ഫോര്ട്ട് കൊച്ചി-വൈപ്പിൻ റോ-റോ സര്വീസ്; കാര്യക്ഷമമായി പ്രവര്ത്തിപ്പിച്ചാല് ലാഭമെന്ന് നിര്ണായക റിപ്പോര്ട്ട്
Ernakulam , 18 ഏപ്രില് (H.S.) ഫോർട്ട് കൊച്ചി-വൈപ്പിൻ റോ-റോ സർവീസ് ഒരു നിർണായക ഘട്ടത്തിലാണ്. ഓഡിറ്റ് റിപ്പോർട്ടുകളും പുതിയ മൊബിലിറ്റി പഠനങ്ങളും ഈ സർവീസ് നഷ്ടത്തിലാണെന്ന് പറയുന്നു. എന്നാല് ഏറ്റവും ഒടുവില് വന്ന റിപ്പോർട്ട് അനുസരിച്ച് മെച്ചപ്പെട്ട നട
Fort Kochi-Vypin Ro-Ro


Ernakulam , 18 ഏപ്രില് (H.S.)

ഫോർട്ട് കൊച്ചി-വൈപ്പിൻ റോ-റോ സർവീസ് ഒരു നിർണായക ഘട്ടത്തിലാണ്. ഓഡിറ്റ് റിപ്പോർട്ടുകളും പുതിയ മൊബിലിറ്റി പഠനങ്ങളും ഈ സർവീസ് നഷ്ടത്തിലാണെന്ന് പറയുന്നു.

എന്നാല് ഏറ്റവും ഒടുവില് വന്ന റിപ്പോർട്ട് അനുസരിച്ച് മെച്ചപ്പെട്ട നടത്തിപ്പിലൂടെ ലാഭകരമാക്കാൻ സാധിക്കുമെന്നാണ് വ്യക്തമാവുന്നത്. ഈ കണ്ടെത്തലുകള് പദ്ധതിയുടെ ഭാവിയില് ഏറെ നിർണായകമാകും എന്നാണ് വിലയിരുത്തല്.

കൊച്ചി കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിച്ച പുതിയ റിപ്പോർട്ടിലാണ് നിലവില് കോർപ്പറേഷന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന റോ-റോ സേവനത്തെക്കുറിച്ച് പ്രധാനപ്പെട്ട കണ്ടെത്തലുകളുകള് അടങ്ങിയിരിക്കുന്നത്. ഇവ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുകയാണെങ്കില് ലാഭകരമാക്കാൻ കഴിയുമെന്നാണ് കണ്ടെത്തല്

കൊച്ചി കോർപ്പറേഷനും കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെഎസ്ഐഎൻസി) തമ്മിലുള്ള കരാറിനെക്കുറിച്ചുള്ള ഓഡിറ്റ്, ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി ഉള്പ്പെടെ പരിശോധിചോറൂണ്. സർവീസ് കോർപ്പറേഷന് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്നതായി ഓഡിറ്റർമാർ കണ്ടെത്തി. കാര്യക്ഷമമായും സുതാര്യമായും നടത്തിയാല്, വ്യക്തമായ വരുമാനം-ചെലവ് റിപ്പോർട്ടിംഗിലൂടെ ലാഭകരമാക്കാമെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.

വരുമാനം, ചെലവ് എന്നിവ സംബന്ധിച്ച് കെഎസ്ഐഎൻസി സമർപ്പിച്ച കണക്കുകളില് ക്രമക്കേടുകള് കണ്ടെത്തിയെന്നും റിപ്പോർട്ടുകള് സൂചിപ്പിച്ചിരുന്നു. നഷ്ടം നികത്താൻ കോർപ്പറേഷൻ വലിയ തുകകള് നല്കാൻ നിർബന്ധിതരാകുകയാണ്. വാർഷിക ഡോക്കിംഗ് ഉള്പ്പെടെയുള്ള അറ്റകുറ്റപ്പണികള്ക്ക് വലിയ ചെലവുണ്ട്, ഇത് നഗരസഭയാണ് വഹിക്കുന്നതെന്നും കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയിരുന്നു.

