Enter your Email Address to subscribe to our newsletters

Ernakulam , 16 ഏപ്രില് (H.S.)
പ്രായത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ കേരളാ പൊലീസിൻ്റെ സംരക്ഷണം തേടി കുംഭമേള വൈറൽ താരം. വിവാഹവുമായി ബന്ധപ്പെട്ടുള്ള പോക്സോ കേസ് അന്വേഷിക്കാനായി മധ്യപ്രദേശ് പൊലീസ് കേരളത്തിൽ എത്തിയതിന് പിന്നാലെയാണ് വൈറൽ താരം സംരക്ഷണം ആവശ്യപ്പെട്ടത്.
കുംഭമേള വൈറൽ താരവും ഫർമാൻ ഖാനും മാർച്ച് 11 നാണ് വിവാഹിതരാവുന്നത്. വീട്ടുകാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് സംരക്ഷണം തേടി കേരളത്തിലെത്തിയാണ് ഇരുവരും വിവാഹിതരാവുന്നത്. തിരുവനന്തപുരം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, എ.എ റഹീം എംപി ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.
എന്നാൽ തിരുവനന്തപുരത്ത് നടത്തിയ വിവാഹത്തിന് നിയമ സാധുതയില്ലെന്ന് കാണിച്ച് മധ്യപ്രദേശ് പൊലീസ് കേസെടുത്തു. പ്രായപൂര്ത്തിയാകാത്ത കുംഭമേള വൈറല് താരത്തെ വിവാഹം ചെയ്തതിന് പോക്സോ കുറ്റം ചുമത്തിയാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തത്. വിവാഹത്തിന് മുമ്പ് പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന ആരോപണം ഉണ്ടായിരുന്നെങ്കിലും, പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് അനുസരിച്ച് പ്രായപൂർത്തിയായി എന്ന് തെളിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് കേരള പൊലീസ് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം കുംഭമേള വൈറല് താരത്തെ വിവാഹം ചെയ്തതിൻ്റെ പേരിലെടുത്ത പോക്സോ കേസില് ഉത്തര്പ്രദേശ് സ്വദേശി മുഹമ്മദ് ഫര്മാൻ്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടിയിരുന്നു. മെയ് 20 വരെയാണ് കാലാവധി നീട്ടിയത്.
മുഹമ്മദ് ഫര്മാൻ്റെയും പെണ്കുട്ടിയുടെയും മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തമാസം 20 ന് വീണ്ടും പരിഗണിക്കും. പെൺകുട്ടിയുടെ ആധാർ കാർഡും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഏപ്രിൽ 1 വരെ അറസ്റ്റ് തടഞ്ഞിരുന്നതാണ്. ഈ ഇടക്കാല ഉത്തരവ് മെയ് 20 വരെ നീട്ടുകയായിരുന്നു.
സംഭവത്തിൽ ചടങ്ങിൽ പങ്കെടുത്ത മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എംപി, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്നിവർക്കെതിരെ പരാതി ഉയർന്നിരുന്നു. സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസും മുന്നോട്ട് വന്നിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ഫർമാനും കുംഭമേള വൈറൽ താരവും ഒന്നര വർഷമായി പ്രണയത്തിലായിരുന്നു. ഫേസ്ബുക്കിലൂടെ ആരംഭിച്ച ഈ ബന്ധത്തെ താരത്തിൻ്റെ കുടുംബം ശക്തമായി എതിർത്തിരുന്നു. ഇതിനെ തുടർന്നാണ് താരം കേരളത്തിൽ എത്തുകയും വിവാഹം കഴിക്കുകയും ചെയ്തത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR