Enter your Email Address to subscribe to our newsletters

Kannur, 16 ഏപ്രില് (H.S.)
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ആരോഗ്യ സർവകലാശാലയുടെ ഉന്നതതല അന്വേഷണം വ്യാഴാഴ്ച ആരംഭിച്ചു. സർവകലാശാല ഭരണസമിതിയംഗം മേജർ ജനറൽ അജിത് നീലകണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോളജിലെത്തിയത്. നിതിൻ രാജിന്റെ സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും സംഘം നേരിട്ട് വിവരങ്ങൾ ശേഖരിക്കും.
ക്യാമ്പസിൽ പ്രതിഷേധം ഇരമ്പുന്നു
നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ അവധി നൽകി വീട്ടിലേക്ക് അയച്ചിരുന്ന ഒന്ന് മുതൽ മൂന്ന് വരെ വർഷങ്ങളിലെ വിദ്യാർത്ഥികൾ ഇന്ന് ക്യാമ്പസിൽ തിരിച്ചെത്തി. എന്നാൽ, നിതിനെ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ കോളജിൽ നിന്നും സ്ഥിരമായി പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർത്ഥികൾ. ഇവർ ക്യാമ്പസിനുള്ളിൽ ശക്തമായ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. ഡോ. റാം, ഡോ. സംഗീത എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമെ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരവും (SC/ST Act) പൊലീസ് കേസ് എടുത്തിട്ടുണ്ട്.
രാഷ്ട്രീയ പ്രതിഷേധങ്ങൾ
പ്രതിചേർക്കപ്പെട്ട അധ്യാപകരുടെ അറസ്റ്റ് വൈകുന്നതിനെതിരെ വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളാണ് കണ്ണൂരിൽ അരങ്ങേറുന്നത്. യൂത്ത് ലീഗ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചു. കൂടാതെ, ഡോ. റാമിന്റെ എടക്കാടുള്ള സ്വകാര്യ ദന്തൽ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐയും മാർച്ച് നടത്തും. മനുഷ്യാവകാശ കമ്മീഷനും യുവജന കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്ത് റിപ്പോർട്ട് തേടിയിട്ടുണ്ട്.
മുൻ വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ
അഞ്ചരക്കണ്ടി ദന്തൽ കോളജിൽ അധ്യാപകരിൽ നിന്ന് വർഷങ്ങളായി വിദ്യാർത്ഥികൾ ക്രൂരമായ മാനസിക പീഡനം അനുഭവിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി അലുമിനി അസോസിയേഷനും രംഗത്തെത്തി. തങ്ങൾക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇവർ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും സർവകലാശാല രജിസ്ട്രാർക്കും കത്തയച്ചു. സമഗ്രമായ അന്വേഷണം നടത്തി ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
നിതിൻ നേരിട്ട വിവേചനം
കഴിഞ്ഞ നവംബറിൽ പ്രവേശനം നേടിയ നിതിൻ രാജിന് ഹോസ്റ്റലിൽ മുറി നൽകാതെ 'സിക്ക് റൂമിലാണ്' താമസം അനുവദിച്ചിരുന്നത്. പ്രവേശനം നേടാൻ വൈകിയെന്ന വിചിത്രമായ കാരണമാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഇത് മനപ്പൂർവ്വമായ മാറ്റിനിർത്തലാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നിതിൻ താമസിച്ചിരുന്ന ഈ മുറി പൊലീസ് നിലവിൽ സീൽ ചെയ്തിരിക്കുകയാണ്. അധ്യാപകരുടെ ജാതി അധിക്ഷേപവും സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗും അന്വേഷണ പരിധിയിൽ ഉൾപ്പെടുമെന്ന് അസിസ്റ്റന്റ് കമ്മീഷണർ ആർ. ഹരിപ്രസാദ് അറിയിച്ചു.
ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷണർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. നീതി ലഭിക്കും വരെ സമരം തുടരാനാണ് വിദ്യാർത്ഥികളുടെയും വിവിധ സംഘടനകളുടെയും തീരുമാനം.
---------------
Hindusthan Samachar / Roshith K