Enter your Email Address to subscribe to our newsletters

Kannur, 17 ഏപ്രില്‍ (H.S.)
കണ്ണൂർ അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ.നിതിൻരാജ് ആശുപത്രിക്കെട്ടിടത്തിൽനിന്നു ചാടിമരിച്ച സംഭവത്തിൽ പോലീസ് നടപടികൾ മുന്നോട്ട്. നിതിന് ലോൺ നൽകിയ ‘ഇന്‍സ്റ്റ പേ ലോൺ’ ആപ്പിനെതിരെ കേസെടുത്തു. ബിഎൻഎസ് 308 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. 36% പലിശയ്ക്കാണു നിതിന് 15000 രൂപ വായ്പ നൽകിയതെന്ന് എഫ്ഐആറിൽ പറയുന്നു. തുക തിരിച്ചു പിടിക്കുന്നതിനായി ലോൺ ആപ്പുകാർ ഫോണിലൂടെ നിതിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പ്രതിസന്ധിയിലാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.
നിതിന്റെ മരണത്തിൽ ആരോപണവിധേയനായ ഓറൽ പതോളജി ആൻഡ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. എം.കെ.റാമിനെ കോളജിൽനിന്നു കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട ഡോ.സംഗീത നമ്പ്യാർക്കെതിരെയും വിദ്യാർഥികൾ പരാതി ഉന്നയിച്ച മറ്റൊരു അധ്യാപകനെതിരെയും അന്വേഷണശേഷം നടപടി സ്വീകരിക്കുമെന്ന് കോളജ് അധികൃതർ വിദ്യാർഥികൾക്ക് ഉറപ്പുനൽകി.
നിതിൻരാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഴുവൻ വിദ്യാർഥികളും ഇന്നലെ ക്യാംപസിനു മുന്നിൽ വൈറ്റ് കോട്ട് ഊരി പ്രതിഷേധിച്ചിരുന്നു. വിദ്യാർഥികളും രക്ഷിതാക്കളും മാനേജ്മെന്റിന് കത്തും നൽകി. കോളജിൽ 20ന് ബിഡിഎസ് ക്ലാസുകൾ പുനരാരംഭിക്കും. ഒളിവിൽപോയ ഡോ. റാമിനെയും ഡോ.സംഗീതയെയും കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) കഴിഞ്ഞിട്ടില്ല. ഇരുവരുടെയും മൊബൈൽ ഫോണുകൾ ഓഫാണെന്നും ലൊക്കേഷൻ കണ്ടെത്താനായിട്ടില്ലെന്നും എസ്ഐടി പറയുന്നു
---------------
Hindusthan Samachar / Sreejith S