Enter your Email Address to subscribe to our newsletters

Thiruvananthapuram , 16 ഏപ്രില് (H.S.)
നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ പുനഃക്രമീകരിച്ച എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ആരംഭിച്ചു. നേരത്തെ തീരുമാനിച്ച തീയതികൾ വോട്ടെടുപ്പ് കാരണം മാറ്റുകയായിരുന്നു. ഇരുപതിനായിരത്തിൽ അധികം അധ്യാപകരാണ് സംസ്ഥാനത്ത് മൂല്യനിർണയത്തിൽ പങ്കെടുക്കുക.
ഏപ്രിൽ ആറ് മുതൽ 25 വരെ മൂല്യനിർണയം നടത്താനായിരുന്നു നേരത്തെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്ത് ഏപ്രിൽ ഒൻപതിന് വോട്ടെടുപ്പ് പ്രഖ്യാപിച്ചതോടെ അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി നൽകേണ്ടി വന്നു. ഇതേത്തുടർന്നാണ് മൂല്യനിർണയ തീയതികളിൽ മാറ്റം വരുത്തിയത്.
പുതുക്കിയ കലണ്ടർ പ്രകാരം മൂന്ന് ഘട്ടങ്ങളിലായാണ് നടപടികൾ പൂർത്തിയാക്കുക. ഒന്നാം ഘട്ടം ഏപ്രിൽ 16 മുതൽ 18 വരെയും രണ്ടാം ഘട്ടം ഏപ്രിൽ 20 മുതൽ 25 വരെയും നടക്കും. അവസാന ഘട്ടമായ മൂന്നാം ഘട്ടം ഏപ്രിൽ 27 മുതൽ മെയ് രണ്ട് വരെ നീളും. സംസ്ഥാനത്തെ 70 കേന്ദ്രങ്ങളിലായാണ് മൂല്യനിർണയം നടക്കുന്നത്. ഇത്തവണ 4.14 ലക്ഷം വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്. ഇവരുടെ മുപ്പത്താറ് ലക്ഷത്തോളം ഉത്തരക്കടലാസുകൾ പരിശോധിക്കാനുണ്ട്. ഇതിനായി 10,500 അധ്യാപകരെയാണ് നിയോഗിച്ചിരിക്കുന്നത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 8.7 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതി. ഇവരുടെ എൺപത് ലക്ഷത്തോളം ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്യും. വിഎച്ച്എസ്സി വിഭാഗത്തിൽ മുപ്പതിനായിരം വിദ്യാർഥികളും പരീക്ഷ എഴുതിയിട്ടുണ്ട്. വേനൽ അവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതിന് മുൻപ് തന്നെ ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം.
ഫലം മെയ് രണ്ടിന്
പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പരീക്ഷാഫലം മെയ് രണ്ടിന് പ്രസിദ്ധീകരിക്കും. മാർച്ച് അഞ്ചിന് ആരംഭിച്ച എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 16നാണ് അവസാനിച്ചത്. സംസ്ഥാനത്തെ 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷകൾ നടന്നത്. കുറ്റമറ്റ രീതിയിൽ മൂല്യനിർണയം പൂർത്തിയാക്കി വേഗത്തിൽ ഫലം പ്രഖ്യാപിക്കാനുള്ള ക്രമീകരണങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്.
ഗൾഫിലെ പരീക്ഷകൾപശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ മാറ്റിവച്ച എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ റദ്ദാക്കിയിരുന്നു. പരീക്ഷകൾ വീണ്ടും നടത്തി മൂല്യനിർണയം പൂർത്തിയാക്കാൻ സമയമില്ലെന്ന വിലയിരുത്തലിലാണ് നടപടി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്.
ഇതിന് ബദലായി വിദ്യാർഥികളുടെ ഓണം, ക്രിസ്മസ് പരീക്ഷകളുടെ ശരാശരി മാർക്ക് പരിഗണിച്ച് അന്തിമ സർട്ടിഫിക്കറ്റ് നൽകും. പ്ലസ്ടു വിദ്യാർഥികൾക്ക് അവരുടെ പ്ലസ്വൺ പരീക്ഷയുടെ മാർക്ക് പരിഗണിച്ചാകും അന്തിമഫലം തയ്യാറാക്കുക. പ്ലസ്വൺ വിദ്യാർഥികൾക്ക് ബോണസ് മാർക്ക് നൽകാനുള്ള ബദൽ മാർഗവും സർക്കാരിൻ്റെ പരിഗണനയിലുണ്ട്. ഗൾഫിലെ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് തടസം വരാത്ത രീതിയിൽ കൃത്യസമയത്ത് തന്നെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR