Enter your Email Address to subscribe to our newsletters

Kannur , 18 ഏപ്രില് (H.S.)
അഞ്ചരക്കണ്ടി ഡെൻ്റൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഓൺലൈൻ ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്നുപേർ പിടിയിൽ. ഉത്തർപ്രദേശിലെ നോയിഡയിൽനിന്നാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഗാസിയാബാദ് സ്വദേശി ഋഷികേശ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് കേവൽ, ഹരിയാനയിലെ ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്. സൈബർ പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം നോയിഡയിലെത്തി അതിസാഹസികമായാണ് പ്രതികളെ വലയിലാക്കിയത്. ഒരു ഐടി പാർക്കിന് സമാനമായ രീതിയിൽ ഓഫീസ് സജ്ജമാക്കിയാണ് ഇവർ തട്ടിപ്പ് കേന്ദ്രം നടത്തിയിരുന്നത്.
വിദ്യാർഥി ലോൺ ആപ്പ് വഴി കടമെടുക്കുകയും പിന്നീട് തിരിച്ചടയ്ക്കാൻ സാധിക്കാതെ വരികയും ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നിതിൻ്റെ ഫോണിലെ കോൺടാക്റ്റ് വിവരങ്ങൾ ചോർത്തിയ പ്രതികൾ കോളജിലെ ലത എന്ന അധ്യാപികയുടെ ഫോൺ നമ്പറിലേക്ക് നിരന്തരം വിളിക്കുകയും മെസേജ് അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ നിതിനെ ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ പിടിച്ചുവെക്കുകയും ചെയ്തു. ഇതിന് പിന്നാലെയുണ്ടായ കടുത്ത മാനസിക സമ്മർദത്തെ തുടർന്നാണ് നിതിൻ ജീവനൊടുക്കിയത്.
മുപ്പത്തിയാറ് ശതമാനത്തിലധികം പലിശ ഈടാക്കിയാണ് ആപ്പ് വഴി ഇവർ പണം നൽകിയിരുന്നത്. പണം തിരിച്ചടയ്ക്കാത്തവരെ ഭീഷണിപ്പെടുത്താനായി പത്തുമുതൽ മുപ്പത്തിയഞ്ച് വരെ സിം കാർഡുകൾ ഒരേസമയം പ്രവർത്തിപ്പിക്കാൻ കഴിയുന്ന ആധുനിക മൊബൈൽ സംവിധാനങ്ങൾ പ്രതികൾ ഉപയോഗിച്ചിരുന്നു. വ്യത്യസ്ത നമ്പറുകളിൽനിന്ന് നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു ഇവരുടെ രീതി.
അധ്യാപികയുടെ നമ്പർ പ്രതികൾക്ക് എങ്ങനെ ലഭിച്ചു എന്നതിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നിതിൻ റഫറൻസായി നൽകിയതാണോ അതോ ഫോൺ ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തിയതാണോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. പ്രതികൾക്കെതിരെ ഐടി ആക്ട്, ഭീഷണിപ്പെടുത്തി പണം തട്ടൽ, ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
അധ്യാപകർക്കെതിരെയും കേസ്
അതേസമയം നിതിൻ്റെ മരണത്തിൽ കോളജ് അധികൃതർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. അധ്യാപകർക്കെതിരെ ജാതീയമായ അധിക്ഷേപം അടക്കമുള്ള ആരോപണങ്ങൾ നിതിൻ്റെ കുടുംബം ഉന്നയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കോളജിലെ അധ്യാപകരായ ഡോ. രാമു, സംഗീത എന്നിവർക്കെതിരെ എസ്സി എസ്ടി അതിക്രമ നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇരുവരും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ലോൺ ആപ്പ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പുറമെ വിദ്യാർഥിക്ക് കോളജിൽനിന്ന് നേരിടേണ്ടിവന്ന മാനസിക പീഡനങ്ങളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. വിദ്യാർഥികളിൽനിന്നും മറ്റ് അധ്യാപകരിൽനിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR