Enter your Email Address to subscribe to our newsletters

Thiruvananthapuram , 16 ഏപ്രില് (H.S.)
വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. മുക്കോല പോർട്ട് പാലസ് ബാറിന് സമീപമുണ്ടായ തർക്കത്തെത്തുടർന്നാണ് ദാരുണമായ കൊലപാതകം. വിഴിഞ്ഞം സ്വദേശിയായ സുമൻ (38) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരങ്ങളുൾപ്പെടെ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബാറിനുള്ളിൽ മദ്യപിക്കുന്നതിനിടെ പ്രതികളായ അച്ചു, അനന്തു എന്നിവരും സുഹൃത്തുക്കളും അടങ്ങുന്ന സംഘം ഷാൻ എന്നയാളുമായി വാക്കേറ്റമുണ്ടാക്കി. ഈ തർക്കം പരിഹരിക്കാനും അക്രമം തടയാനുമായി സുമൻ ഇടപെട്ടതാണ് പ്രകോപനത്തിന് കാരണമായത്. സുമൻ്റെ ഇടപെടലിൽ പ്രകോപിതരായ സംഘം ഇയാൾക്ക് നേരെ തിരിയുകയായിരുന്നു. മർദനം സഹിക്കാനാവാതെ ബാറിൽനിന്ന് റോഡിലേക്ക് ഓടിയ സുമനെ പ്രതികൾ പിന്തുടർന്ന് ആക്രമിച്ചു.
മർദിച്ചത് ക്രൂരമായി
റോഡിൽ വീണ സുമനെ പ്രതികൾ വളഞ്ഞിട്ട് അതിക്രൂരമായി മർദിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും മുഖത്തും തലയിലും ഇടിയ്ക്കുകയും ചെയ്തു. ബോധരഹിതനായിട്ടും പ്രതികൾ ആക്രമണം തുടർന്നു. സുമൻ മരിച്ചുപോകുമെന്ന് കണ്ടുനിന്നവർ വിളിച്ചുപറഞ്ഞിട്ടും അക്രമികൾ പിന്മാറിയില്ല. അച്ചു, അനന്തു എന്നീ സഹോദരങ്ങളാണ് പ്രധാനമായും മർദിച്ചത്. ഒപ്പമുണ്ടായിരുന്ന സൂര്യജിത്ത്, കൃഷ്ണപ്രസാദ് എന്നിവർ തടയാൻ ശ്രമിക്കാതെ മൊബൈൽ ഫോണിൽ മർദന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇതിൻ്റെ സിസിടിവി, മൊബൈൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അരമണിക്കൂറോളം നീണ്ട മർദനത്തിന് ശേഷം അവശനിലയിലായ സുമനെ റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. പിന്നീട് പന്ത്രണ്ടുമണിയോടെ അതുവഴി ബൊലേറോ കാറിൽ വന്നവരാണ് റോഡരികിൽ കിടന്ന സുമനെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ അച്ചു, അനന്തു, സൂര്യജിത്ത്, കൃഷ്ണപ്രസാദ് എന്നിവർ പിടിയിലായത്.
പ്രതികൾ എല്ലാവരും അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകം, സംഘം ചേർന്നുള്ള ആക്രമണം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബാറിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. ഇത്രയും ക്രൂരമായ കൊലപാതകം നടന്നത് പ്രദേശവാസികളെയും ഞെട്ടിച്ചു. ഒരു മനുഷ്യനെ നടുറോഡിലിട്ട് തല്ലിക്കൊല്ലുന്ന സാഹചര്യം ഉണ്ടായിട്ടും ആരും തടയാൻ തയ്യാറാകാതിരുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR