വിഷു ആഘോഷത്തിനിടെ ഗുണ്ടുകൾ ഒന്നിച്ചുപൊട്ടി 34കാരന് ദാരുണാന്ത്യം;
Palakkad , 16 ഏപ്രില് (H.S.) വിഷു ആഘോഷങ്ങൾക്കിടെ സംസ്ഥാനത്ത് നിരവധി അപകടങ്ങളാണ് ഈ വർഷം നടന്നത്. യുട്യൂബ് നോക്കി പടക്കം പൊട്ടിക്കാൻ ശ്രമിച്ച് കോഴിക്കോട് 16 കാരൻ മരിച്ച സംഭവം ഉണ്ടാക്കിയ നടുക്കം മാറുന്നതിന് മുൻപ് പാലക്കാടും ഒരു ദുരന്തമുണ്ടായിരിക്കുകയ
FIRE CRACKER DEATH


Palakkad , 16 ഏപ്രില് (H.S.)

വിഷു ആഘോഷങ്ങൾക്കിടെ സംസ്ഥാനത്ത് നിരവധി അപകടങ്ങളാണ് ഈ വർഷം നടന്നത്. യുട്യൂബ് നോക്കി പടക്കം പൊട്ടിക്കാൻ ശ്രമിച്ച് കോഴിക്കോട് 16 കാരൻ മരിച്ച സംഭവം ഉണ്ടാക്കിയ നടുക്കം മാറുന്നതിന് മുൻപ് പാലക്കാടും ഒരു ദുരന്തമുണ്ടായിരിക്കുകയാണ്. വിഷു ആഘോഷങ്ങളുടെ സന്തോഷം നിമിഷങ്ങൾക്കകം നാടിൻ്റെ തീരാദുഃഖമായി മാറുകയായിരുന്നു.

ശ്രീകൃഷ്ണപുരം രാഗം കോർണർ വെള്ളപ്പാംതൊടി സ്വദേശി ദിലീപ് (34) ആണ് പാലക്കാട് മരിച്ചത്. ഏപ്രിൽ 15ന് രാത്രി 8.30ഓടെ സുഹൃത്തുകൾക്കൊപ്പം ക്ലബ്ബിൽ വിഷു ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. ദിലീപിൻ്റെ കൈയിൽ ഒന്നിലേറെ ഗുണ്ടുകൾ ഉണ്ടായിരുന്നു. ഇതിൽനിന്ന് ഒരു പടക്കം പൊട്ടിക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന മറ്റ് ഗുണ്ടുകളിലേക്ക് അബദ്ധത്തിൽ തീ പടർന്ന് ഒന്നിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ഫോടനത്തിൽ ഗുരുതര പരിക്ക്

സ്ഫോടനത്തിൻ്റെ ആഘാതത്തിൽ ദിലീപിന് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഫോടനത്തിൻ്റെ ആഘാതത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ദാരുണ സംഭവത്തിൽ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ പ്രത്യേക മുൻകരുതൽ വേണമെന്ന് പൊലീസ് ഓർമിപ്പിച്ചു.

യൂട്യൂബ് നോക്കി പരീക്ഷണം; വിദ്യാർഥിക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊയിലാണ്ടിയിൽ സമാന രീതിയിൽ പടക്കം പൊട്ടിത്തെറിച്ചാണ് 16കാരൻ മരിച്ചത്. കൊയിലാണ്ടി കൊരയങ്ങാട് തെരുവിൽ എടക്കോൻ വീട്ടിൽ അദ്വൈത് ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം. യൂട്യൂബ് വിഡിയോ നോക്കി പടക്കം പൊട്ടിക്കാൻ ശ്രമിച്ചതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്കേറ്റു.

സ്റ്റീൽ പാത്രത്തിനകത്ത് ഗുണ്ട് വച്ച് പൊട്ടിച്ചാൽ വലിയ ശബ്ദമുണ്ടാകുമെന്ന് യൂട്യൂബിൽ കണ്ടതിനെ തുടർന്ന് വിദ്യാർഥികൾ ഇത് അനുകരിക്കുകയായിരുന്നു. സ്റ്റീൽ പാത്രത്തിനടിയിൽ വച്ച് പടക്കം പൊട്ടിച്ചതോടെ ഗുണ്ട് പൊട്ടിത്തെറിക്കുകയും സ്റ്റീൽ പാത്രം വൻ ശബ്ദത്തോടെ തകരുകയും ചെയ്തു. പൊട്ടിത്തെറിച്ച പാത്രത്തിൻ്റെ വലിയൊരു ഭാഗം അദ്വൈതിൻ്റെ തോളിൽ അതിശക്തമായി തുളച്ചുകയറി.

രക്തത്തിൽ കുളിച്ച അദ്വൈതിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു വിദ്യാർഥി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കൊയിലാണ്ടി പൊലീസ് കേസെടുത്തു.

കോന്നിയിൽ തെങ്ങിന് തീപിടിച്ചു

പത്തനംതിട്ടയിലെ കോന്നിയിൽ അമിട്ട് കത്തിച്ചതിനെ തുടർന്ന് പെട്രോൾ പമ്പിന് സമീപം നിന്ന തെങ്ങിന് തീപ്പിടിച്ചു. കോന്നി പൂങ്കാവ് നയാരാ പെട്രോൾ പമ്പിന് എതിർവശത്ത് ഉള്ള തെങ്ങിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിട്ടിലാണ് സംഭവം. അമിട്ട് കത്തിച്ചപ്പോൾ അത് പോയി തെങ്ങിന് മുകളിൽ വീണ് തീ പിടിക്കുകയായിരുന്നു. അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി തീ അണച്ചു.

കർശന മുന്നറിയിപ്പുമായി ഉദ്യോഗസ്ഥർപൊതുയിടങ്ങളിൽ യാതൊരു സുരക്ഷയുമില്ലാതെ ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത് വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. യൂട്യൂബ് വിഡിയോകൾ കണ്ട് അപകടകരമായ കാര്യങ്ങൾ അനുകരിക്കുന്നത് തടയാൻ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു.

കൂടാതെ ഉത്സവങ്ങളിലും മറ്റ് ആഘോഷവേളകളിലും പടക്കം പൊട്ടിക്കുമ്പോൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ കർശനമായി സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം അനുകരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News