പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇറാൻ്റെ തീരത്ത് കപ്പലിൽ കുടുങ്ങിയ മലയാളി യുവാവിനെ സുരക്ഷിതമായി നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം.
Alappuzha , 16 ഏപ്രില് (H.S.) പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇറാൻ്റെ തീരത്ത് കപ്പലിൽ കുടുങ്ങിയ മലയാളി യുവാവിനെ സുരക്ഷിതമായി നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയായ ജെറിൻ ജോർജിൻ്റെ മാതാപിതാക
MALAYALI STUCK IN IRAN


Alappuzha , 16 ഏപ്രില് (H.S.)

പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇറാൻ്റെ തീരത്ത് കപ്പലിൽ കുടുങ്ങിയ മലയാളി യുവാവിനെ സുരക്ഷിതമായി നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയായ ജെറിൻ ജോർജിൻ്റെ മാതാപിതാക്കളാണ് സർക്കാരിനോട് സഹായം അഭ്യർഥിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരും വിദേശകാര്യ മന്ത്രാലയവും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

ജെറിൻ ഉൾപ്പെടെ 12 മലയാളികൾ വിവിധ കപ്പലുകളിലായി ഇറാനിലെ തുറമുഖത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് വിവരമുണ്ട്. ഏജൻസിയോ കപ്പൽ കമ്പനിയോ കൃത്യമായി ഇടപെടുന്നില്ലെന്നും മറുപടി നൽകുന്നില്ലെന്നും കുടുംബം പറയുന്നു. നിലവിലെ സ്ഥിതിയിൽ ഏറെ ആശങ്കയിലാണ് ഇവർ.

ഇറാനിയൻ കപ്പലിൽ എൻജിൻ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ജെറിൻ എട്ട് മാസം മുൻപാണ് വിദേശത്തേക്ക് പോയത്. മാർച്ച് മൂന്നിന് അവധിക്ക് നാട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്ന് കുടുംബം വ്യക്തമാക്കുന്നു. പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ വാണിജ്യ കപ്പലുകളുടെ യാത്രയും ജീവനക്കാരുടെ സുരക്ഷയും വലിയ പ്രതിസന്ധിയിലായ അവസ്ഥയാണ് നിലവിലുള്ളത്. ഇതിനിടയിലാണ് ജെറിനും മറ്റ് മലയാളികളും കുടുങ്ങിയത്.

അനിശ്ചിതത്വത്തിൽ ജീവനക്കാർ

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സീ സ്റ്റാർ ഷിപ്പിങ് കമ്പനിയുടെ ഇറാൻ ചരക്ക് കപ്പലിലാണ് ജെറിൻ ജോലി ചെയ്യുന്നത്. ഫെബ്രുവരിയിൽ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മകൻ ജോലി ചെയ്തിരുന്ന കപ്പൽ ഇറാനിലേക്ക് മടങ്ങിയിരുന്നു. അതിന് ശേഷം കപ്പലിൽ തന്നെ തുടരുകയാണ്.

അനിശ്ചിതത്വത്തിൽ നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല. മകനെ തിരികെ കൊണ്ടുവരാനുള്ള സഹായം അഭ്യർഥിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കും രേഖാമൂലം അപേക്ഷ നൽകിയിട്ടുണ്ടെന്ന് ജെറിൻ്റെ പിതാവ് പറയുന്നു.

മകനെ എത്രയും വേഗം തിരികെ കിട്ടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഹെൽപ് ഡെസ്ക് വഴിയും ഇറാനിലെ ഇന്ത്യൻ എംബസി വഴിയും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നിലവിൽ കുടുംബമുള്ളത്. വിദേശകാര്യ വകുപ്പിൻ്റെ സത്വര ഇടപെടൽ ഈ വിഷയത്തിൽ അനിവാര്യമാണ്.

കപ്പലിൽ കുടുങ്ങിയിട്ട് 40 ദിവസം

ഇറാനിൽ വളരെ പ്രയാസത്തിലാണ് മകൻ കഴിയുന്നതെന്ന് ജെറിൻ്റെ അമ്മ ലില്ലി പറഞ്ഞു. 40 ദിവസത്തോളമായി കപ്പലിൽ കുടുങ്ങിക്കിടക്കുകയാണ്. നിലവിൽ വരാൻ പറ്റാത്ത സാഹചര്യമാണുള്ളത്. മകനെ എത്രയും വേഗം നാട്ടിൽ എത്തിക്കാൻ അധികൃതർ കനിയണം എന്ന് അവർ ആവശ്യപ്പെട്ടു. കപ്പലിലെ സാഹചര്യങ്ങൾ അപകടത്തിലാണെങ്കിലും കുറച്ച് തവണ മകനുമായി ഫോണിൽ സംസാരിക്കാൻ സാധിച്ചിട്ടുണ്ട്. കപ്പലിൽ നിന്ന് നാട്ടിലേക്ക് വിളിക്കണമെങ്കിൽ പണം നൽകേണ്ട സാഹചര്യമാണുള്ളത്. ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

കപ്പലിൽ ഭക്ഷ്യവസ്തുക്കൾ കുറവായതിനാൽ എങ്ങനെയെങ്കിലും അതിജീവിക്കുകയാണെന്നും ജെറിൻ അറിയിച്ചിട്ടുണ്ട്. ഇൻ്റർനെറ്റ് സൗകര്യങ്ങളുടെ പരിമിതികൾ കാരണം വീഡിയോ കോൾ ചെയ്യാൻ സാധിക്കാത്തതിനാൽ മകനെ കാണാനും കഴിഞ്ഞിട്ടില്ല എന്നും ലില്ലി വ്യക്തമാക്കി.

മറ്റ് 11 മലയാളികളുടെ കുടുംബങ്ങളും സമാനമായ ആശങ്കയിലാണ് ഇപ്പോൾ കഴിയുന്നത്. കേന്ദ്ര സർക്കാർ നയതന്ത്ര തലത്തിൽ സമ്മർദം ചെലുത്തിയാൽ മാത്രമേ കപ്പലിലുള്ള ഇന്ത്യക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വരും ദിവസങ്ങളിൽ അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളുടെ കുടുംബങ്ങൾ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News