കെ സുധാകരൻ ഉയർത്തിവിട്ട മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം.
Thiruvananthapuram , 16 ഏപ്രില് (H.S.) കെ സുധാകരൻ ഉയർത്തിവിട്ട മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം. സുധാകരനെ തള്ളാതെ കെസി വേണുഗോപാൽ എത്തിയതോടെ ഇത് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയുള്ള നീക്കമായാണ് നേതാക്കളുടെ വിലയിരുത്തൽ. മുഖ്യമന്ത്രി സ
K C Venugopal


Thiruvananthapuram , 16 ഏപ്രില് (H.S.)

കെ സുധാകരൻ ഉയർത്തിവിട്ട മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം. സുധാകരനെ തള്ളാതെ കെസി വേണുഗോപാൽ എത്തിയതോടെ ഇത് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയുള്ള നീക്കമായാണ് നേതാക്കളുടെ വിലയിരുത്തൽ.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുമ്പ് രമേശ് ചെന്നിത്തലയെ നിർദേശിച്ച കെ സുധാകരൻ ഇപ്പോൾ കെസി വേണുഗോപാലിന് വേണ്ടിയാണ് വാദിക്കുന്നത്. പരസ്യ പ്രസ്താവന പാടില്ലെന്ന ഹൈക്കമാൻഡ് നിർദേശം അവഗണിച്ചാണ് സുധാകരൻ്റെ അഭിപ്രായപ്രകടനം. ഇതിന് പിന്തുണ നൽകുന്നതാണ് വേണുഗോപാലിൻ്റെ നീക്കങ്ങളെന്നും ആരോപണമുണ്ട്. വിഡി സതീശൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പരസ്യവിവാദം വേണ്ടെന്ന് കെസി

മുഖ്യമന്ത്രി ചർച്ചയിൽ സുധാകരനെ തിരുത്താതെയാണ് കെസി വേണുഗോപാൽ പ്രതികരിച്ചത്. സ്വന്തം അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും സുധാകരൻ മുതിർന്ന നേതാവാണെന്നും വേണുഗോപാൽ പറഞ്ഞു. എന്നാൽ പരസ്യവിവാദങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. മുഖ്യമന്ത്രി സ്ഥാനം പൊതുമധ്യത്തിൽ ചർച്ച ചെയ്യേണ്ട വിഷയമല്ല. തന്നെക്കുറിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്തത് കാര്യമാക്കുന്നില്ല. തീരുമാനിക്കേണ്ടവർ തീരുമാനിക്കട്ടെയെന്നും ഫലം വരുന്നത് വരെ കാത്തിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ പാർട്ടി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

ചർച്ചകൾ അസ്ഥാനത്തെന്ന് സണ്ണി ജോസഫ്

സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയെച്ചൊല്ലിയുള്ള ചർച്ചകൾ അസ്ഥാനത്താണെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. എല്ലാവരും വിജയപ്രതീക്ഷയിലാണ്. നാലാം തീയതിയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ മുഖ്യമന്ത്രി ആരാകണം എന്നതിലേക്ക് കടക്കേണ്ടതുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിന് വ്യക്തമായ സംഘടനാ സംവിധാനങ്ങളും കീഴ്വഴക്കങ്ങളുമുണ്ട്. തെരഞ്ഞെടുപ്പിൽ വിജയിച്ചുവരുന്ന എംഎൽഎമാരുടെ അഭിപ്രായങ്ങൾ ഹൈക്കമാൻഡ് പ്രതിനിധികൾ നേരിട്ടെത്തി ആരായും. ഇതിനുശേഷം ദേശീയ നേതൃത്വം ആലോചിച്ച് പ്രഖ്യാപിക്കുന്ന തീരുമാനമാകും അന്തിമം. ഹൈക്കമാൻഡ് തീരുമാനം ഒറ്റക്കെട്ടായി അംഗീകരിക്കുകയാണ് പതിവ്. ഈ കീഴ്വഴക്കത്തിനായി കാത്തുനിൽക്കണം. അതിനുമുമ്പായി ഇത്തരം ചർച്ചയിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെ ചില പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബോധപൂർവം പ്രചരിപ്പിക്കുന്നുണ്ട്. ഇത് ശരിയല്ലെന്നും ഇത്തരം പ്രചാരണങ്ങളിൽ ആരും കുടുങ്ങരുതെന്നും നേതൃത്വം മുന്നറിയിപ്പ് നൽകി. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്ന ഈ ഘട്ടത്തിൽ പലർക്കും വ്യത്യസ്ത അഭിപ്രായങ്ങളും നിർദേശങ്ങളും ഉണ്ടാകാം. എന്നാൽ അവയൊക്കെ തക്കസമയത്ത്, പാർട്ടി അനുവദിക്കുന്ന വേദികളിലാണ് ഉന്നയിക്കേണ്ടത്. പരസ്യമായി ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നത് അച്ചടക്കത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

കെസി വേണുഗോപാൽ ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഉയർത്തിക്കാട്ടി ഒരു വിഭാഗത്തിൻ്റെ ഭാഗത്തുനിന്നും ഫേസ്ബുക്ക് പോസ്റ്റുകൾ വന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ആരുടെ ഭാഗത്തുനിന്നായാലും ഇത്തരം പരസ്യ പ്രതികരണങ്ങൾ അസമയത്താണ്. മുതിർന്ന നേതാക്കൾക്ക് പോലും ഈ വിഷയത്തിൽ പ്രതികരിക്കേണ്ട സാഹചര്യമില്ല. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ ഹൈക്കമാൻഡ് വേദി ഒരുക്കുമെന്നും സ്വന്തം അഭിപ്രായങ്ങൾ അവിടെയാണ് തുറന്നുപറയേണ്ടതെന്നും നേതൃത്വം വ്യക്തമാക്കി. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കി ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കാനാണ് നിർദേശമെന്നും സണ്ണി ജോസഫ് പറഞ്ഞു.

അനാവശ്യ വിവാദമെന്ന് രമേശ് ചെന്നിത്തലമുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തികച്ചും അനാവശ്യമാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങൾ രേഖപ്പെടുത്തിയ വോട്ടുകൾ യന്ത്രത്തിൽ സുരക്ഷിതമാണ്. ജൂൺ നാലിന് ഫലം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണം. തെരഞ്ഞെടുപ്പ് വിജയത്തിനായി കാത്തിരിക്കുന്ന പ്രവർത്തകരുടെ മനോവീര്യം കെടുത്താൻ മാത്രമേ ഇത്തരം ചർച്ചകൾ സഹായിക്കൂ. ഫലം വന്ന ശേഷം കോൺഗ്രസ് ഹൈക്കമാൻഡും എംഎൽഎമാരും ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതാണ് പാർട്ടിയുടെ കീഴ്വഴക്കം. വ്യാജ അക്കൗണ്ടുകളിലൂടെയാണ് ചില പേരുകൾ പ്രചരിപ്പിക്കുന്നതെന്നും ആരും അതിൽ കുടുങ്ങരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

സതീശനുമായി ഭിന്നതകണ്ണൂരിൽ മത്സരിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാനുള്ള സുധാകരൻ്റെ നീക്കത്തിന് തടയിട്ടത് സതീശനാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. സിറ്റിങ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിൽ സതീശനാണെന്നും സുധാകരനെ വെട്ടുകയായിരുന്നു ലക്ഷ്യമെന്നും ഇവർ പറയുന്നു.

കണ്ണൂരിൽ ടിഒ മോഹനനെ സ്ഥാനാർഥിയാക്കിയതും സുധാകരൻ്റെ അഭിപ്രായം പരിഗണിക്കാതെയാണ്. മുമ്പും സുധാകരനും സതീശനും തമ്മിൽ പരസ്യമായ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് സതീശൻ പറഞ്ഞിരുന്നു. ഇതിനോട് പരിഹാസ രൂപേണയാണ് സുധാകരൻ പ്രതികരിച്ചത്.

സതീശന് ഒളിയമ്പ്വിഡി സതീശനെതിരെ ഒളിയമ്പെയ്തും കെസി വേണുഗോപാലിനെ പുകഴ്ത്തിയുമാണ് സുധാകരൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അനിഷേധ്യനായ സംഘാടകനും ശക്തനായ നേതാവുമാണ് കെസി വേണുഗോപാലെന്നാണ് കുറിപ്പിലെ വിശേഷണം. ദേശീയ തലത്തിൽ നിർണായക ചുമതലകൾ നിർവഹിച്ച് രാഹുൽ ഗാന്ധിക്ക് കരുത്തുപകരുമ്പോഴും അദ്ദേഹത്തിൻ്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തെളിയിച്ചതായി സുധാകരൻ പറയുന്നു.

സംസ്ഥാനത്തെ പ്രവർത്തകരെ ഉണർത്തിയും സ്ഥാനാർഥികൾക്ക് ആത്മവിശ്വാസം പകർന്നും പാർട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി കെസി പ്രവർത്തിച്ചു. ഇത് സംഘടനാ മികവിൻ്റെ തെളിവാണെന്നും കുറിപ്പിലുണ്ട്. നേതാവിൻ്റെ മഹത്വം പദവികളിലല്ല, പ്രവർത്തന പാരമ്പര്യത്തിലാണെന്നാണ് പോസ്റ്റിൽ പറയുന്നത്. താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്നുവരുന്ന നേതാവിന് മാത്രമേ പ്രവർത്തകരുടെ മനസ്സ് അറിയാനും പ്രതീക്ഷകൾക്ക് മറുപടി നൽകാനും കഴിയൂ എന്ന വരികൾ സതീശനെ ലക്ഷ്യമാക്കിയുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു.

കെ കരുണാകരൻ, എകെ ആൻ്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയ മുൻ നേതാക്കളുടെ പാത പിന്തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിക്കാൻ കെസി വേണുഗോപാലിന് കഴിയുമെന്നും സുധാകരൻ കുറിച്ചു. എന്നാൽ രമേശ് ചെന്നിത്തലയെക്കുറിച്ച് പോസ്റ്റിൽ പരാമർശമില്ല.

പാർട്ടിയോടുള്ള ആത്മാർഥതയും പ്രതിസന്ധികളിൽ പിന്നോട്ടില്ലാത്ത നിലപാടും പ്രവർത്തകരോടുള്ള വിനയവും കെസിയെ വ്യത്യസ്തനാക്കുന്നു. അതിനിടെ പോസ്റ്റിന് താഴെ രൂക്ഷമായ സൈബർ ആക്രമണത്തെ തുടർന്ന് കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൻ്റെ കമൻ്റ് ബോക്സ് പൂട്ടി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News