീയമായ വഴിയിലൂടെയാണ് ഇവർ നടന്നുപോയിരുന്നത്.

കല്ലുകൾ നിറഞ്ഞ വഴിയിലൂടെയുള്ള യാത്ര ഏറെ ബുദ്ധിമുട്ടായിരുന്നു. കുട്ടികൾക്ക് സ്കൂളിൽ പോകാനോ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനോ കഴിഞ്ഞിരുന്നില്ല. എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും റോഡ് അത്യന്താപേക്ഷിതമാണെന്നും ആളുകൾ കുടിയിറങ്ങിയതോടെയാണ് റോഡിനായുള്ള പരിശ്രമം വേഗത്തിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വപ്നസാക്ഷാത്കാരം

നാട്ടുകാരുടെ കഠിന പരിശ്രമത്തിലാണ് കോഴിക്കോട് മലപ്പുറം ജില്ല അതിർത്തിയിലെ കക്കാടംപൊയിൽ തോട്ടപ്പള്ളി ചെമ്പോത്തി റോഡ് ഇപ്പോൾ യാഥാർഥ്യമായത്. മൂന്ന് വർഷം കൊണ്ടാണ് അഞ്ച് കിലോമീറ്റർ റോഡ് കോൺക്രീറ്റ് ചെയ്ത് മനോഹരമാക്കിയത്. മുൻപ് കുട്ടികൾക്ക് കാൽനടയാത്ര പോലും ഇവിടെ സാധിച്ചിരുന്നില്ല.

ഫോർവീൽ വാഹനങ്ങൾ മാത്രമാണ് ഏറെ പ്രയാസപ്പെട്ട് കടന്നുപോയിരുന്നത്. പണ്ട് വളരെ പരിശ്രമിച്ചാണ് ഇതുവഴി നടന്നുപോയതെന്ന് ഊര് മൂപ്പൻ മാധവൻ പഴയകാലത്തെ ശോച്യാവസ്ഥ അനുസ്മരിച്ച് വ്യക്തമാക്കുന്നു. ഒരു പതിറ്റാണ്ട് കാലത്തെ ദുരിതത്തിൽ നിന്നാണ് മോചനമായതെന്നും അസുഖം വന്നാൽ ആശുപത്രികളിൽ എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയ്ക്ക് മാറ്റംവന്നുവെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് വർഷത്തെ പരിശ്രമത്തിനൊടുവിൽ പൂർത്തീകരിച്ച റോഡിൻ്റെ ഉദ്ഘാടനം താമരശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. സർക്കാരിൻ്റെയോ രാഷ്ട്രീയ പാർട്ടികളുടെയോ സഹായമില്ലാതെ തന്നെ വികസനം സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് എല്ലാവർക്കും മികച്ച മാതൃകയാണെന്നും കൂട്ടായ്മയുണ്ടെങ്കിൽ സാധ്യമാകാത്തത് സാധ്യമാകുമെന്നും ബിഷപ്പ് ചൂണ്ടിക്കാണിച്ചു.

ഒരു പതിറ്റാണ്ടായുള്ള ആഗ്രഹമാണ് നാട്ടുകാർ കൂട്ടായി പൂർത്തിയാക്കിയത്. കക്കാടംപൊയിൽ വികസിച്ചെങ്കിലും തോട്ടപ്പള്ളി ഭാഗത്തേക്ക് വികസനം എത്തിയിരുന്നില്ല. സഞ്ചാരയോഗ്യമായ റോഡുകളില്ലാത്തതായിരുന്നു ഇവരുടെ ദുരിതം. സർക്കാരോ ജനപ്രതിനിധികളോ ഇടപെട്ടില്ലെങ്കിലും നാട്ടുകാരുടെ ഒത്തൊരുമയുണ്ടെങ്കിൽ ഏത് പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാം എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ കൂട്ടായ്മ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News