സാധ്യത റിപ്പോർട്ടിനെ അടിസ്ഥാനമാക്കി, കൊച്ചി കോർപ്പറേഷൻ പ്രധാന തീരുമാനങ്ങള് പരിഗണിക്കുന്നുണ്ട്. കെഎസ്ഐഎൻസിയുമായുള്ള കരാർ അവസാനിപ്പിക്കുക എന്നതാണ് പ്രധാന തീരുമാനങ്ങളില് ഒന്ന്. റോ-റോ പ്രവർത്തനങ്ങള് കൊച്ചി വാട്ടർ മെട്രോയ്ക്ക് കൈമാറുകയോ, അല്ലെങ്കില് പുതിയ സ്വകാര്യ/പൊതു ഓപ്പറേറ്ററെ കണ്ടെത്താൻ ടെൻഡറുകള് ക്ഷണിക്കുകയോ ചെയ്തേക്കും.

പ്രവർത്തനപരമായ സമ്മർദ്ദം വേഗത്തിലുള്ള തീരുമാനങ്ങള്ക്ക് പ്രേരിപ്പിക്കുന്നു. രണ്ട് റോ-റോ ഫെറികളില് ഒന്ന് ഫെബ്രുവരിയില് ഡ്രൈ ഡോക്കിംഗിനായി പോകുന്നതോടെ ശേഷി കുറയും. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡില് നിന്ന് 18 കോടിക്ക് (2024 നവംബർ 13-ന് കരാർ, 18 മാസം കാലാവധി) ഓർഡർ ചെയ്ത മൂന്നാമത്തെ ഷിപ്പ് ഇനിയും ലഭ്യമായിട്ടില്ല. ഇത് വൈപ്പിൻ യാത്രക്കാർക്ക് നീണ്ട ക്യൂവിനും കാലതാമസത്തിനും ഇടയാക്കും.

റിപ്പോർട്ടില് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും പ്രധാന ആശങ്കകളാണ്. അടുത്തിടെ ഫോർട്ട് കൊച്ചിക്ക് സമീപം ഒരു റോ-റോ കപ്പല് ബാർജുമായി കൂട്ടിയിടിച്ചിരുന്നു. ഭാഗ്യവശാല് ആർക്കും പരിക്കേറ്റില്ല. എന്നാല്, റോ-റോ ജെട്ടിയുടെ നടപ്പാത ശോചനീയമായ അവസ്ഥയിലാണെന്ന് പലരും പരാതി ഉന്നയിക്കുന്നുണ്ട്.

സ്ഥിരം യാത്രക്കാർ റോ-റോയുടെ മികച്ച പ്രവർത്തനത്തിനായി പുതിയ സംവിധാനം ആവശ്യപ്പെടുന്നു. റോ-റോ, ഫെറി സർവീസുകള്ക്കായി ഒരു സ്പെഷ്യല് പർപ്പസ് വെഹിക്കിള് (എസ്പിവി) രൂപീകരിക്കണമെന്ന് വൈപ്പിൻ-ഫോർട്ട് കൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില് അതിനാണ് എല്ലാവരുടെയും പിന്തുണ.

കൂടുതല് വരുമാനം ലക്ഷ്യമിട്ട് അസോസിയേഷൻ പുതിയ റൂട്ടിംഗും നിർദ്ദേശിക്കുന്നു. ഫോർട്ട് ക്വീൻ ബോട്ടുകളുടെ റൂട്ട് ഗോശ്രീ ജംഗ്ഷനിലേക്ക് വ്യാപിപ്പിക്കണം. ഗോശ്രീ, വൈപ്പിൻ, ഫോർട്ട് കൊച്ചി എന്നിവയെ ബന്ധിപ്പിക്കുന്നത് കൂടുതല് യാത്രക്കാരെ ആകർഷിക്കും. ഇത് സേവനങ്ങളെ നഷ്ടത്തില് നിന്ന് ലാഭകരമാക്കാൻ സഹായിക്കുമെന്നും അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News