Enter your Email Address to subscribe to our newsletters

Kozhikode , 16 ഏപ്രില് (H.S.)
പാതിരാസൂര്യൻ്റെ നാട്ടിലേക്ക് കേരളത്തിൻ്റെ തേങ്ങാപ്പാൽ. സ്കാന്ഡിനേവിയന് രാജ്യങ്ങളിൽ ഒന്നായ നോര്വേയിലേക്കാണ് 16,000 കിലോ തേങ്ങാപ്പാല് എത്തുന്നത്. കോഴിക്കോട് ഏറാമല സര്വീസ് സഹകരണബാങ്കിൻ്റെ കോക്കനട്ട് കോംപ്ലക്സില് നിന്നാണ് ഇത് തയ്യാറാവുന്നത്. ഇതാദ്യമായാണ് ഏറാമല ബാങ്കിൻ്റെ തേങ്ങാപ്പാല് വിദേശത്തേക്കു പോകുന്നത്. നേരത്തേ, ബാങ്ക് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ ഖത്തറിലേക്ക് കയറ്റി അയച്ചിരുന്നു.
വ്യവസായവകുപ്പിൻ്റെയും ഫെഡറേഷന് ഓഫ് ഇന്ത്യന് എക്സ്പോര്ട്ട് ഓര്ഗനൈസേഷൻ്റെയും നേതൃത്വത്തില് മാർച്ചിൽ കൊച്ചിയില് നടന്ന ട്രേഡക്സ് കേരള -2026 അന്താരാഷ്ട്ര ബയര്-സെല്ലര് മീറ്റിലാണ് ഏറാമല ബാങ്കിൻ്റെ തേങ്ങാപ്പാലിന് ഓര്ഡര് കിട്ടിയത്. 16,000 കിലോവരുന്ന ഒരു കണ്ടെയ്നര് തേങ്ങാപ്പാല് ഏപ്രിലില് അവസാന വാരത്തോടെയോ മെയ്മാസം ആദ്യവാരത്തോടെയോ നോര്വേയിലേക്ക് പോകും.
പശ്ചിമേഷ്യന് യുദ്ധത്തെ തുടര്ന്ന് ഹോര്മുസ് കടലിടുക്ക് അടച്ചതോടയാണ് കയറ്റുമതിയില് കാലതാമസം നേരിട്ടത്. കയറ്റുമതി ഇതുസംബന്ധിച്ച ധാരണാപത്രത്തില് ഏറാമല കോക്കനട്ട് കോംപ്ലക്സ് മാനേജര് എം.കെ. നിഷാന്തും നോര്വേയുടെ വ്യാപാരപ്രതിനിധികളും ഒപ്പിട്ടു.
ഫിലിപ്പീൻസിനെ പിന്നിലാക്കി ഏറാമല തേങ്ങാപാല് നോർവയിലേക്ക്
ലോകത്തിലെ ഏറ്റവും ഉയർന്ന ജീവിതനിലവാരവും സന്തോഷവുമുള്ള രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന നോര്വെ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്ക്ക് മുന് തൂക്കം നല്കുന്നു. നിത്യോപയോഗ സാധനങ്ങളിലും ഗുണലവാരത്തിൻ്റെ കാര്യത്തില് നോര്വേയ്ക്ക് വിട്ടു വീഴ്ചയില്ല.
നോര്വേ തേങ്ങാപ്പാല് കൂടുതലായി ഫിലിപ്പീന്സില് നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാല് കൊച്ചിയില് നടന്ന ട്രേഡക്സ് കേരള -2026, ഫിലീപ്പീന്സിനെ കടത്തി വെട്ടി ഏറാമലയെ നോര്വേയിലെ നെറുകയിലെത്തിച്ചു. ചുരുക്കി പറഞ്ഞാല് ഏറാമലയിലെ തേങ്ങാപ്പാലിൻ്റെ ഗുണമേന്മ നോര്വേയില് പ്രശസ്തമാകും. ആരോഗ്യത്തിന് കോട്ടം തട്ടാത്ത ഏറാമല തേങ്ങപ്പാല് ഭക്ഷ്യവസ്തുക്കളില് ചേര്ക്കുന്നത് നല്ലതാണെന്ന് മനസിലായതോടെയാണ് നോര്വേ പേറ്റൻ്റ് അനുവദിച്ചത്.
ഭക്ഷ്യ ഉത്പന്നങ്ങളില് ചേര്ക്കാനാണ് തേങ്ങാപ്പാല് നോര്വേ ഇറക്കുമതി ചെയ്യുന്നത്. പാക്കറ്റ് തേങ്ങപ്പാല് 90 ദിവസം കേടുകൂടാതെ ഇരിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. ചിക്കന് കറി, വെജിറ്റബിള് സ്റ്റ്യൂ, മട്ടന് സ്റ്റ്യൂ, പുഡിങ്, സ്മൂത്തി, കോക്കനട്ട് റൈസ്, ഡെസേര്ട്ട്, സൂപ്പ്, ഐസ്ക്രീം എന്നിവയില് ചേര്ക്കാനാണ് തേങ്ങാപാല് നോര്വയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇതു കൂടാതെ നോർവയിലെ തനത് പാരമ്പര്യ ഡിഷുകളിലും തേങ്ങാപ്പാല് ഉപയോഗിക്കും.
ഗുണമേന്മയുള്ള തേങ്ങാപ്പാല് നിര്മിക്കുന്നത് കുറ്റ്യാടി തേങ്ങയിലൂടെ
ഡല്ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില് ഏറാമല ബാങ്കിൻ്റെ തേങ്ങാപ്പാല് ഇപ്പോള് വില്ക്കുന്നുണ്ട്. തേങ്ങയ്ക്കു പേരുകേട്ട കുറ്റ്യാടി മേഖലയില് നിന്നാണ് ബാങ്ക് തേങ്ങാപ്പാലുണ്ടാക്കാൻ ആവശ്യമായ നാളികേരം സംഭരിക്കുന്നത്. വിപണിവിലയേക്കാള് രണ്ടു രൂപ അധികം കൊടുത്താണ് തേങ്ങ സംഭരിക്കുന്നതെന്ന് പ്ലാൻ്റ് മാനേജർ രാഗേഷ് കെ.കെ പറഞ്ഞു. മനയത്ത് ചന്ദ്രന് ചെയര്മാനായ ഏറാമല സഹകരണബാങ്ക് കൊവിഡ് കാലത്താണ് തേങ്ങാപ്പാല് ഉത്പാദിപ്പിക്കാന് തുടങ്ങിയത്.
കോക്കനട്ട് കോംപ്ലക്സില് ഒരു ഷിഫ്റ്റില് 1500 കിലോ തേങ്ങാപ്പാല് ഉത്പാദിപ്പിക്കാനാവും. കുറ്റ്യാടിയില് നിന്ന് ഗുണമേന്മയുള്ള തേങ്ങകള് സംഭരിച്ച് പുറംതോട് കളഞ്ഞ് വൃത്തിയാക്കുന്നത് തൊഴിലാളികളാണ്. ശേഷം തേങ്ങയിലെ വെള്ളം കളയുന്നു. പിന്നാലെയാണ് തേങ്ങാപ്പാല് ഉത്പാദിപ്പിക്കുന്ന പ്രക്രിയയിലേക്ക് കടക്കുന്നത്. യന്ത്രങ്ങള് ഉപയോഗിച്ചാണ് ശുദ്ധമായ തേങ്ങാപ്പാല് നിര്മിക്കുന്നത്. 100 കിലോ തേങ്ങയില് നിന്ന് 60 കിലോ തേങ്ങാപ്പാല് ലഭിക്കുന്നു. ബാക്കി വരുന്ന 40 കിലോ തേങ്ങ പീര കേരളത്തിലെ വിപണികളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
മയൂരം വെളിച്ചെണ്ണ ഖത്തറില് പ്രശസ്തം
2015 ലാണ് ഏറാമല സര്വീസ് സഹകരണബാങ്ക് കോക്കനട്ട് കോംപ്ലക്സില് വെളിച്ചെണ്ണ ഉത്പാദിപ്പിക്കാന് തുടങ്ങിയത്. മയൂരം എന്ന ബ്രാന്ഡ് നെയിമിലുള്ള വെളിച്ചെണ്ണയാണ് നേരത്തേ ഖത്തറിലേക്ക് അയച്ചത്. ബയര്-സെല്ലര് മീറ്റില് ഈ വെളിച്ചെണ്ണയ്ക്കു ബഹ്റൈനില് നിന്ന് ഓര്ഡര് കിട്ടിയിട്ടുണ്ട്. പതിനായിരം ഡോളര് മൂല്യമുള്ള വെളിച്ചെണ്ണ ജൂണില് അയക്കാനാണ് ഓര്ഡര് കിട്ടിയിരിക്കുന്നത്. ഒരു ഷിഫ്റ്റില് 3600 കിലോ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാനും ഇവിടെ സൗകര്യമുണ്ട്.
ട്രേഡെക്സ് കേരള 2026
കേരളത്തിലെ സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭകരുടെ ഉത്പന്നങ്ങള്ക്ക് ആഗോളവിപണിയിലേക്കു പ്രവേശനം സാധ്യമാക്കാനാണ് ഇന്ത്യന് കയറ്റുമതിസ്ഥാപനങ്ങളെയും വിദേശ ഉപഭോക്താക്കളെയും ഒരേ പ്ലാറ്റ്ഫോമില് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ട്രേഡെക്സ് കേരള 2026 കൊച്ചിയിൽ സംഘടിപ്പിച്ചത്. ആഗോളതലത്തിലെ ഉപഭോക്താക്കളെ ഇടനിലക്കാരില്ലാതെ നേരിട്ടു ബന്ധപ്പെടാന് ഈ മീറ്റ് അവസരമൊരുക്കി. ഇരുപതിലധികം രാജ്യങ്ങളില്നിന്നുള്ള മുപ്പതിലധികം ഉപഭോക്താക്കള് മീറ്റിനെത്തി. നാനൂറോളം സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭകര് തങ്ങളുടെ ഉത്പന്നങ്ങള് പ്രദര്ശിപ്പിച്ചിരുന്നു. ഇതിലൂടെ വലിയ നേട്ടമാണ് ഏറാമല സര്വീസ് സഹകരണ ബാങ്കിൻ്റെ കീഴിലുള്ള കോക്കനട്ട് കോംപ്ലക്സിന് കൈവന്നിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR