നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ കേരളം വിട്ടതോടെ നിർമ്മാണ മേഖല ഉൾപ്പെടെയുള്ളവ പ്രതിസന്ധിയിൽ.
Thiruvananthapuram , 18 ഏപ്രില് (H.S.) നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ കേരളം വിട്ടതോടെ നിർമ്മാണ മേഖല ഉൾപ്പെടെയുള്ളവ പ്രതിസന്ധിയിൽ. ബംഗാൾ, അസം സ്വദേശികളാണ് കൂട്ടത്തോടെ കേരളം വിട്ടത്. കേരളത്തിലെ തൊഴിൽ മേഖലയിൽ നിർണായ
Election


Thiruvananthapuram , 18 ഏപ്രില് (H.S.)

നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ കേരളം വിട്ടതോടെ നിർമ്മാണ മേഖല ഉൾപ്പെടെയുള്ളവ പ്രതിസന്ധിയിൽ. ബംഗാൾ, അസം സ്വദേശികളാണ് കൂട്ടത്തോടെ കേരളം വിട്ടത്. കേരളത്തിലെ തൊഴിൽ മേഖലയിൽ നിർണായകപങ്ക് വഹിക്കുന്ന അതിഥി തൊഴിലാളികളുടെ അഭാവം സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിൽ സംസ്ഥാന ആസൂത്രണ വകുപ്പ്. തൊഴിലാളികളുടെ അഭാവം മൂലം ഹോട്ടൽ വ്യവസായം പ്രതിസന്ധിയിലെന്ന് ഉടമകൾ.

കേരളത്തിലുള്ളത് 30 ലക്ഷത്തോളം പേർ

കേരളത്തില് വിവിധ മേഖലകളിലായി 25- 30 ലക്ഷത്തോളം അതിഥി തൊഴിലാളികളാണ് പണിയെടുക്കുന്നത്. കൂടുതലും നിർമ്മാണ മേഖലയിലും ചെറുകിട വ്യാപാര മേഖലയിലുമാണ് ഏര്പ്പെട്ടിരിക്കുന്നത്. എറണാകുളം ജില്ലയിൽ മാത്രം ഏകദേശം 4-6 ലക്ഷം അതിഥി തൊഴിലാളികളാണ് വിവിധ മേഖലകളിലായി തൊഴില് ചെയ്യുന്നത്. ഒരുവർഷം കേരളത്തിൽ നിന്നും അവര് സമ്പാദിക്കുന്നത് 25,000- 35,000 കോടിയോളം രൂപയാണ്. സ്വന്തം നാട്ടിലേക്ക് പ്രതിവർഷം അയക്കുന്നത് 8,000- 10,000 കോടിരൂപയും കേരളത്തിൽ ചെലവഴിക്കുന്നത് 15,000 കോടിരൂപയാണ്.

അതിഥി തൊഴിലാളികള്ക്ക് കേരളം വെൽഫെയർ മാഗ്നെറ്റ് സ്റ്റേറ്റ്

കേരളത്തിലെ സമ്പദ് വ്യവസ്ഥ നിലനിർത്തുന്നതിൽ അതിഥി തൊഴിലാളികൾക്ക് നിർണായ പങ്കാണുള്ളതെന്ന് സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ കെ രവിരാമൻ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാൾ, അസം, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് മടങ്ങിപ്പോയ അവരെല്ലാം തിരിച്ചു വരുമെന്ന പ്രതീക്ഷയാണുള്ളത്. കാരണം കേരളത്തിലെ അവരുടെ ജീവിത, സാമൂഹിക അന്തരീക്ഷം മെച്ചപ്പെട്ടതാണ്.

അവരുടെ നാട്ടിൽ ലഭിക്കുന്നതിനേക്കാൾ ഇരട്ടിയിലധികം ശമ്പളമാണ് കേരളത്തിൽ കിട്ടുന്നത്. ഒരു 'വെൽഫെയർ മാഗ്നെറ്റ് സ്റ്റേറ്റ്' ആയാണ് കേരളത്തെ അവർ കാണുന്നത്. എസ്ഐആറിലെ ആശങ്ക മൂലമാണ് അവർ മടങ്ങിയതെന്ന് വിശ്വസിക്കുന്നില്ല.

അവരുടെ അഭാവം മലയാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കേരളത്തിൽ തൊഴിലില്ലായ്മ 50 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ഏതു തൊഴിലിനുമുള്ള മഹത്വം അംഗീകരിക്കാൻ മലയാളികൾക്കുള്ള ബുദ്ധിമുട്ട് മാറ്റിവക്കണമെന്നും ഡോ കെ രവിരാമൻ പറഞ്ഞു.

കഴിഞ്ഞ 15 വർഷമായി ജോലി ചെയ്യുന്ന ഇതര സംസ്ഥാനത്തു നിന്നുള്ള 12 പേരാണ് അവധി പോലും പറയാതെ ഹോട്ടലിൽ നിന്നും പോയതെന്ന് പാളയത്തുള്ള താജ് ഹോട്ടൽ ഉടമ സ്വരൂപ് അഷ്റഫ് പറഞ്ഞു. 1955 ൽ ആരംഭിച്ച ഹോട്ടലാണിത്. ജീവനക്കാരുടെ വിഷയത്തിൽ ഇത്രയും പ്രതിസന്ധി നേരിടുന്നത് ഇതാദ്യമായാണ്. പോയവർ തിരിച്ചു വരുമോയെന്ന് യാതൊരു ഉറപ്പുമില്ല. മലയാളികൾക്ക് ജോലി ചെയ്യാൻ താൽപര്യമില്ലെന്നും സ്വരൂപ് അഷ്റഫ് പറഞ്ഞു.

എറണാകുളത്തും സമീപ പ്രദേശങ്ങളിലുമായുള്ള 700 ലധികം പ്ലൈവുഡ് ഫാക്ടറികളിൽ നാലിലൊന്നെങ്കിലും പൂർണമായി നിർത്തി. മുൻപ് ഏറ്റിട്ടുള്ള ഓർഡറുകൾ കൊടുത്തു തീർക്കേണ്ടതുകൊണ്ട് ഏതുവിധത്തിലും ഫാക്ടറി ഓടിച്ചു കൊണ്ടുപോകാനാണ് പലരും ശ്രമിക്കുന്നത്. രണ്ടു മാസം മുൻപ് ആസമിലേക്കു മടങ്ങിപ്പോയവർ അവിടുത്തെ തെരഞ്ഞെടുപ്പു കഴിഞ്ഞതിനാൽ തിരികെ വന്നു തുടങ്ങിയിട്ടുണ്ട്.

29 ന് ബംഗാൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മേയ് അവസാനമോ ജൂൺ ആദ്യമോ പെരുന്നാളു കൂടി കഴിഞ്ഞായിരിക്കും അവിടെ നിന്നുള്ളവർ എത്തുക. അതുവരെ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് കടയുടമകൾ. ശരാശരി 600- 800 രൂപയാണ് പ്ലൈവുഡ് ഫാക്ടറികളിൽ ജോലി ചെയ്യുന്നവരുടെ ദിവസ ശമ്പളം. 150 പേരെങ്കിലും ഓരോ ഫാക്ടറിയിലും ജോലി ചെയ്യുന്നുണ്ട്. അസം, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും. വലിയൊരു ശതമാനം ഇതര സംസ്ഥാനക്കാരും കുടുംബങ്ങളെയും കൂട്ടി കേരളത്തിൽ ജീവിക്കുന്നവരാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News