Enter your Email Address to subscribe to our newsletters

Delhi , 16 ഏപ്രില് (H.S.)
സ്ത്രീ സംവരണത്തിന്റെ മറവിൽ രാജ്യത്തെ രാഷ്ട്രീയ ഭൂപടം അട്ടിമറിക്കാനും അധികാരം കേന്ദ്രീകരിക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. ദീർഘകാലത്തെ പോരാട്ടത്തിന്റെ ഫലമായുണ്ടായ സ്ത്രീ സംവരണത്തെ സെൻസസുമായും ഡിലിമിറ്റേഷനുമായും (മണ്ഡല പുനർനിർണ്ണയം) ബന്ധിപ്പിച്ച് നടപ്പാക്കുന്നത് അനിശ്ചിതത്വത്തിലാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്ത്രീ സംവരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അഭിമാന പൈതൃകമാണെന്ന് ഡി. രാജ ഓർമ്മിപ്പിച്ചു. 1960-കളിൽ രേണു ചക്രവർത്തിയാണ് ഈ ആവശ്യം ആദ്യമായി ഉന്നയിച്ചത്. തുടർന്ന് 1990-കളിൽ ഗീത മുഖർജി നടത്തിയ അശ്രാന്ത പരിശ്രമങ്ങളാണ് ഈ നിയമത്തിന് അടിത്തറ പാകിയത്. 2023-ൽ പാസായ നിയമം ഈ ദീർഘകാല പോരാട്ടത്തിന്റെ പ്രതിഫലനമാണെങ്കിലും മോദി സർക്കാർ അത് നടപ്പിലാക്കുന്നതിൽ കപടമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡിലിമിറ്റേഷനും സെൻസസുമായി സംവരണത്തെ ബന്ധിപ്പിച്ചതിലൂടെ നടപ്പാക്കൽ അനിശ്ചിതമായി നീളുകയാണ്. ജാതി സെൻസസിനെക്കുറിച്ചോ ഭാവിയിലെ മണ്ഡല പുനർനിർണ്ണയത്തെക്കുറിച്ചോ വ്യക്തതയില്ല. ഡിലിമിറ്റേഷൻ ബിൽ ഉൾപ്പെടെയുള്ള സുപ്രധാന നീക്കങ്ങൾ ചട്ടങ്ങൾ മറികടന്ന് (റൂൾ 66 സസ്പെൻഡ് ചെയ്ത്) ഒരുമിച്ച് പാസാക്കാൻ ശ്രമിക്കുന്നത് പാർലമെന്റിനെ സമ്മർദ്ദത്തിലാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
ഡിലിമിറ്റേഷൻ നടപടിക്കെതിരെ വോട്ട് ചെയ്യുന്നത് സ്ത്രീ സംവരണത്തിനെതിരെ വോട്ട് ചെയ്യുന്നതായി ചിത്രീകരിക്കാനുള്ള ദുഷ്ടമായ രാഷ്ട്രീയ രൂപകൽപ്പനയാണ് സർക്കാർ നടത്തുന്നത്.
ബിജെപിയുടെ ഈ നീക്കം വഴി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും പാർലമെന്റിലെ പ്രാതിനിധ്യം നഷ്ടമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജനസംഖ്യാ നിയന്ത്രണത്തിലും സ്ത്രീക്ഷേമത്തിലും മികച്ച മുന്നേറ്റം കൈവരിച്ച സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന നടപടിയാണിത്. ഇത് ആ സംസ്ഥാനങ്ങളിലെ സ്ത്രീകളോടും രാജ്യത്തെ മുഴുവൻ ജനങ്ങളോടുമുള്ള വിവേചനമാണെന്നും ഇതിനെതിരെ ശക്തമായ പോരാട്ടം ആവശ്യമാണെന്നും ഡി. രാജ ആഹ്വാനം ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR